Samithy

Samithy

Tuesday, December 21, 2010

12th അനുസ്മരണം

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം 2010  നവംബര്‍ 13 , ശനിയാഴ്ച  മഹാത്മാ ഗേള്‍സ്‌ സ്കൂള്‍ ആഡിറ്റോറിയത്തില്‍  നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ചു. രണ്ട്  പതിനഞ്ചു മണിക്ക്  മലയാളവേദി, ചെന്നിത്തല എന്ന സംഘടന  കാവ്യാര്‍ച്ചന നടത്തി.


 വൈകിട്ട് അഞ്ചു മണിക്കു  ശ്രീ. ഞാഞ്ഞൂല്‍ ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ,  ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ  അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു.  ശ്രീ.എന്‍. വിശ്വനാഥന്‍ നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
പ്രസിദ്ധ കഥകളി ഗായകന്‍ ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക്   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍  സമര്‍പ്പിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
 
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി പുരസ്കാരം നല്‍കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. തന്റെ പിതാവുമായും താനുമായും ഉള്ള സ്നേഹബന്ധം, എവൂരില്‍ ഒരു കളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്‌, പിന്നീടു ചെന്നിത്തലക്ക് പോയി ഹംസത്തിന്റെ ചുണ്ടും ചിറകും എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അനുസ്മരിച്ചത്. 

തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന്‍ നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി. 
  കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ. മധു വാരണാസി പ്രഹളാനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും ,  കലാമണ്ഡലം ബാലകൃഷ്ണന്‍ നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അശ്വിന്‍ എന്നിവര്‍  ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.

                                         ഹിരണ്യന്‍ (തിരക്കിനോട്ടം)

                                          ഹിരണ്യന്‍ (തിരക്കിനോട്ടം)

                                          ശുക്രാചാര്യര്‍ , ഹിരണ്യന്‍ , പ്രഹ്ലാദന്‍
                           
                                        ശുക്രാചാര്യര്‍, ശിഷ്യര്‍കള്‍ , ഹിരണ്യന്‍,പ്രഹ്ലാദന്‍

                                         നരസിംഹം, ഹിരണ്യന്‍ 

                                 നരസിംഹം, പ്രഹ്ലാദന്‍
 

ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു.  ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍  കേശവന്‍ നായര്‍, ശ്രീ. ഏവൂര്‍  മാധവന്‍ കുട്ടി, ശ്രീ. പന്മന അരുണ്‍  എന്നിവരായിരുന്നു  അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന്‍ എന്ന ബാല നടന്‍  നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ   കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി.

ചെന്നിത്തല ആശാന്‍ സ്മരണ (ശ്രീ. പാലനാട് ദിവാകരന്‍)

20-12-2010 ന്  ചെന്നൈ  മഹാലിംഗപുരം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഒരു കളിക്ക് എത്തിയ പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ ശ്രീ. പാലനാട് ദിവാകരന്‍ അവര്‍കളെ സന്ധിച്ചപ്പോള്‍ അദ്ദേഹം ചെന്നിത്തല ആശാനെ പറ്റി പറഞ്ഞ വാക്കുകള്‍. 

                                             ശ്രീ. പാലനാട് ദിവാകരന്‍


ചെന്നിത്തല ആശാന്റെ ധാരാളം വേഷങ്ങള്‍ക്ക് ഞാന്‍ പാടിയിട്ടുണ്ട്. അശാനു  സുഖമില്ലാതെ വന്നപ്പോള്‍ ഞാന്‍   അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നു.   ഒരിക്കല്‍ കണ്ടു  സംസാരിച്ചിട്ടുള്ള ആര്‍ക്കും തന്നെ  അദ്ദേഹത്തെ മറക്കുവാന്‍ സാധിക്കില്ല.

Tuesday, November 30, 2010

ചെന്നിത്തല ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി വരച്ച ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ വരപടം




1970- കളില്‍ ചെന്നിത്തല മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനെ ശ്രീ. വിഷ്ണു നമ്പൂതിരി ആദരിക്കുന്ന ചിത്രം.






ശ്രീ.തിരുവല്ലാ ഗോപികുട്ടന്‍ നായര്‍


ശ്രീ.തിരുവല്ലാ ഗോപികുട്ടന്‍ നായര്‍ ,1944 ഡിസംബര്‍  - 9 നു തിരുവല്ലാ,  തുകലശ്ശേരിയില്‍ ശ്രീ. നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി. പാറുക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ചു. ശ്രീ. കണ്ണഞ്ചിറ രാമന്‍പിള്ള, ശ്രീ.കണ്ണഞ്ചിറ കൃഷ്ണപിള്ള, തിരുവല്ലാ മാതുപിള്ള (കഥകളി സംഗീതം ), തിരുവല്ലാ വാസുദേവന്‍‌ പിള്ള, കൊച്ചിക്കാ കേശവപിള്ള എന്നിങ്ങനെയുള്ള കഥകളി കലാകാരന്മാരുടെ കുടുംബത്തിലാണ്  അദ്ദേഹത്തിന്‍റെ  ജനനം.   അന്ന് നിത്യം കഥകളി നടക്കുന്ന തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ അമ്മയോടൊപ്പം പോയി കഥകളി കാണുകയും, കഥകളി കമ്പം ഉണ്ടാവുകയും ആട്ടക്കാര്‍ ഉപേക്ഷിച്ചു പോകുന്ന ചുട്ടി, മനയോല എന്നിവ വീട്ടില്‍ എടുത്തു വന്നു മുഖത്ത് ഒട്ടിച്ച് വെച്ചു കൊണ്ടു സുഹൃത്തുക്കളോടൊപ്പം തുള്ളിചാടുകയും ചെയ്യുന്നതു  കണ്ട  ചിറ്റപ്പനായ ശ്രീ. കണ്ണഞ്ചിറ രാമന്‍ പിള്ള ഗോപികുട്ടന്‍ നായരെ കഥകളി അഭ്യസിപ്പിച്ചു. പത്താം വയസ്സില്‍ കഥകളിക്കു കച്ച കെട്ടിച്ചു. അക്കാലത്തു പ്രസിദ്ധരായിരുന്ന ഗുരു. ചെങ്ങന്നൂര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ പിള്ള, മങ്കൊമ്പ് ശിവശങ്കര പിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, വൈക്കം കരുണാകരന്‍ നായര്‍ എന്നീ കലാകാരന്മാരോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍ കെട്ടുകയും ചെയ്തു. 

