Samithy

Samithy

Tuesday, November 30, 2010

ശ്രീ.തിരുവല്ലാ ഗോപികുട്ടന്‍ നായര്‍


ശ്രീ.തിരുവല്ലാ ഗോപികുട്ടന്‍ നായര്‍ ,1944 ഡിസംബര്‍  - 9 നു തിരുവല്ലാ,  തുകലശ്ശേരിയില്‍ ശ്രീ. നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി. പാറുക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ചു. ശ്രീ. കണ്ണഞ്ചിറ രാമന്‍പിള്ള, ശ്രീ.കണ്ണഞ്ചിറ കൃഷ്ണപിള്ള, തിരുവല്ലാ മാതുപിള്ള (കഥകളി സംഗീതം ), തിരുവല്ലാ വാസുദേവന്‍‌ പിള്ള, കൊച്ചിക്കാ കേശവപിള്ള എന്നിങ്ങനെയുള്ള കഥകളി കലാകാരന്മാരുടെ കുടുംബത്തിലാണ്  അദ്ദേഹത്തിന്‍റെ  ജനനം.   അന്ന് നിത്യം കഥകളി നടക്കുന്ന തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ അമ്മയോടൊപ്പം പോയി കഥകളി കാണുകയും, കഥകളി കമ്പം ഉണ്ടാവുകയും ആട്ടക്കാര്‍ ഉപേക്ഷിച്ചു പോകുന്ന ചുട്ടി, മനയോല എന്നിവ വീട്ടില്‍ എടുത്തു വന്നു മുഖത്ത് ഒട്ടിച്ച് വെച്ചു കൊണ്ടു സുഹൃത്തുക്കളോടൊപ്പം തുള്ളിചാടുകയും ചെയ്യുന്നതു  കണ്ട  ചിറ്റപ്പനായ ശ്രീ. കണ്ണഞ്ചിറ രാമന്‍ പിള്ള ഗോപികുട്ടന്‍ നായരെ കഥകളി അഭ്യസിപ്പിച്ചു. പത്താം വയസ്സില്‍ കഥകളിക്കു കച്ച കെട്ടിച്ചു. അക്കാലത്തു പ്രസിദ്ധരായിരുന്ന ഗുരു. ചെങ്ങന്നൂര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ പിള്ള, മങ്കൊമ്പ് ശിവശങ്കര പിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, വൈക്കം കരുണാകരന്‍ നായര്‍ എന്നീ കലാകാരന്മാരോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍ കെട്ടുകയും ചെയ്തു. 

കഥകളി നടനായി രംഗത്ത്‌ പ്രവര്‍ത്തിച്ച് കൊണ്ട് തന്നെ ശ്രീ.തിരുവല്ലാ ചെല്ലപ്പന്‍ പിള്ള ആശാന്റെ കീഴില്‍ കഥകളി സംഗീതവും അഭ്യസിച്ച്‌  പതിനാലാം വയസ്സില്‍  തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഥകളി സംഗീത അരങ്ങേറ്റം കഴിഞ്ഞു. തുടര്‍ന്ന്  ശ്രീ. നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ആശാന്റെ കീഴില്‍ ഒരുവര്‍ഷം ഉപരി പഠനം കഴിഞ്ഞ്‌ ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ്, തകഴി കുട്ടന്‍ പിള്ള, ചേര്‍ത്തല തങ്കപ്പപണിക്കര്‍ എന്നീ ഗായകന്മാരുടെ    ശങ്കിടിക്കരനായി പ്രവര്‍ത്തിച്ച് അരങ്ങു പരിചയം നേടി. പിന്നീടു ഗുരു. ചെങ്ങന്നൂര്‍, മാങ്കുളം തിരുമേനി  , പള്ളിപ്പുറം ആശാന്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രഗത്ഭ കലാകാരന്മാര്‍  പങ്കെടുത്തിരുന്ന  ദക്ഷിണ കേരളത്തിലെ പ്രധാന കളിയരങ്ങുകളില്‍ സജീവമായി രംഗത്ത് പ്രവര്‍ത്തിച്ച് വന്നു. 

ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്‍ എഴുതിയ ഭീഷ്മപ്രതിജ്ഞ എന്ന കഥയുടെ അരങ്ങേറ്റം പെരുമ്പാവൂരില്‍ നടന്നപ്പോള്‍  ആശാന്‍ പാട്ടിനു ഗോപികുട്ടന്‍ നായരെയാണ് ക്ഷണിച്ചിരുന്നത്. അന്ന് പൊതുവാള്‍ ആശാനുമൊന്നിച്ചു  രംഗത്ത് പാടുവാനും അദ്ദേഹത്തിന് സാധിച്ചു.

ശ്രീ. കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്റെ താല്‍പ്പര്യത്തിന്റെ പേരില്‍ കേരള കലാമണ്ഡലം തെക്കന്‍ കളരിയിലേക്ക്  അപേക്ഷ സമര്‍പ്പിക്കുകയും 1979- ല്‍ കേരള കലാമണ്ഡലം തെക്കന്‍ കളരിയില്‍ കഥകളി സംഗീത അദ്ധ്യാപകനായി  നിയമിതനാവുകയും ചെയ്തു.   ശ്രീ. മങ്കൊമ്പ് ശിവശങ്കര പിള്ള, ശ്രീ.കലാമണ്ഡലം രാജശേഖരന്‍, ശ്രീ.വാരണാസി മാധവന്‍ നമ്പൂതിരി, ശ്രീ. പള്ളം മാധവന്‍ എന്നിവരോടൊപ്പം സുമാര്‍  ഒരു വര്‍ഷം അവിടെ  സേവനം ചെയ്തു. അന്ന് തെക്കന്‍ കേരളത്തില്‍ നടക്കുന്ന പല കളികള്‍ക്കും പങ്കെടുക്കാന്‍ കലാമണ്ഡലത്തില്‍ നിന്നും അനുവാദം ലഭിക്കാതെ വരികയും,  തിരുവല്ലയില്‍ ഒരു കളി ഏറ്റിട്ടു, കലാമണ്ഡലത്തില്‍ നിന്നും കളിക്ക് പോകാന്‍ അനുവാദം ലഭിക്കാതെ വന്നപ്പോള്‍, ആവിവരം അറിഞ്ഞു കൊണ്ടു കളിയുടെ ചുമതല വഹിച്ചിരുന്ന ശ്രീ. തിരുവല്ല ഗോപാലപ്പണിക്കര്‍ ആശാന്‍ കേരള കലാമണ്ഡലത്തില്‍ എത്തുകയും കളിക്ക് നിര്‍ബ്ബന്ധമായും വന്നേ തീരൂ എന്ന നില വന്നപ്പോള്‍ കലാമണ്ഡലത്തിലെ  ജോലി രാജിവെച്ചിട്ട്  പണിക്കര്‍ ആശാനോടൊപ്പം തിരുവല്ലയിലേക്ക് മടങ്ങി. ജോലി രാജി വെച്ചതിന്റെ പേരില്‍ പല കലാസ്നേഹികള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും  അതെ തുടര്‍ന്നു  ഉണ്ടായ  മാനസീക പ്രശ്നങ്ങളും   കാരണം തുടര്‍ന്നുള്ള എട്ട് വര്‍ഷക്കാലത്തോളം  കഥകളി രംഗത്ത് ശ്രദ്ധ പതിപ്പിക്കാതെ അലസ ജീവിതം നയിക്കേണ്ടിവന്നു. പിന്നീട് ശിഷ്യന്‍ പരിമണം മധുവും ഒത്ത് സജീവമായി കഥകളി രംഗത്ത്‌ പ്രവര്‍ത്തിച്ചു വരുന്നു. 

 ‌ഭാവസംഗീതമാണ്  കഥകളിക്ക് വേണ്ടത് എന്ന് വിശ്വസിക്കുന്ന ശ്രീ. ഗോപികുട്ടന്‍ നായര്‍ക്ക്  കലവല്ലഭ പുരസ്കാരം, ശ്രീ.MKK. നായര്‍ അവാര്‍ഡ് , കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഗുരു പൂജാ പുരസ്കാരം,  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവാര്‍ഡ് , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം (2010 )എന്നിവ ലഭിച്ചിട്ടുണ്ട്. ശ്രീ. ഗോപികുട്ടന്‍ നായരുടെ മകന്‍ ശ്രീ.കലാഭാരതി ജയന്‍ കഥകളി മദ്ദള കലാകാരനാണ്.

No comments:

Post a Comment