Samithy

Samithy

Monday, October 4, 2010

പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മയുടെ അനുസ്മരണം


കഥകളി പ്രേമികള്‍ക്ക് അതി പ്രിയങ്കരന്‍ ആയിരുന്ന ശ്രീ.
ചെന്നിത്തല ചെല്ലപ്പന്‍ പിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ടു അധികം നാളുകളായിട്ടില്ല (31-10-1998).  കഥകളിയിലെ ചില രംഗങ്ങള്‍ കാണുമ്പോള്‍ അവര്‍ അദ്ദേഹത്തെ ഓര്‍ക്കാതിരിക്കുകയില്ല. അദ്ദേഹം കെട്ടിയിരുന്ന വേഷങ്ങള്‍ പലതും അതേ നിലവാരത്തിലും തന്മയത്വത്തിലും കെട്ടിയാടി ഫലിപ്പിക്കുവാന്‍ ഇന്നു മറ്റൊരു നടനും കഴിയുന്നില്ലാ എന്ന വാസ്തവം ചെന്നിത്തലയുടെ സ്മരണയെ ഉദ്ദീപിക്കുന്നു.
 

കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന് ശേഷം ഹംസത്തെ അതി വിദഗ്ദമായി അവതരിപ്പിച്ചു പോന്ന രണ്ടു നടന്മാരാണ് ഓയൂര്‍ കൊച്ചുഗോവിന്ദ പിള്ളയും ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയും. രണ്ടു പേര്‍ക്കും പണിക്കര്‍ ആശാനോട് വിധേയത്വം ഉണ്ട്. ഔചിത്യതിലും  മനോധര്‍മ്മത്തിലും  രസികത്വത്തിലും ഇവര്‍ രണ്ടുപേരും ഏതാണ്ട് അതേ നിലവാരവും ശൈലിയും കാത്തു സൂക്ഷിച്ചു. ഒയൂരിന്റെ വേഷത്തിനു ഒതുക്കവും അഭിനയത്തിന് മിതത്വവും ഏറും. ചുറു ചുറുക്കും ചില പൊടിക്കൈകള്‍ കൊണ്ടുള്ള പ്രയോഗവും മനോധര്‍മ്മ വിലാസവും കൊണ്ട് ചെന്നിത്തലയും പ്രേക്ഷകപ്രീതി നേടി. പ്രസരിപ്പ് മറ്റ് അധികം നടന്മാരില്‍ കണ്ടിട്ടില്ല. വീരരസത്തിനു ഏറ്റവും അനുയോജ്യമാണത്‌.  

ഹംസം മാത്രമല്ല, കഥകളിയില്‍ പച്ച, കരി, മിനുക്ക്‌ എന്നീ വിഭാഗങ്ങളില്‍ പെട്ട പ്രധാന വേഷങ്ങളെല്ലാം വളരെ ഹൃദ്യമായി ചെല്ലപ്പന്‍ പിള്ള അവതരിപ്പിച്ചിരുന്നു. അദ്ദേഹം കെട്ടിയ നിഴല്‍കുത്തിലെ മന്ത്രവാദി കഥകളി പ്രേമികള്‍ക്ക് ഒരു ഹരം ആയിരുന്നു. കിരാതത്തിലെയും സന്താനഗോപലത്തിലെയും അര്‍ജുനന്‍, ബകവധത്തിലെയും കല്യാണ സൌഗന്ധികത്തിലെയും  ഭീമസേനന്‍, നളചരിതത്തിലെ പുഷ്ക്കരന്‍, ദേവയാനിചരിതത്തിലെ കചന്‍, ഹരിച്ചന്ദ്രചരിതത്തിലെ ഹരിചന്ദ്രന്‍, കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍, എല്ലാ കഥകളിലെയും ശ്രീകൃഷ്ണന്‍, ശ്രീരാമന്‍  എന്നിവയെല്ലാം കേള്‍വികേട്ട പച്ച വേഷങ്ങളില്‍പെടും.  

ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ളയോടൊപ്പം ഒരിക്കല്‍  കോട്ടയം സി. എം. സി. കോളേജില്‍ വെച്ച് നടന്ന കഥകളിയില്‍ ചെന്നിത്തല പങ്കെടുക്കുകയുണ്ടായി.  ചെന്നിത്തലയുടെ ഗുരുനാഥന്‍ കൂടിയാണ് ചെങ്ങന്നൂര്‍. ആശാന്റെ ഹനുമാനും ശിഷ്യന്റെ ഭീമസേനനും ശ്രീ. എം.കെ.കെ. നായര്‍, ആ കല്യാണ സൌഗന്ധികം തീരുന്നതുവരെ അത്യധികം ആസ്വദിച്ചുകൊണ്ട് മുന്‍നിരയില്‍ഇരിപ്പുണ്ടായിരുന്നു. 

ഒരിക്കല്‍ തിരുനക്കര മഹാദേവക്ഷേത്രസന്നിധിയില്‍ വെച്ചു നടന്ന കഥകളിയില്‍ സീതാ സ്വയംവരത്തില്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെ പരശുരാമനും ചെന്നിത്തലയുടെ ശ്രീരാമനും ആയിരുന്നു. ചെല്ലപ്പന്‍ പിള്ളയുടെ ആട്ടത്തിന് ആയിരുന്നു ആന്നു സദസ്യരില്‍ നിന്നും കൂടുതല്‍ കയ്യടി കിട്ടിയത്.
കൃഷ്ണന്‍നായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പന്‍ പിള്ളയുടെ പുഷ്ക്കരന്‍ അരങ്ങത്ത് വരുന്നതായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം.ചെല്ലപ്പന്‍ പിള്ളയുടെ അഭിനയത്തെ പറ്റി അത്ര മതിപ്പായിരുന്നു കൃഷ്ണന്‍നായര്‍ക്ക്. 

ചെന്നിത്തലയുടെ കത്തി വേഷങ്ങളില്‍ കൂടുതല്‍ ജന പ്രീതിയാര്‍ജ്ജിച്ചത് ദുര്യോധനന്‍ ആയിരുന്നു. എന്നാല്‍ അപൂര്‍വമായിട്ടേ അദ്ദേഹത്തിന് അത്  കെട്ടാന്‍ അവസരം
ലഭിച്ചിരുന്നുള്ളൂ. 

ചെല്ലപ്പന്‍ പിള്ളയുടെ കരിവേഷങ്ങളില്‍  നളരിതത്തില്‍ കാട്ടാളനും കിരാതത്തില്‍ കാട്ടാളനും എടുത്തു പറയത്തക്ക  വേഷങ്ങള്‍ ആണ്. സ്ത്രീ വേഷങ്ങള്‍ ഒഴിച്ചുള്ള എല്ലാ മിനുക്ക്‌ വേഷങ്ങളും അദ്ദേഹത്തിന് ഇണങ്ങും. മാതലി, വലലന്‍, നാരദന്‍സുദേവന്‍സുന്ദര ബ്രാഹ്മണന്‍ മുതലായ
കഥാപാത്രങ്ങള്‍ എല്ലാം ചെല്ലപ്പന്‍ പിള്ളയുടെ അഭിനയ ചാതുരിയില്‍ ഭദ്രമായിരുന്നു. വീരം, രൌദ്രം, കരുണം,
ഭക്തി എന്നീ രസങ്ങളുടെ പ്രകാശനത്തിലാണ്  ചെല്ലപ്പന്‍ പിള്ളയുടെ പാടവം കൂടുതല്‍ പ്രകടമാവുക. ഹംസ വിലാപത്തിലും ദുര്യോധനന്റെ മുന്‍പില്‍ നിസ്സഹായനായി നിന്നു വിഷമിക്കുന്ന മന്ത്രവാദിയുടെ ദൈന്യതിലും സ്പുരിക്കുന്ന ശോകം ഹൃദയാവര്‍ജ്ജകമത്രേ. അദ്ദേഹത്തിന്റെ അക്രൂരനില്‍ വഴിഞ്ഞൊഴുകുന്ന ഭക്തിയും അതുപോലെ തന്നെ ഹൃദയ സ്പര്‍ശിയാണ്.