കഥകളി നടനായി രംഗത്ത്‌ പ്രവര്‍ത്തിച്ച് കൊണ്ട് തന്നെ ശ്രീ.തിരുവല്ലാ ചെല്ലപ്പന്‍ പിള്ള ആശാന്റെ കീഴില്‍ കഥകളി സംഗീതവും അഭ്യസിച്ച്‌  പതിനാലാം വയസ്സില്‍  തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഥകളി സംഗീത അരങ്ങേറ്റം കഴിഞ്ഞു. തുടര്‍ന്ന്  ശ്രീ. നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ആശാന്റെ കീഴില്‍ ഒരുവര്‍ഷം ഉപരി പഠനം കഴിഞ്ഞ്‌ ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ്, തകഴി കുട്ടന്‍ പിള്ള, ചേര്‍ത്തല തങ്കപ്പപണിക്കര്‍ എന്നീ ഗായകന്മാരുടെ    ശങ്കിടിക്കരനായി പ്രവര്‍ത്തിച്ച് അരങ്ങു പരിചയം നേടി. പിന്നീടു ഗുരു. ചെങ്ങന്നൂര്‍, മാങ്കുളം തിരുമേനി  , പള്ളിപ്പുറം ആശാന്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രഗത്ഭ കലാകാരന്മാര്‍  പങ്കെടുത്തിരുന്ന  ദക്ഷിണ കേരളത്തിലെ പ്രധാന കളിയരങ്ങുകളില്‍ സജീവമായി രംഗത്ത് പ്രവര്‍ത്തിച്ച് വന്നു. 

ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്‍ എഴുതിയ ഭീഷ്മപ്രതിജ്ഞ എന്ന കഥയുടെ അരങ്ങേറ്റം പെരുമ്പാവൂരില്‍ നടന്നപ്പോള്‍  ആശാന്‍ പാട്ടിനു ഗോപികുട്ടന്‍ നായരെയാണ് ക്ഷണിച്ചിരുന്നത്. അന്ന് പൊതുവാള്‍ ആശാനുമൊന്നിച്ചു  രംഗത്ത് പാടുവാനും അദ്ദേഹത്തിന് സാധിച്ചു.

ശ്രീ. കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്റെ താല്‍പ്പര്യത്തിന്റെ പേരില്‍ കേരള കലാമണ്ഡലം തെക്കന്‍ കളരിയിലേക്ക്  അപേക്ഷ സമര്‍പ്പിക്കുകയും 1979- ല്‍ കേരള കലാമണ്ഡലം തെക്കന്‍ കളരിയില്‍ കഥകളി സംഗീത അദ്ധ്യാപകനായി  നിയമിതനാവുകയും ചെയ്തു.   ശ്രീ. മങ്കൊമ്പ് ശിവശങ്കര പിള്ള, ശ്രീ.കലാമണ്ഡലം രാജശേഖരന്‍, ശ്രീ.വാരണാസി മാധവന്‍ നമ്പൂതിരി, ശ്രീ. പള്ളം മാധവന്‍ എന്നിവരോടൊപ്പം സുമാര്‍  ഒരു വര്‍ഷം അവിടെ  സേവനം ചെയ്തു. അന്ന് തെക്കന്‍ കേരളത്തില്‍ നടക്കുന്ന പല കളികള്‍ക്കും പങ്കെടുക്കാന്‍ കലാമണ്ഡലത്തില്‍ നിന്നും അനുവാദം ലഭിക്കാതെ വരികയും,  തിരുവല്ലയില്‍ ഒരു കളി ഏറ്റിട്ടു, കലാമണ്ഡലത്തില്‍ നിന്നും കളിക്ക് പോകാന്‍ അനുവാദം ലഭിക്കാതെ വന്നപ്പോള്‍, ആവിവരം അറിഞ്ഞു കൊണ്ടു കളിയുടെ ചുമതല വഹിച്ചിരുന്ന ശ്രീ. തിരുവല്ല ഗോപാലപ്പണിക്കര്‍ ആശാന്‍ കേരള കലാമണ്ഡലത്തില്‍ എത്തുകയും കളിക്ക് നിര്‍ബ്ബന്ധമായും വന്നേ തീരൂ എന്ന നില വന്നപ്പോള്‍ കലാമണ്ഡലത്തിലെ  ജോലി രാജിവെച്ചിട്ട്  പണിക്കര്‍ ആശാനോടൊപ്പം തിരുവല്ലയിലേക്ക് മടങ്ങി. ജോലി രാജി വെച്ചതിന്റെ പേരില്‍ പല കലാസ്നേഹികള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും  അതെ തുടര്‍ന്നു  ഉണ്ടായ  മാനസീക പ്രശ്നങ്ങളും   കാരണം തുടര്‍ന്നുള്ള എട്ട് വര്‍ഷക്കാലത്തോളം  കഥകളി രംഗത്ത് ശ്രദ്ധ പതിപ്പിക്കാതെ അലസ ജീവിതം നയിക്കേണ്ടിവന്നു. പിന്നീട് ശിഷ്യന്‍ പരിമണം മധുവും ഒത്ത് സജീവമായി കഥകളി രംഗത്ത്‌ പ്രവര്‍ത്തിച്ചു വരുന്നു. 

 ‌ഭാവസംഗീതമാണ്  കഥകളിക്ക് വേണ്ടത് എന്ന് വിശ്വസിക്കുന്ന ശ്രീ. ഗോപികുട്ടന്‍ നായര്‍ക്ക്  കലവല്ലഭ പുരസ്കാരം, ശ്രീ.MKK. നായര്‍ അവാര്‍ഡ് , കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഗുരു പൂജാ പുരസ്കാരം,  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവാര്‍ഡ് , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം (2010 )എന്നിവ ലഭിച്ചിട്ടുണ്ട്. ശ്രീ. ഗോപികുട്ടന്‍ നായരുടെ മകന്‍ ശ്രീ.കലാഭാരതി ജയന്‍ കഥകളി മദ്ദള കലാകാരനാണ്.

