Samithy

Samithy

Friday, November 19, 2010

2010 - ലെ കേരള സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി

ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി  അവര്‍കള്‍ 1958 മേയ് മാസം  5- ന് ചെന്നിത്തല കിഴക്കേവഴി മായര നീലമന  ഇല്ലത്ത് ബ്രഹ്മശ്രീ. എം. ഈ. നാരായണന്‍ നമ്പൂതിരിയുടേയും ശ്രീമതി. ദേവകി  അന്തര്‍ജ്ജനതിന്റെയും രണ്ടാമത്തെ പുത്രനായി ജനിച്ചു. 
                       Sri.Chennithala N. Vishnu Nampoothiri

ചെന്നിത്തല കളരിക്കല്‍ ഗവ: എല്‍. പി. എസ്സിലും മഹാത്മാ ഹൈസ്ക്കൂളിലും പ്രാഥമീക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍  നിന്നും ഊര്‍ജ്ജ തന്ത്രത്തിലും ചങ്ങനാശ്ശേരി എന്‍. എസ്.  ട്രെയിനിഗ്  കോളേജില്‍ നിന്നും അധ്യാപനത്തിലും പ്രശസ്തമായ നിലയില്‍ ബിരുദങ്ങള്‍ നേടി.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ വിവിധ സ്കൂളുകളിലായി നീണ്ടു നിന്ന 28 വര്‍ഷത്തെ സേവനതിന് 1983 ജനുവരി 13 - ന് ഗവ: എച്ച് . എസ്സ് വലിയഴീക്കലിലാണ് തുടക്കം കുറിച്ചത്.  T.H.S  കൃഷ്ണപുരം,  G.H.S ബുധനൂര്‍,  Govt.T.T.I ചെങ്ങന്നൂര്‍, G.V.H.S.S  മുളക്കുഴ,  G.V.H.S.S മാവേലിക്കര,  G.V.H.S.S ചുനക്കര എന്നീ സ്കൂളുകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ G.V.H.S.S കുന്നം സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയി സര്‍വീസില്‍  തുടരുന്നു.ഹൈസ്കൂള്‍ അദ്ധ്യാപക തസ്തികയില്‍ വ്യത്യസ്തങ്ങളായ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്സ്, ടീച്ചര്‍ എഡ്യുക്കേറ്റര്‍ എന്നീ നിലകളില്‍ സേവനം നടത്തുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ആധുനിക വിദ്യാഭ്യാസത്തില്‍ മന:ശാസ്ത്ര സമീപനത്തിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ കവുണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും  ഒരുപോലെ വഴികാട്ടിയാകുന്ന "വിജയത്തിലേക്കുള്ള പടവുകള്‍" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


S.S.L.C പരീക്ഷയില്‍ വിജയ തമാനം കുറഞ്ഞ സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുണ നിലവാരമുള്ള വിദ്യാഭാസം കുട്ടികളുടെ അവകാശം'  എന്ന പ്രോജക്റ്റ് വിജയകരമായി നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സേവനം അനുഷ്ടിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ 100% വിജയം നിലനിര്‍ത്തുന്നതിനും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്‌. വിദ്യാഭ്യാസ മേഖലയില്‍ എന്നും ക്രിയാത്മകമായ പരീക്ഷണങ്ങള്‍ നടപ്പിലാക്കുന്നതിലും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പകര്‍ന്നു കൊടുക്കുന്നതിലും സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപക പരിശീലന പരിപാടികളില്‍ റിസോഴ്സ് പേഴ്സണലായും, നിരീക്ഷകനായും പ്രവര്‍ത്തിച്ചു വരുന്നു. പ്രാധാന്യമുള്ള ദിനാചരണങ്ങള്‍, കുട്ടികളുടെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെടുത്തി
 ആഘോഷിക്കുന്നതിനും അതിലെ സന്ദേശം സമൂഹത്തിലേക്കു എത്തിക്കുന്നതിനും ജാഗരൂകനായി പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ തല പരിപാടികള്‍ സ്വന്തമായി ഡോക്കുമെന്റ് ചെയ്ത് കോണ്‍ഫറന്‍സുകളില്‍ പ്രസന്റ് ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷനിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന ഇദ്ദേഹത്തിന്‌ ശുചിത്വ പരിപാടികളുടെ ഭാഗമായി ഇക്കോ ക്ലബ്ബ് ഏര്‍പ്പെടുത്തിയ ജില്ലാ തല പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയില്‍ ഇദ്ദേഹത്തിന്റെ സേവനം ചെന്നിത്തല പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്  മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിച്ച് ഇദ്ദേഹം ഒഴിവു സമയങ്ങളില്‍ ചെന്നിത്തല പഞ്ചായത്തിലെ സാക്ഷരതാ ക്ലാസ്സുകളില്‍ എത്തി ഠിതാക്കള്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന് സമയം കണ്ടെത്തിയിട്ടുണ്ട്. മികച്ച സാക്ഷരതാ പ്രവര്‍ത്തകന്‍ എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തുകയുമുണ്ടായി. 

സാക്ഷരതാ  മിഷന്റെ SSLC തുല്യതാ പരീക്ഷയുടെ മാവേലിക്കര കേന്ദ്രത്തില്‍ ഠിതാക്കള്‍ക്ക് ഊര്‍ജ്ജതന്ത്രം, രസതന്ത്രം  എന്നീ വിഷയങ്ങളില്‍ അദ്ധ്യാപനം നടത്തിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്തു തലത്തില്‍ നടക്കുന്ന വിജ്ഞാന ഉത്സവങ്ങള്‍ക്കും സേവനം ലഭ്യമാക്കി വരുന്നു. ചെന്നിത്തലയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി ബന്ധപ്പെടുന്ന ഇദ്ദേഹം മഹാത്മാ ഹൈസ്കൂളുകളില്‍ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടാനുള്ള പരിശീലനവും ബോധവത്കരണവും നല്‍കി വരുന്നു. പൊതു വിദ്യാഭ്യാസ ധാരയില്‍ വിലപ്പെട്ട ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും സ്വന്തം ജീവിതത്തിലൂടെ ഈ വഴിയിലുള്ള നീക്കങ്ങള്‍ വിജയപ്രദമെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും തലമുറകളിലായി കൈമാറിവന്ന ആചാര അനുഷ്ടാനങ്ങളില്‍ അടിയുറച്ച് വിശ്വാസത്തോടെ സാത്വീകനായി കഴിയുന്ന ഇദ്ദേഹം താന്ത്രിക പൂജാ വിധികള്‍, ക്ഷേത്രാനുഷ്ഠാകലകളില്‍ ഓണാട്ടുകരയുടെ സവിശേഷ ജീവിത എഴുന്നെള്ളത്ത്, ജോതിഷം എന്നീ മേഖലകളിലും പാരമ്പര്യം നിലനിര്‍ത്തി നാട്ടുകാരുടെ സ്നേഹ ബഹുമാനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. ചിത്ര കലയിലും അദ്ദേഹം തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ സൃഷ്ടികള്‍ പ്രകാശം കണ്ടിട്ടുണ്ട്.
ഭാര്യ, അംബിക വി.നമ്പൂതിരിയോടും മക്കളായ വിഷ്ണു നാരായണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരോടുമൊപ്പം ചെന്നിത്തലയിലുള്ള മായര നീലമന ഇല്ലത്ത് താമസിക്കുന്നു. 


 


 
 

No comments:

Post a Comment