Samithy

Samithy

Wednesday, November 2, 2011

"കൊമ്പും തലയും"

കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ടു കളികള്‍ക്കും സമീപ പ്രദേശങ്ങളിലെ കളികള്‍ക്കും സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്ന നടന്മാരില്‍ ശ്രീ. മങ്കൊമ്പ് ആശാന്‍ പ്രധാനി ആയിരുന്നു. എല്ലാ സ്ത്രീ വേഷങ്ങള്‍ക്ക് പുറമേ സീതാസ്വയംവരത്തില്‍ പരശുരാമന്‍ , സന്താനഗോപാലത്തില്‍ ബ്രാഹ്മണന്‍, കിരാതത്തില്‍ കാട്ടാളന്‍, നളന്‍, പുഷ്ക്കരന്‍, ദുര്യോധനന്‍ , കംസന്‍, ബലഭദ്രന്‍  എന്നീ വേഷങ്ങള്‍ കാണുവാന്‍ അവസരം ധാരാളം ഉണ്ടായിട്ടുണ്ട്.


 തിരുവല്ലയിലും പരിസരങ്ങളിലും  ഇദ്ദേഹത്തിന്റെ  കൂട്ടുവേഷക്കാരന്‍   കൂടുതലും ചെന്നിത്തല ആശാന്‍ ആയിരുന്നു. ഒരു ചില സാഹചര്യം നിമിത്തം കുറച്ചു കാലം  ഇവര്‍ ഒന്നിച്ചുള്ള കൂട്ടുവേഷങ്ങള്‍ ഉണ്ടാകുക കുറഞ്ഞു. അപ്പോള്‍ പല ആസ്വാദകരുടെയും അഭിപ്രായങ്ങള്‍  തലയ്ക്കു മുകളില്‍ കൊമ്പ് ഉണ്ടാകണം (ചെന്നിത്തലയെ "തല" എന്നും മങ്കൊമ്പിനെ "കൊമ്പ് " എന്നും ചിത്രീകരിച്ചു കൊണ്ട് ) എന്നായിരുന്നു.    കൊമ്പ് ഇല്ലാത്ത തലയും,  തല ഇല്ലാത്ത കൊമ്പും ശോഭിക്കില്ല എന്നായിരുന്നു അവരുടെ അഭിപ്രായം.  പലരും ഇരുവര്‍ക്കും ഇതേ അഭിപ്രായം എഴുതി അറിയിക്കുകയും ചെയ്തിരുന്നു. അത്ര കണ്ടു ഇവരുടെ  കൂട്ടു വേഷങ്ങള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നു.


 ഒരിക്കല്‍ മങ്കൊമ്പ് ആശാന് സുഖം ഇല്ലത്തെ ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ ഹൃദയ രോഗം ഉണ്ടെന്നും ഇനി കളിക്ക് വേഷം കേട്ടരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മാനസീകമായി തളര്‍ന്ന മങ്കൊമ്പ് ആശാന്‍ വീട്ടില്‍ വന്നു കിടപ്പായി. അദ്ദേഹം ശരിക്കും ഭയന്നു പോയി. ഏറ്റ പല കളികള്‍ക്കു പോകാതെയായി. വാളകത്ത് ഒരു കളികഴിഞ്ഞ് ചെന്നിത്തല ആശാനും മാത്തൂരും കൂടി ചെങ്ങന്നൂരില്‍ ഉള്ള മങ്കൊമ്പ് ആശാന്റെ വസതിയില്‍ എത്തുമ്പോള്‍ ദീക്ഷ വളര്‍ന്നു വളരെ വികൃത രൂപത്തില്‍ ഇരിക്കുന്ന മങ്കൊമ്പ് ആശാനെയാണ് അവര്‍ക്ക് കാണുവാന്‍ സാധിച്ചത്. മങ്കൊമ്പ് ആശാന്റെ ഈ ദയനീയ അവസ്ഥ കണ്ട ചെന്നിത്തല ആശാന്‍ : " ചേട്ടന്‍ എന്താണ് ഈ കാണിക്കുന്നത്? ആരാണ് പറഞ്ഞത് ചേട്ടന് ഹൃദയ രോഗം ആണെന്ന്?   ചേട്ടന് ഒരു കുഴപ്പവും ഇല്ല. തിരുവല്ലയില്‍ വന്നു ശ്രീവല്ലഭന്റെ മുന്‍പില്‍ ഒരു വേഷം കെട്ടിയാല്‍ ചേട്ടന്റെ എല്ലാ രോഗവും പമ്പ കടക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. എന്നിട്ട് മങ്കൊമ്പ് ആശാന്റെ മകനോട് " ഒരു ബാര്‍ബറെ  കൂട്ടി വാ " എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞു. താമസിയാതെ ബാര്‍ബര്‍ എത്തി. മങ്കൊമ്പ് ആശാന്റെ മുടിയും  വെട്ടി, ഷേവും ചെയ്തു. പിന്നീടു തിരുവല്ലയില്‍ നടന്ന കളിക്ക് കൂട്ടിപ്പോയി ഒരു ബ്രാഹ്മണന്‍ കെട്ടിച്ചു .


 പിന്നീടു മങ്കൊമ്പ് ആശാന് ഒരു  ധൈര്യം വന്നു. വിദഗ്ദനായ ഒരു ഡോക്ടറെ കണ്ടു. ഡോക്ടര്‍ കളിക്ക് പോകുന്നതിനു തടസ്സം ഇല്ല എന്ന്  പറഞ്ഞു. പിന്നീടു ധാരാളം കളികള്‍ക്ക് "കൊമ്പും തലയും"  ഒന്ന് കൂടിയിരുന്നു .

No comments:

Post a Comment