Friday, November 19, 2010

2010 - ലെ കേരള സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി

ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി  അവര്‍കള്‍ 1958 മേയ് മാസം  5- ന് ചെന്നിത്തല കിഴക്കേവഴി മായര നീലമന  ഇല്ലത്ത് ബ്രഹ്മശ്രീ. എം. ഈ. നാരായണന്‍ നമ്പൂതിരിയുടേയും ശ്രീമതി. ദേവകി  അന്തര്‍ജ്ജനതിന്റെയും രണ്ടാമത്തെ പുത്രനായി ജനിച്ചു. 
                       Sri.Chennithala N. Vishnu Nampoothiri

ചെന്നിത്തല കളരിക്കല്‍ ഗവ: എല്‍. പി. എസ്സിലും മഹാത്മാ ഹൈസ്ക്കൂളിലും പ്രാഥമീക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍  നിന്നും ഊര്‍ജ്ജ തന്ത്രത്തിലും ചങ്ങനാശ്ശേരി എന്‍. എസ്.  ട്രെയിനിഗ്  കോളേജില്‍ നിന്നും അധ്യാപനത്തിലും പ്രശസ്തമായ നിലയില്‍ ബിരുദങ്ങള്‍ നേടി.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ വിവിധ സ്കൂളുകളിലായി നീണ്ടു നിന്ന 28 വര്‍ഷത്തെ സേവനതിന് 1983 ജനുവരി 13 - ന് ഗവ: എച്ച് . എസ്സ് വലിയഴീക്കലിലാണ് തുടക്കം കുറിച്ചത്.  T.H.S  കൃഷ്ണപുരം,  G.H.S ബുധനൂര്‍,  Govt.T.T.I ചെങ്ങന്നൂര്‍, G.V.H.S.S  മുളക്കുഴ,  G.V.H.S.S മാവേലിക്കര,  G.V.H.S.S ചുനക്കര എന്നീ സ്കൂളുകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ G.V.H.S.S കുന്നം സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയി സര്‍വീസില്‍  തുടരുന്നു.ഹൈസ്കൂള്‍ അദ്ധ്യാപക തസ്തികയില്‍ വ്യത്യസ്തങ്ങളായ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്സ്, ടീച്ചര്‍ എഡ്യുക്കേറ്റര്‍ എന്നീ നിലകളില്‍ സേവനം നടത്തുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ആധുനിക വിദ്യാഭ്യാസത്തില്‍ മന:ശാസ്ത്ര സമീപനത്തിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ കവുണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും  ഒരുപോലെ വഴികാട്ടിയാകുന്ന "വിജയത്തിലേക്കുള്ള പടവുകള്‍" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


S.S.L.C പരീക്ഷയില്‍ വിജയ തമാനം കുറഞ്ഞ സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുണ നിലവാരമുള്ള വിദ്യാഭാസം കുട്ടികളുടെ അവകാശം'  എന്ന പ്രോജക്റ്റ് വിജയകരമായി നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സേവനം അനുഷ്ടിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ 100% വിജയം നിലനിര്‍ത്തുന്നതിനും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്‌. വിദ്യാഭ്യാസ മേഖലയില്‍ എന്നും ക്രിയാത്മകമായ പരീക്ഷണങ്ങള്‍ നടപ്പിലാക്കുന്നതിലും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പകര്‍ന്നു കൊടുക്കുന്നതിലും സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപക പരിശീലന പരിപാടികളില്‍ റിസോഴ്സ് പേഴ്സണലായും, നിരീക്ഷകനായും പ്രവര്‍ത്തിച്ചു വരുന്നു. പ്രാധാന്യമുള്ള ദിനാചരണങ്ങള്‍, കുട്ടികളുടെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെടുത്തി
 ആഘോഷിക്കുന്നതിനും അതിലെ സന്ദേശം സമൂഹത്തിലേക്കു എത്തിക്കുന്നതിനും ജാഗരൂകനായി പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ തല പരിപാടികള്‍ സ്വന്തമായി ഡോക്കുമെന്റ് ചെയ്ത് കോണ്‍ഫറന്‍സുകളില്‍ പ്രസന്റ് ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷനിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന ഇദ്ദേഹത്തിന്‌ ശുചിത്വ പരിപാടികളുടെ ഭാഗമായി ഇക്കോ ക്ലബ്ബ് ഏര്‍പ്പെടുത്തിയ ജില്ലാ തല പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയില്‍ ഇദ്ദേഹത്തിന്റെ സേവനം ചെന്നിത്തല പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്  മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിച്ച് ഇദ്ദേഹം ഒഴിവു സമയങ്ങളില്‍ ചെന്നിത്തല പഞ്ചായത്തിലെ സാക്ഷരതാ ക്ലാസ്സുകളില്‍ എത്തി ഠിതാക്കള്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന് സമയം കണ്ടെത്തിയിട്ടുണ്ട്. മികച്ച സാക്ഷരതാ പ്രവര്‍ത്തകന്‍ എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തുകയുമുണ്ടായി. 