1924 മേയ്  7- നു ചെന്നിത്തല ഓതറ വീട്ടില്‍ കൃഷ്ണ പണിക്കരുടെയും പാര്‍വതി അമ്മയുടെയും മകനായി ജനിച്ച ചെല്ലപ്പന്‍ പിള്ളക്ക് വാര്‍ദ്ധക്ക്യത്തിലും നല്ല പ്രസരിപ്പായിരുന്നു. ഒടുവില്‍ ഹൃദ്രോഗമാണ് അദ്ദേഹത്തെ അപഹരിച്ചത്. ആരോഗ്യ ദൃഡഗാത്രനായിരുന്ന അദ്ദേഹത്തിന് ഈ രോഗം വന്നു ചേര്‍ന്നത്‌ ദുര്‍വിധിയെന്നേ പറയേണ്ടൂ. എങ്കിലും അരനൂറ്റാണ്ടില്‍ അദ്ദേഹം കഥകളി രംഗത്ത് നിറഞ്ഞു നിന്നു. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, എന്നീ സ്ഥാപനങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തിന് അവാര്‍ഡുകളും മറ്റു പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്. ഫാക്റ്റ് കഥകളി സംഘത്തോടൊപ്പം വിദേശ പര്യടനം നടത്തുവാന്‍ ഉള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.
 
മഹാനായിരുന്ന ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ ദൌഹിത്രനെന്ന നിലയില്‍ ഒരു വലിയ പാരമ്പര്യത്തിന്റെ അവകാശി കൂടിയാണ് ചെല്ലപ്പന്‍ പിള്ള.  മാതാമഹന്‍ ആയ കൊച്ചുപിള്ള പണിക്കര്‍ തന്നെയാണ് ചെല്ലപ്പന്‍ പിള്ളയുടെ പ്രഥമ ഗുരു. പിന്നീട് ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ ശിഷ്യത്വത്തില്‍ ചെല്ലപ്പന്‍ പിള്ളയുടെ കലാപാടവം പൂര്‍വാധികം സമുജ്വലവും സുഘടിതവുമായി. പ്രഗല്‍ഭ നടനായിരുന്ന മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ശിഷ്യത്വവും  ചെല്ലപ്പന്‍ പിള്ളക്ക് സിദ്ധിച്ചിട്ടുണ്ട്. അങ്ങിനെ ജന്മസിദ്ധമായ കലാവാസനയോടൊപ്പം വിദഗ്ദ പരിശീലനവും കൂടി ലഭിച്ചപ്പോള്‍ ചെല്ലപ്പന്‍ പിള്ള കഥകളി ലോകത്തിലെ സുസമ്മതനായ ഒരു നടനായി ഉയര്‍ന്നു. നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമം കൊണ്ട്  ചെല്ലപ്പന്‍ പിള്ള കലാവൈഭവത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്തു. അഭ്യാസബലം, അഭിനയപാടവം, മനോധര്‍മ്മ ചാതുരി, വിവിധ വിഭാഗങ്ങളില്‍ പെടുന്ന വേഷങ്ങള്‍ കെട്ടി അതീവ തന്മയമായി ഫലിപ്പിക്കാനുള്ള സാമര്‍ത്ഥ്യം  സര്‍വ്വോപരി ഒരു കലാകാരന് വേണ്ട വിനയാദി സത്ഗുണങ്ങള്‍  മുതലായവ കൊണ്ട് അനുഗ്രഹീതനായിരുന്നു ചെല്ലപ്പന്‍ പിള്ള. കഥകളിക്കു ഒരു തീരാ നഷ്ടമാണ്  നടന്റെ നിര്യാണം മൂലം സംഭവിച്ചത്.  


No comments:

Post a Comment