സാക്ഷരതാ  മിഷന്റെ SSLC തുല്യതാ പരീക്ഷയുടെ മാവേലിക്കര കേന്ദ്രത്തില്‍ ഠിതാക്കള്‍ക്ക് ഊര്‍ജ്ജതന്ത്രം, രസതന്ത്രം  എന്നീ വിഷയങ്ങളില്‍ അദ്ധ്യാപനം നടത്തിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്തു തലത്തില്‍ നടക്കുന്ന വിജ്ഞാന ഉത്സവങ്ങള്‍ക്കും സേവനം ലഭ്യമാക്കി വരുന്നു. ചെന്നിത്തലയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി ബന്ധപ്പെടുന്ന ഇദ്ദേഹം മഹാത്മാ ഹൈസ്കൂളുകളില്‍ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടാനുള്ള പരിശീലനവും ബോധവത്കരണവും നല്‍കി വരുന്നു. പൊതു വിദ്യാഭ്യാസ ധാരയില്‍ വിലപ്പെട്ട ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും സ്വന്തം ജീവിതത്തിലൂടെ ഈ വഴിയിലുള്ള നീക്കങ്ങള്‍ വിജയപ്രദമെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും തലമുറകളിലായി കൈമാറിവന്ന ആചാര അനുഷ്ടാനങ്ങളില്‍ അടിയുറച്ച് വിശ്വാസത്തോടെ സാത്വീകനായി കഴിയുന്ന ഇദ്ദേഹം താന്ത്രിക പൂജാ വിധികള്‍, ക്ഷേത്രാനുഷ്ഠാകലകളില്‍ ഓണാട്ടുകരയുടെ സവിശേഷ ജീവിത എഴുന്നെള്ളത്ത്, ജോതിഷം എന്നീ മേഖലകളിലും പാരമ്പര്യം നിലനിര്‍ത്തി നാട്ടുകാരുടെ സ്നേഹ ബഹുമാനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. ചിത്ര കലയിലും അദ്ദേഹം തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ സൃഷ്ടികള്‍ പ്രകാശം കണ്ടിട്ടുണ്ട്.
ഭാര്യ, അംബിക വി.നമ്പൂതിരിയോടും മക്കളായ വിഷ്ണു നാരായണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരോടുമൊപ്പം ചെന്നിത്തലയിലുള്ള മായര നീലമന ഇല്ലത്ത് താമസിക്കുന്നു. 


 


 
 

Thursday, November 18, 2010

ശ്രീ. കെ. പി . എസ്‌. മേനോന്റെ കഥകളി രംഗത്തിലെ ചില വരികള്‍


                     ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍. (കഥകളി ആചാര്യന്‍)



കഥകളി രംഗം പുസ്തകം (1957) ആധുനീകന്മാര്‍ (പേജ്. 445 - ലെ  വരികള്‍).



യുവ നടന്മാരില്‍ പ്രാധാന്യം അര്‍ഹിക്കുന്നവരാണ്  ഹരിപ്പാട് രാമകൃഷ്ണ പിള്ള, ഓയൂര്‍ കൊച്ചുഗോവിന്ദ പിള്ള , ചെന്നിത്തല ചെല്ലപ്പന്‍ പിള്ള എന്നിവര്‍.

ഹരിപ്പാട് രാമകൃഷ്ണ പിള്ള

1100 - ആം ആണ്ടില്‍ ജനിച്ച രാമകൃഷ്ണ പിള്ള ആദ്യം തകഴി രാമന്‍ പിള്ളയുടെയും പിന്നീട് ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍, ചെങ്ങന്നൂര്‍ രാമന്‍ പിള്ള എന്നീ ആശാന്മാരുടെയും കീഴില്‍ കഥകളി അഭ്യസിച്ചിട്ടുണ്ട്. മുഖത്തിന്റെയും ദേഹത്തിന്റെയും പ്രകൃതി സിദ്ധമായ ആകൃതി ഗുണം കൊണ്ട് പച്ചക്കും കത്തിക്കും മിനുക്കിനും ഭംഗിയുണ്ട് . രാമകൃഷ്ണ പിള്ളക്ക്  രംഗ വാസനയുമുണ്ട്. അയാളുടെ വീര- രൌദ്രപ്രധാനമായ രംഗങ്ങളാണ് കൂടുതല്‍ നന്നായി കാണുന്നത്.


ഓയൂര്‍ കൊച്ചുഗോവിന്ദപിള്ള

ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള,  കൊച്ചുപിള്ള പണിക്കരുടെയും കുഞ്ഞന്‍ പണിക്കരുടെയും ശിഷ്യനാണ്. ചെറിയ മുഖം ആയതു കൊണ്ട് കത്തിക്ക് ഭംഗി കുറയും എങ്കിലും അലര്‍ച്ചയ്ക്ക് ശബ്ദഗുണമുണ്ട്. കൊച്ചു ഗോവിന്ദപിള്ളയുടെ ശ്രീകൃഷ്ണനും ഹംസവും മെച്ചപ്പെട്ട വേഷങ്ങള്‍ ആണ്. 

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

കൊച്ചുപിള്ള പണിക്കരുടെ പൌത്രനും ശിഷ്യനുമായ ചെല്ലപ്പന്‍ പിള്ള 1099- മേടത്തില്‍ ജനിച്ചു. മാതാമാഹന്റെ ശിഷ്യരായ മാങ്കുളം വിഷ്ണുനമ്പൂതിരിയും കണ്ണമംഗലം കൃഷ്ണന്‍കുട്ടിയും അയാളെ അഭ്യസിപ്പിച്ചിട്ടുണ്ട്.  ശ്രീകൃഷ്ണന്‍, പുഷ്ക്കരന്‍, മാതലി, നാരദന്‍ എന്നീ വേഷങ്ങള്‍  നല്ലവണ്ണം ആടി കണ്ടിട്ടുണ്ട്.

നാലാം അനുസ്മരണം


ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ നാലാം അനുസ്മരണം  2002, നവംബര്‍- എട്ടാം തീയതി വൈകിട്ട് അഞ്ചു മണിക്ക്  ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങി.  ശ്രീ. വിളയില്‍ രാമകൃഷ്ണന്‍ (സമിതി പ്രസിഡന്റ് ) സ്വാഗതവും  ,  ശ്രീ. രഘുനാഥ് (സമിതി സെക്രട്ടറി) സ്മൃതിരേഖയും ചെയ്തു. ബഹുമാനപ്പെട്ട എം. പിയും സമതിയുടെ രക്ഷാധികാരിയും ആയ ശ്രീ.രമേശ്‌, ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ സാംസ്കാരിക സമിതിയുടെ ഉത്ഘാടനവും അനുസ്മരണ സായാഹ്നവും ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി. ശ്രീ. കാര്‍ത്തികേയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. 

               
             ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്‍ നിലവിളക്കു കൊളുത്തി അനുസ്മരണ
               സമ്മേളനം തുടങ്ങി വെയ്ക്കുന്നു. അരുകില്‍ ശ്രീ. വിളയില്‍ രാമകൃഷ്ണന്‍ 


പ്രസിദ്ധ കഥകളി ആചാര്യനും കലാ കുലപതിയുമായ  ശ്രീ. ചമ്പക്കുളം പാച്ചുപിള്ള അവര്കളെ ബഹുമാനപ്പെട്ട എം. പി. ശ്രീ.രമേശ്‌, ചെന്നിത്തല പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. ശ്രീ. ചമ്പക്കുളം പാച്ചുപിള്ള അവര്‍കള്‍ മറുപടി പ്രസംഗം നടത്തി. അപ്പോള്‍ ചെല്ലപ്പന്‍ പിള്ളയുമായി ഉണ്ടായിട്ടുള്ള അരങ്ങിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ സ്മരണക്കായി യുവജനോത്സവത്തില്‍ ആലപ്പുഴ ജില്ലയില്‍ കഥകളിക്കു ഒന്നാം സമ്മാനം ലഭിക്കുന്ന കുട്ടിക്ക് എവര്‍ റോളിംഗ് ട്രോഫി ശ്രീ.എം. മുരളി (എം. എല്‍. എ ) സമര്‍പ്പിച്ചു. 
                                    Sri. Chennithala Chellappan pilla smaraka ever rolling trophy
 

ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള (കഥകളി ആചാര്യന്‍ ), ശ്രീമതി. മറിയാമ്മ ജോര്‍ജ് (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ആര്‍.  ഗോപാലകൃഷ്ണന്‍ നായര്‍ , സതീഷ്‌ ചെന്നിത്തല (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ), ശ്രീ. ഗോപകുമാര്‍ (മാവേലിക്കര  കഥകളി ആസ്വാദക സംഘം സെക്രട്ടറി) , ശ്രീ. ഗംഗാധരന്‍ നായര്‍ (സമിതി.എക്സി.അംഗം) എന്നിവര്‍ ശ്രദധാന്ജലി അര്‍പ്പിച്ചു.  ശ്രീ. കെ. നാരായണപിള്ള (സമിതി ജോയിന്‍ സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. 

വൈകിട്ട് ഏഴു മണിക്ക്   ശ്രീ. പന്നിശേരി നാണുപിള്ള എഴുതിയ നിഴല്‍കുത്തു കഥകളി അവതരിപ്പിച്ചു. ശ്രീ. തോന്നക്കല്‍ പീതാംബരന്‍ (ദുര്യോധനന്‍),  ശ്രീ. തിരുവല്ല ബാബു (ത്രിഗര്‍ത്തന്‍),  ശ്രീ. തലവടി അരവിന്ദന്‍ (മലയന്‍), ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (മലയത്തി), ശ്രീ. ഫാക്റ്റ് പത്മനാഭന്‍ കുട്ടി (മാന്ത്രികന്‍), ശ്രീ. കലാനിലയം കരുണാകര കുറുപ്പ് (ദൂതന്‍)
  ശ്രീ. കലാമണ്ഡലം ബാലചന്ദ്രന്‍ (സംഗീതം) എന്നീ കലാകാരന്മാര്‍ പങ്കെടുത്തു.     തിരുവല്ല ശ്രീ വല്ലഭവിലാസം കഥകളി യോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 





Monday, November 1, 2010

സംഗീത നാടക അക്കാദമി അവാര്‍ഡ്‌ - 1991


1991- ലെ കഥകളിക്കുള്ള  കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍  പിള്ള ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ്  ശ്രീ. വെങ്കട്ടരാമനില്‍ നിന്നും വാങ്ങുന്നു.  (ഫോട്ടോവില്‍ നടുവില്‍ നില്‍ക്കുന്നത് ) ശ്രീ. ഗിരീഷ്‌ കര്‍ണാട്ട്.

                                  


ഗുരു സംഗമം

(മുന്‍നിര, ഇടത്തുനിന്നും) സര്‍വശ്രീ. പള്ളിപുറം ഗോപാലന്‍ നായര്‍, പത്മശ്രീ. ചെങ്ങന്നൂര്‍ രാമന്‍ പിള്ള, ബ്രഹ്മശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരി.

(പിന്‍നിര, ഇടതു നിന്നും ) ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, പ്രൊഫസര്‍ : ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. മങ്കൊമ്പ്  ശിവശങ്കരപിള്ള,  ശ്രീ. എല്‍.പി. ആര്‍. വര്‍മ്മ (ഗാനഭൂഷണം) .

Sunday, October 31, 2010

ആറാം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ആറാം അനുസ്മരണം 2004 ഒക്ടോബര്‍ 30  ശനിയാഴ്ച വൈകിട്ട് നാലര മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങി. ശ്രീ. കെ.സദാശിവന്‍ പിള്ള (സമിതി എക്സി. അംഗം)  സ്വാഗതം പറഞ്ഞു. ശ്രീ. ജി. ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ശ്രീമതി. സി. എസ്. സുജാത M.P. ( സമിതിയുടെ മുഖ്യ രക്ഷാധികാരി) ഉല്‍ഘാടനം ചെയ്തു. കഥകളി ആചാര്യന്‍ ശ്രീ. മങ്കൊമ്പ് ശിവങ്കരപിള്ള അവര്‍കളെ ചടങ്ങില്‍ ആദരിച്ചു.



മഹാകവി ശ്രീ. മുതുകുളം ശ്രീധര്‍, ശ്രീമതി മറിയാമ്മ  ജോര്‍ജ്ജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), എം. സുകുമാരന്‍ നായര്‍ (സമിതി വൈസ് പ്രസിഡന്റ് ), ശ്രീ. എം. അയ്യപ്പന്‍ നായര്‍ (സമിതി എക്സി. അംഗം) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രീ. വേണാട്ടു എം. ചന്ദ്രശേഖരന്‍ നായര്‍ (സമിതി എക്സി. അംഗം) കൃതജ്ഞത രേഖപ്പെടുത്തി.





തുടര്‍ന്ന് ഏഴു മണിക്ക് കഥകളി കീചകവധം അവതരിപ്പിച്ചു. ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ (കീചകന്‍), ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്  (സൈരന്ധ്രി), ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് (സുദേഷ്ണ), ശ്രീ. തലവടി അരവിന്ദന്‍ (വലലന്‍ ), ശ്രീ. പത്തിയൂര്‍  ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍ (ഗായകര്‍), ശ്രീ.  കലാഭാരതി ഉണ്ണികൃഷ്ണന്‍ (ചെണ്ട ), ശ്രീ. കലാനിലയം വേണുകുട്ടന്‍, ശ്രീ. കലാമണ്ഡലം അച്ചുത വാര്യര്‍ (മദ്ദളം) എന്നിവര്‍ പങ്കെടുത്തു. ഏവൂര്‍ ദേവീ വിലാസം കഥകളി യോഗത്തിന്റെ  ചമയങ്ങളാണ് കളിക്ക് ഉപയോഗിച്ചത്.

അഞ്ചാം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ അഞ്ചാം  അനുസ്മരണം 2003  നവംബര്‍ എട്ടാം തീയതി വൈകിട്ട് നാലര  മണിക്ക്  ഈശ്വര പ്രാര്‍ത്ഥനയോടെ മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍  ആഡിറ്റോറിയത്തില്‍    തുടങ്ങി. സമിതി ട്രഷറര്‍  ജോസ് പവനത്തില്‍ സ്വാഗതവും , സെക്രട്ടറി. എന്‍. വിശ്വനാഥന്‍ നായര്‍ റിപ്പോര്‍ട്ട് വായിക്കുകയും സമിതി പ്രസിഡന്റ്  ശ്രീ. ജി. ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍   ബഹുമാനപ്പെട്ട എം. പിയും സമതിയുടെ രക്ഷാധികാരിയും ആയ ശ്രീ.രമേശ്‌, ചെന്നിത്തല അനുസ്മരണ സമ്മേളനം  ഉത്ഘാടനം ചെയ്തു.    
 (ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു )

പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള അവര്‍കളെ  ബഹുമാനപ്പെട്ട ശ്രീ. എം. മുരളി (എം. എല്‍. എ )  പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള അവര്‍കള്‍ മറുപടി പ്രസംഗം നടത്തി. അപ്പോള്‍ ചെല്ലപ്പന്‍ പിള്ളയുമായി ഉണ്ടായിട്ടുള്ള അരങ്ങിലെ അനുഭവങ്ങളും  കഥകളി അഭ്യാസത്തിനു ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കര്‍ ആശാന്റെ വസതിയിലെ താമസവും     അന്നത്തെ  ചെല്ലപ്പന്‍ പിള്ളയുടെ  കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളും  പങ്കുവെച്ചു.  
പ്രൊഫസര്‍ ശ്രീ. കടമ്മനിട്ട വാസുദേവന്‍ പിള്ള, ശ്രീ. എസ്. ശ്രീനിവാസന്‍. IAS (ലേബര്‍ കമ്മിഷണര്‍) , ശ്രീമതി. മറിയാമ്മ ജോര്‍ജ് (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )  , ഡോ: വി.ആര്‍. കൃഷ്ണന്‍ നായര്‍ (സമതി. എക്സിക്യൂട്ടീവ് അംഗം) , ശ്രീ.  ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ (സമതി. എക്സിക്യൂട്ടീവ് അംഗം) എന്നിവര്‍  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സമിതി വൈസ് പ്രസി:   ശ്രീ എം. സുകുമാരന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.
                                 ദുര്യോധനനും  ദുശാസനനും 
                   (ധര്‍മ്മപുത്രര്‍, ദുര്യോധനന്‍, ദുശാസനന്‍, ശകുനി)
ഏഴു മണിക്ക് ദുര്യോധനവധം കഥകളി തുടങ്ങി. ശ്രീ. ഗൌരീശപട്ടം ഗിരീന്‍  ദുര്യോധനനായും , നാട്യശാല സുരേഷ് ദുശാസനനായും  ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് കൃഷ്ണനായും   രംഗത്തെത്തി. പാഞ്ചാലി ആയി ശ്രീ. ഓയൂര്‍ രാമചന്ദ്രനും , ശകുനിയായി ശ്രീ. തട്ടയില്‍ ഉണ്ണികൃഷ്ണനും, ധര്‍മ്മപുത്രര്‍ ആയി ശ്രീ.മധു  വാരണാസിയും  രൗദ്രഭീമാനായി ശ്രീ. ചെങ്ങാരപ്പള്ളി
അനുജനും  രംഗത്തെത്തി കളി വിജയിപ്പിച്ചു.
 


                       (രൌദ്രഭീമനും ദുശാസനനും)
ശ്രീ.പത്തിയൂര്‍  ശങ്കരന്‍ കുട്ടിയും  ശ്രീ.കലാമണ്ഡലം   സജീവനും സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, ശ്രീ. കലഭാരതി മുരളി എന്നിവര്‍ ചെണ്ടയും  , ഏവൂര്‍ മധു   മദ്ദളവും  കൈകാര്യം ചെയ്തു. ദേവി വിലാസം കഥകളിയോഗം  മോഴൂര്‍ അണിയറ ഒരുക്കി.  

Sunday, October 24, 2010

പത്താം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പത്താമത് അനുസ്മരണം ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയുടെയും കേരള കലാമണ്ഡലത്തിന്റെയും ആഭിമുഖ്യത്തില്‍ 2008, നവംബര്‍ മൂന്നാം തീയതി ചെന്നിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാളില്‍ നടന്നു. രാവിലെ 08:45  ന് കഥകളി ആചാര്യന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 09:00-  മണിക്ക് കേരള കലാമണ്ഡലത്തിന്റെ  ചുമതലയില്‍ ശ്രീ. വെള്ളിനേഴി അച്യുതന്‍ കുട്ടി അവര്‍കള്‍    ഏകദിന കഥകളി ശില്‍പ്പശാല  നയിച്ചു. ശ്രീ. എം. അയ്യപ്പന്‍ നായര്‍ സ്വാഗതം (സമിതി എക്സി: അംഗം ) ചെയ്തു. ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. നാരായണപിള്ള ശില്‍പ്പശാല ഉത്ഘാടനം ചെയ്തു. 09:30  മുതല്‍  വൈകിട്ട് ആറു മണിവരെ സോദാഹരണ പ്രഭാഷണങ്ങള്‍,  സംശയ നിവാരണം, ചോദ്യാവലികള്‍ എന്നിവ നടത്തി. മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ കുട്ടികള്‍ ശില്‍പ്പശാലയില്‍ വളരെ  താല്‍പ്പര്യത്തോടെ പങ്കെടുത്തു. 
                              കലാമണ്ഡലം നടത്തിയ കഥകളി ശില്‍പ്പശാല

വൈകിട്ട് ആറര മണിക്ക്   ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം സമിതിയുടെ രക്ഷാധികാരി ശ്രീ. എം.മുരളിയുടെ  (എം. എല്‍. എ) അദ്ധ്യക്ഷതയില്‍ അനുസ്മരണ ചടങ്ങുകള്‍ തുടങ്ങി. സമിതി പ്രസിഡന്റ് ശ്രീ.ജി. ഗംഗാധരന്‍ നായര്‍ സദസ്സിനെ  സ്വാഗതം ചെയ്തു. അനുസ്മരണ സമ്മേളനം മുഖ്യ രക്ഷാധികാരി ശ്രീമതി. സി. എസ്. സുജാത (എം. പി) ഉത്ഘാടനം ചെയ്തു. ശ്രീ. കെ. രഘുനാഥ് (സമിതി എക്സി:അംഗം) ഗുരു പ്രണാമം അര്‍പ്പിച്ചു.   ശ്രീ. എം.മുരളി (എം. എല്‍. എ) പ്രസിദ്ധ കഥകളി നടന്‍ ശ്രീ. തലവടി അരവിന്ദന്‍ അവര്‍കളെ ആദരിച്ചു. ശ്രീ. തലവടി അരവിന്ദന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.  സമിതി സെക്രട്ടറി ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍, കലാമണ്ഡലം നൂറരങ്ങു പരിപാടിയുടെ ഭാഗമായി പ്രാദേശിക കലാ പ്രതിഭാ പ്രണാമം ചെയ്തു. പ്രാദേശിക കലാ പ്രതിഭകളായ ശ്രീമതി. വാലില്‍ അമ്മിണി, ശ്രീ. എം. കൊച്ചു തെക്കേതില്‍ (നാടകം), ശ്രീ. ചെന്നിത്തല  ഭാസ്കരന്‍ നായര്‍ ( ഡാന്‍സ് ), ഡോ: വി. ആര്‍. കൃഷ്ണന്‍ നായര്‍ (സാഹിത്യം) എന്നിവരെ ശ്രീമതി. ശ്രീമതി. സി. എസ്. സുജാത (എം. പി) പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. എം. സുകുമാരന്‍ നായര്‍ (സമിതി വൈസ്  പ്രസിഡന്റ്) കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് കേരള കലാമണ്ഡലം നൂറരങ്ങു ടീമിന്റെ  ഉത്തരാസ്വയംവരം കഥകളി അവതരിപ്പിച്ചു. 

Saturday, October 23, 2010

എട്ടാം അനുസ്മരണം

 ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ എട്ടാം സ്മരണദിനം 2006 നവംബര്‍ 12, ഞായറാഴ്ച , ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.  ഉച്ചക്ക് രണ്ടു മണിക്ക്
ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ചെയര്‍, മഹാത്മാ ഗേള്‍സ്‌ ഗേള്‍സ്‌ ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ കഥകളി ആചാര്യന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.


മൂന്നു  മണി മുതല്‍ അഞ്ചു മണിവരെ ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ - സാംസ്‌കാരിക സമിതിയുംചെന്നിത്തല ചെല്ലപ്പന്‍ പിള്ള ചെയറും സംയുക്തമായി കഥകളി പഠന ആസ്വാദന കളരി നടത്തി( വിഷയം: കഥകളിയും തുള്ളലും - കേരളീയ തനതുകലകള്‍)
ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ശ്രീ.എന്‍. വിഷ്ണു നമ്പുതിരി ( സമിതി എക്സിക്യൂട്ടിവ് അംഗം ) സ്വാഗതം പറഞ്ഞു.  ശ്രീ. പി.വി.  അശോക്, ചെന്നിത്തല ( പ്രസിഡന്റ് , മാനേജിംഗ്  കമ്മിറ്റി) യുടെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. പ്രൊഫ: (ഡോ:) അമ്പലപ്പുഴ ഗോപകുമാര്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ശ്രീ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍   (മാനേജര്‍, മഹാത്മാ ഹൈസ്കൂള്‍ ) ആമുഖ പ്രഭാഷണം നടത്തി.  പ്രസിദ്ധ കഥകളി നടന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ആസ്വാദന കളരി നയിച്ചു.  
ശ്രീ. എന്‍ .ഗംഗാധരന്‍ നായര്‍, ശ്രീ. പുത്തില്ലം നാരായണന്‍
നമ്പൂതിരി (H.M, M.G.H.S), ശ്രീമതി. രമാദേവി (H.M, M.B.H.S), ശ്രീ. എം. അയ്യപ്പന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.


വൈകിട്ട് അഞ്ചു മണിക്ക്  അനുസ്മരണ സായാഹ്നം തുടങ്ങി. സമിതി പ്രസിഡന്റ് ശ്രീ. ശ്രീ.ജി. ഗംഗാധരന്‍ നായര്‍ അവര്‍കളുടെ അദ്ധ്യക്ഷത വഹിച്ചു.   ഡോ: വി. ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി എക്സി. അംഗം)  സദസ്സിനെ സ്വാഗതം ചെയ്തു. ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍ ( സമിതി സെക്രട്ടറി ) റിപ്പോര്‍ട്ട് വായിച്ചു. അനുസ്മരണ സമ്മേളനം  മുഖ്യ രക്ഷാധികാരി  ശ്രീമതി. സി.എസ്. സുജാത (എം. പി.) ഉത്ഘാടനം ചെയ്തു. സമിതി എക്സി. അംഗം  ശ്രീ. കെ. രഘുനാഥ് ഗുരുപ്രണാമം അര്‍പ്പിച്ചു. സുപ്രസിദ്ധ കഥകളി നടന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കളെ  ശ്രീ. എം. മുരളി. M.L.A (സമിതി രക്ഷാധികാരി) പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി,പ്രൊഫ : (ഡോ) അമ്പലപ്പുഴ ഗോപകുമാര്‍, ശ്രീ. കെ. നാരായണപിള്ള  (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  & സമിതി ജോ: സെക്രട്ടറി), ശ്രീ. കെ. സാദാശിവന്‍ പിള്ള  (സമിതി എക്സി. അംഗം & ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ), ശ്രീ. എം.സുകുമാരന്‍ നായര്‍ (സമിതി വൈ: പ്രസിഡന്റ് ) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രീ.വേണാട്ട് ആര്‍. ചന്ദ്രശേഖരന്‍ നായര്‍   (സമിതി എക്സി. അംഗം) കൃതജ്ഞത പ്രകടിപ്പിച്ചു. തുടര്‍ന്ന് നളചരിതം രണ്ടാം ദിവസം കഥകളി അവതരിപ്പിച്ചു. 





                                           നളനും ദമയന്തിയും

                                          ഇന്ദ്രന്‍ ,കലി, ദ്വാപരന്‍


                     

                                          നളനും (  പീതാംബരന്‍ )പുഷ്കരനും (മോഴൂര്‍)

                                           ദമയന്തി, നളന്‍, പുഷ്ക്കരന്‍

                                                     
                                   (കാട്ടാളന്‍: ശ്രീ. ഗൌരീപട്ടം ഗിരീന്‍) 
                                    


ശ്രീ. തോന്നക്കല്‍ പീതാംബരന്‍ (നളന്‍), ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്‌ (ദമയന്തി), ശ്രീ. തലവടി അരവിന്ദന്‍ (കലി), ശ്രീ. നാട്യശാല കല്യാണ്‍ കൃഷ്ണന്‍ (ദ്വാപരന്‍), മധു വാരണാസി (ഇന്ദ്രന്‍ ), ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് (പുഷ്ക്കരന്‍), ശ്രീ. ഗൌരീശപട്ടം ഗിരീശന്‍ (കാട്ടാളന്‍) എന്നീ നടന്മാരും ശ്രീ. കലാമണ്ഡലം   ബാലചന്ദ്രന്‍, ശ്രീ. കലാനിലയം സിനു , ശ്രീ. മംഗളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം ശിവദാസന്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുത വാരിയര്‍ മദ്ദളവും  ശ്രീ. നാട്യശാല സതീഷ്‌, ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍ എന്നിവര്‍ ചുട്ടിയും കൈകാര്യം ചെയ്തു.  തിരുവനന്തപുരം നാട്യശാല കഥകളി സംഘത്തിന്റെ കഥകളി കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 
                                         

 

                                       












 






                    
                         








Friday, October 22, 2010

ഒന്നാം അനുസ്മരണം

ചെന്നിത്തലയുടെ അഭിമാന ഭാജനവും കഥകളി ലോകത്തെ ആദരണീയ വ്യക്തിയും ആയിരുന്ന  അനശ്വര കലാകാരന്‍ ശ്രീ.
ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ഒന്നാം അനുസ്മരണം 1999 ഒക്ടോബര്‍ 31- ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക്  ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയുടെ ഔപചാരിക ഉല്‍ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ.  ശ്രീ. എം. മുരളി  വൈകിട്ട് ഏഴു മണിക്ക്  ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.  ഈശ്വര പ്രാര്‍ത്ഥനക്ക്  ശേഷം ശ്രീ. വി.കെ. രാജപ്പന്‍ നായര്‍ (സമിതി പ്രസിഡന്റ്) അവര്‍കളുടെ  അദ്ധ്യക്ഷതയില്‍  യോഗം ആരംഭിച്ചു.  കെ. രഘുനാഥ് ( സമിതി സെക്രട്ടറി) സ്വാഗതം പറഞ്ഞു. സമ്മേളനം ഉല്‍ഘാടനം ചെയ്തത് ബഹുമാനപ്പെട്ട  എം. പി. ശ്രീ. രമേശ്‌, ചെന്നിത്തലയാണ്. 
ശ്രീ. എം. മുരളി(MLA), ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള (കഥകളി ആചാര്യന്‍), ശ്രീ.രാജന്‍ മൂലവീട്ടില്‍ (ബി.ജെ.പി. ജില്ലാ പ്രസിഡന്റ്),  ശ്രീ. ശിവന്‍ ആചാരി (CPI.M LC സെക്രട്ടറി), വേണാട്ടു ആര്‍. ചന്ദ്രശേഖരന്‍ നായര്‍ (ചെന്നിത്തല തുപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (കഥകളി നടന്‍ ), ശ്രീ. RRC. വര്‍മ്മ (കഥകളി ആസ്വാദക സംഘം, മാവേലിക്കര) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

കൃത്യം ഏഴു മണിക്ക് കര്‍ണ്ണശപഥം കഥകളി  ആരംഭിച്ചു. ദുര്യോധനനായി ശ്രീ. തലവടി അരവിന്ദനും, ഭാനുമതിയായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും   ദുശ്സാസനനായി  ശ്രീ. തിരുവല്ല ബാബുവും കര്‍ണ്ണനായി  ശ്രീ. തോന്നക്കല്‍ പീതാംബരനും കുന്തിയായി ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയും രംഗത്തെത്തി.

          
                           ദുശാസനന്‍, ദുര്യോധനന്‍, കര്‍ണ്ണന്‍ 
 ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍ സംഗീതവും ശ്രീ. വാരണാസി സഹോദരന്മാര്‍ മേളവും കൈകാര്യം ചെയ്തു. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം വക കോപ്പുകള്‍ ആണ് കഥകളിക്കു ഉപയോഗിച്ചത്. 

Friday, October 15, 2010

ഗുരു. ചെങ്ങന്നൂരും ശിഷ്യന്മാരും





                                 (ഇരിക്കുന്നത് ) ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള  

(ഇടതു നിന്നും നില്‍ക്കുന്നത്) ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള,

                       ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള, ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍.