Samithy

Samithy

Saturday, November 5, 2011

കണ്ടതും കേട്ടതും : നളചരിതത്തിലെ പുഷ്ക്കരന്‍


       ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പതിമൂന്നാം സ്മരണദിനം പ്രമാണിച്ച് 
                               ഡോക്ടര്‍ . ഏവൂര്‍ മോഹന്‍ ദാസ്‌ സമര്‍പ്പിക്കുന്നു.

 


 ഏവൂര്‍ നളചരിതോത്സവത്തിലെ  (2007) പുഷ്കരന്റെ ആട്ടത്തെക്കുറിച്ചു  സംസാരിക്കുമ്പോള്‍ ഒരു പ്രശസ്ത കലാമണ്ഡലനടന്‍ പറയുകയുണ്ടായി " കൃഷ്ണന്‍ നായരാശാന് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്ക്കരന്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റേതായിരുന്നു.   പലസ്ഥലത്തു വെച്ചും അദ്ദേഹം ഇക്കാര്യം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. " 
ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ കുറിച്ച് പ്രൊഫസര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കള്‍ എഴുതിയ ഒരു ലേഖനത്തില്‍  "കൃഷ്ണന്‍ നായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പന്‍ പിള്ളയുടെ പുഷ്ക്കരന്‍ അരങ്ങത്തു വരുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടം" എന്നും എഴുതികണ്ടു.
 ശ്രീ. കെ. പി. എസ്  മേനോന്റെ കഥകളി രംഗത്തില്‍ ( page: 446) "പുതിയ തലമുറയിലെ നടന്മാരില്‍ ചെന്നിത്തലയുടെ പുഷ്ക്കരന്‍ നല്ലതാണ് എന്ന് എഴുതിയിട്ടുണ്ട്.  ഇന്നത്തെ പല  നടന്മാരും പുഷ്കരനെ അവതരിപ്പിക്കുന്നത്‌ ചെന്നിത്തല ഈ വേഷം അവതരിപ്പിച്ചിരുന്നതില്‍ നിന്നും  വളരെ വ്യത്യസ്തമായാണ്.  കലി പ്രേരണയാല്‍ തന്റെ ജ്യേഷ്ഠനും രാജാവുമായ നളനെ ചൂതിനു വിളിക്കുന്ന ചെന്നിത്തലയുടെ പുഷ്ക്കരനില്‍ നളനോടുള്ള ഭയവും ബഹുമാനവും, ശക്തനായ കലി തന്റെ കൂടെ ഉണ്ടെന്നുള്ള ധാര്‍ഷ്ട്യവും അതില്‍നിന്നുളവാകുന്ന ധൈര്യവും, ഐശ്വര്യം വരുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്നവന്റെ അല്‍പ്പത്വവും എല്ലാം ഒരുപോലെ സമ്മേളിച്ചിരുന്നു. പുതിയ തലമുറയിലെ കലാകാരന്മാരുടെ പുഷ്കരന്മാരാകട്ടെ , നളനെ ചൂതിനു വിളിക്കുന്ന രംഗം മുതല്‍ അദ്ദേഹത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിച്ചവരെപ്പോലെയാണ് അഭിനയിക്കാറുള്ളത് . ഈ രണ്ടു പുഷ്കരന്മാരില്‍ ആരാണ് ഉണ്ണായിവാര്യരുടെ പുഷ്കരനോട് അടുത്തു നില്‍ക്കുന്നതെന്നു നോക്കാം.

" പുഷ്കരനെന്നുണ്ടേകന്‍ തത്കുലസമുല്‍ഭവന്‍
മുഷ്കരനാക്കേണം നാം സല്‍ക്കരിച്ചവന്‍ തന്നെ"  എന്ന ദ്വാപരന്റെ പദത്തോടെയാണ് ഉണ്ണായി പുഷ്കരനെ നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. ഈ പദത്തെ തുടര്‍ന്നു വരുന്ന ശ്ലോകത്തില്‍ "സ്വാപദേ സ്വയമചോദയജ്ജളം, സ്വാപതേയ ഹരണായ പുഷ്കരം" എന്നു പറഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും മറ്റൊരുവനാല്‍ സല്ക്കരിയ്ക്കപ്പെട്ടാല്‍ മാത്രം കരുത്താര്‍ജ്ജിക്കുന്ന വെറും ജളനായ ഒരു കഥാപാത്രമാണ് നളചരിതത്തിലെ പുഷ്ക്കരന്‍ എന്നു വ്യക്തം. മഹാഭാരതത്തിലെ  'നളോപാഖ്യാന'ത്തിലും ഏതാണ്ടീ വിധത്തിലുള്ള ഒരു പ്രകൃതം തന്നെയാണ് പുഷ്കരന് കല്‍പ്പിച്ചിട്ടുള്ളത്. 

രണ്ടാം ദിവസത്തിലെ " അരികില്‍ വന്നു നിന്നതാരെന്തഭിമതം" എന്ന പദം പുഷ്കരനെന്ന കഥാപാത്രത്തിന്റെ പ്രകൃതം സ്പഷ്ടമായി നമുക്കു കാട്ടിത്തരുന്നതാണ്. ധരണിയിലുള്ള എല്ലാ പരിഷകളും നളനെ ചെന്നുകണ്ട് അവരുടെ കാര്യങ്ങള്‍ സാധിച്ചു പോരുമെന്നും തന്നെ കാണാന്‍ ആരുംതന്നെ വരാറില്ലെന്നും ക്ഷത്രിയനാണെന്ന ഒരു പേരുമാത്രമേ തനിയ്ക്കുള്ളൂ എന്നും മറ്റുമുള്ള കാര്യങ്ങളാണ് പുഷ്ക്കരന്‍ കലി- ദ്വാപരന്മാരോട് വിളമ്പുന്നത്. അപരിചിതരായ രണ്ടുപേരോട് ഇത്രയും കാര്യങ്ങള്‍ അവരെ കണ്ടമാത്രയില്‍ തന്നെ പറയണമെങ്കില്‍, അതു പറയുന്നയാള്‍ ഒരു ബുദ്ധിഹീനനായിരിക്കണം. ഇങ്ങിനെ പറയുന്ന പുഷ്കരനോട്   'ഞാന്‍ കലി, തവ ഞാന്‍ മിത്രം, തസ്യ നാടും ഞാന്‍ തരുന്നു, ചൂതു പൊരുതുക പോരിക' എന്നു കലി പറയുമ്പോള്‍  'മലിനാശയനായ ആ നിഷധ പുഷ്കര ധൂമകേതു' മറ്റൊന്നും ചിന്തിക്കാതെ അതു പ്രവൃത്തിക്കുവാന്‍ ഒരുമ്പെടുക മാത്രമാണ് ഉണ്ടായത്.  കലിപ്രേരണയാല്‍  നളനെ ചൂതിനു വിളിച്ച്, കലിയുടെ സഹായത്തോടെ കള്ളച്ചൂതില്‍ ജയിച്ച് നളന്റെ രാജ്യം കൈക്കലാക്കുകയും ചെയ്തു. അത്രമാത്രം.

പുഷ്കരന്റെ പാത്ര പ്രകൃതി ഇതാകുമ്പോള്‍ നളനെക്കാള്‍ ബലവാനായ, ഭയലേശമില്ലാത്ത ഒരാളായി പുഷ്കരനെ രംഗത്ത് അവതരിപ്പിക്കുന്നതില്‍ ഔചിത്യം ഉണ്ടോ? നളനൊന്നു കയ്യുയര്‍ത്തിയാല്‍ അതിനേക്കാള്‍ ഉയരത്തില്‍ കയ്യുയര്‍ത്തി നളനെ അടിക്കാന്‍ ചെല്ലുന്ന പുഷ്കരന്മാരെയാണ് അടുത്തിട കഥകളി അരങ്ങുകളില്‍ കാണാറുള്ളത്. അരങ്ങില്‍ പ്രവേശിക്കുന്നതു  മുതല്‍ അവിടെ നിന്നും നിഷ്ക്രമിക്കുന്നതുവരെ  ഇവരുടെ പുഷ്ക്കരന്‍ സംഹാരരുദ്രനെ പോലെ അരങ്ങില്‍ താണ്ഡവമാടുകയാണ്. കലിബാധയാല്‍ സ്വപ്രകൃതം മാറി ഊര്‍ജ്ജം കൈവന്ന പുഷ്ക്കരന്‍ ഇങ്ങിനെയൊക്കെ തന്നെയാണ് ആടേണ്ടതെന്നാണവരുടെ പക്ഷം. പക്ഷെ നളചരിതം ആട്ടകഥയില്‍ നളനെയല്ലാതെ, പുഷ്കരനെ കലി ബാധിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ല. കലിയുടെ പ്രേരണയേ പുഷ്കരന് കിട്ടിയിട്ടുള്ളൂ. കലി പ്രേരണയും കലി ബാധയും രണ്ടും രണ്ടാണ്. ഇന്നലെ വരെ നളന്റെ സഹായം കൊണ്ടുമാത്രം ജീവിതം നടത്തിയ, പ്രത്യേകിച്ച് യാതൊരു വ്യക്തിത്വവും കഴിവുമില്ലാത്ത പുഷ്കരന്, പൊടുന്നനെ തന്റെ പ്രകൃതങ്ങള്‍ എങ്ങിനെ കൈവെടിയുവാന്‍ കഴിയും? ആരു പ്രേരിപ്പിച്ചാലും ഒരു പട്ടിക്കത്രവേഗം പുലിയാകാനൊക്കില്ല. നളനെ ചൂതിനു വിളിക്കുന്ന പുഷ്കരനില്‍ നളനോടുള്ള ഭയവും, എന്നാല്‍ കലിയുടെ പ്രേരണയാല്‍ ഉല്‍ഭൂതമാകുന്ന മഹത്വാകാംക്ഷയും അതില്‍നിന്നുളവാകുന്ന ധൈര്യവും ഒരുപോലെ സമ്മേളിക്കണം. ചില നടന്മാരുടെ അനവസരത്തിലുള്ള 'പുഷ്കരരൌദ്രം' കഥാപാത്രത്തിന്റെ പ്രകൃതിക്ക് ഒട്ടും തന്നെ യോജിച്ചതല്ലെന്ന് യശശരീരനായ ശ്രീ. എം. കെ. കെ. നായര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. കലാകോവിദനായ പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഈ വിഷയത്തിലുള്ള (എന്റെ ജീവിതം: അരങ്ങിലും അണിയറയിലും, D.B.Books) അഭിപ്രായങ്ങളും വളരെ ശ്രദ്ധേയമാണ്. 

'ആദ്യം മുതല്‍ എന്റെ പുഷ്ക്കരന്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്ത സമ്പ്രദായത്തിലായിരുന്നു'. ഒരിക്കല്‍ വേഷം കഴിഞ്ഞപ്പോള്‍ നളനായി വേഷമിട്ട ശ്രീമാന്‍. തോട്ടം ശങ്കരന്‍ നമ്പൂതിരി എന്നെ വിളിച്ചു പറഞ്ഞു; ഇങ്ങിനെയാണ്‌ ശരിക്കും ആടേണ്ട രീതി. പുഷ്ക്കരന്‍ ഒരിക്കലും നളനോട് കടുത്ത വൈരാഗ്യ ബുദ്ധി കാണിക്കരുത്. കലിയുടെ പ്രേരണകൊണ്ടു മാത്രമാണ് പുഷ്ക്കരന്‍ രണ്ടും കല്‍പ്പിച്ച് നളനെ ചൂതിനു വിളിച്ചത്. ചൂതിന്റെ ഫലമായി നളന്റെ സര്‍വസ്സവും കൈക്കലാക്കിയത്തിനു ശേഷം കുറച്ചു തന്റെടത്തോടുകൂടി ശാസനാരൂപത്തില്‍ പുഷ്കരനു നളനോടു പെരുമാറാം. അത്രയേ ആകാവൂ. പുഷ്കരന് അപ്പോഴും ഉള്ളില്‍ ഭയം ഉണ്ട്. ആഭയം പുറത്തു കാണിക്കാത്ത പ്രവര്‍ത്തിയേ ചെയ്യാവൂ. ചിലര്‍ കാണിക്കുന്നതുപോലെ നളനെ അടിക്കാനും പിടിക്കാനുമൊക്കെ തുനിഞ്ഞാല്‍, രാജാവായിരിക്കുന്ന നളന്‍ ഭ്രുത്യരെ വിളിച്ചു ' ഇവന്‍ ബോധമില്ലാതെ പുലമ്പുന്നു, ഇവനെ പിടിച്ചു കാരാഗൃഹത്തിലടയ്ക്കൂ' എന്നു കല്‍പ്പിച്ചാല്‍ തല്‍ക്കാലം പുഷ്ക്കരന്‍ തടവിലായതു തന്നെ. ചൂതുകളി കഴിയുന്നതു വരെ നളന്‍ മഹാരാജാവു തന്നെയാണ്. ഇപ്രകാരം തോട്ടം തിരുമേനി എന്നെ പലതും ഉപദേശിച്ചിട്ടുണ്ട്.

അതേ, അതാണ്‌ ഉണ്ണായി കണ്ട പുഷ്ക്കരന്‍. ഉണ്ണായിയുടെ പുഷ്കരനെ തടവിലാക്കുന്ന പ്രവര്‍ത്തികള്‍ അരങ്ങില്‍ ചെയ്യരുത്.  ഈ കലാകേസരികളുടെ വിവേകപൂര്‍വമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ഇന്നത്തെ പുഷ്കരന്മാര്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍!

Wednesday, November 2, 2011

"കൊമ്പും തലയും"

കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ടു കളികള്‍ക്കും സമീപ പ്രദേശങ്ങളിലെ കളികള്‍ക്കും സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്ന നടന്മാരില്‍ ശ്രീ. മങ്കൊമ്പ് ആശാന്‍ പ്രധാനി ആയിരുന്നു. എല്ലാ സ്ത്രീ വേഷങ്ങള്‍ക്ക് പുറമേ സീതാസ്വയംവരത്തില്‍ പരശുരാമന്‍ , സന്താനഗോപാലത്തില്‍ ബ്രാഹ്മണന്‍, കിരാതത്തില്‍ കാട്ടാളന്‍, നളന്‍, പുഷ്ക്കരന്‍, ദുര്യോധനന്‍ , കംസന്‍, ബലഭദ്രന്‍  എന്നീ വേഷങ്ങള്‍ കാണുവാന്‍ അവസരം ധാരാളം ഉണ്ടായിട്ടുണ്ട്.


 തിരുവല്ലയിലും പരിസരങ്ങളിലും  ഇദ്ദേഹത്തിന്റെ  കൂട്ടുവേഷക്കാരന്‍   കൂടുതലും ചെന്നിത്തല ആശാന്‍ ആയിരുന്നു. ഒരു ചില സാഹചര്യം നിമിത്തം കുറച്ചു കാലം  ഇവര്‍ ഒന്നിച്ചുള്ള കൂട്ടുവേഷങ്ങള്‍ ഉണ്ടാകുക കുറഞ്ഞു. അപ്പോള്‍ പല ആസ്വാദകരുടെയും അഭിപ്രായങ്ങള്‍  തലയ്ക്കു മുകളില്‍ കൊമ്പ് ഉണ്ടാകണം (ചെന്നിത്തലയെ "തല" എന്നും മങ്കൊമ്പിനെ "കൊമ്പ് " എന്നും ചിത്രീകരിച്ചു കൊണ്ട് ) എന്നായിരുന്നു.    കൊമ്പ് ഇല്ലാത്ത തലയും,  തല ഇല്ലാത്ത കൊമ്പും ശോഭിക്കില്ല എന്നായിരുന്നു അവരുടെ അഭിപ്രായം.  പലരും ഇരുവര്‍ക്കും ഇതേ അഭിപ്രായം എഴുതി അറിയിക്കുകയും ചെയ്തിരുന്നു. അത്ര കണ്ടു ഇവരുടെ  കൂട്ടു വേഷങ്ങള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നു.


 ഒരിക്കല്‍ മങ്കൊമ്പ് ആശാന് സുഖം ഇല്ലത്തെ ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ ഹൃദയ രോഗം ഉണ്ടെന്നും ഇനി കളിക്ക് വേഷം കേട്ടരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മാനസീകമായി തളര്‍ന്ന മങ്കൊമ്പ് ആശാന്‍ വീട്ടില്‍ വന്നു കിടപ്പായി. അദ്ദേഹം ശരിക്കും ഭയന്നു പോയി. ഏറ്റ പല കളികള്‍ക്കു പോകാതെയായി. വാളകത്ത് ഒരു കളികഴിഞ്ഞ് ചെന്നിത്തല ആശാനും മാത്തൂരും കൂടി ചെങ്ങന്നൂരില്‍ ഉള്ള മങ്കൊമ്പ് ആശാന്റെ വസതിയില്‍ എത്തുമ്പോള്‍ ദീക്ഷ വളര്‍ന്നു വളരെ വികൃത രൂപത്തില്‍ ഇരിക്കുന്ന മങ്കൊമ്പ് ആശാനെയാണ് അവര്‍ക്ക് കാണുവാന്‍ സാധിച്ചത്. മങ്കൊമ്പ് ആശാന്റെ ഈ ദയനീയ അവസ്ഥ കണ്ട ചെന്നിത്തല ആശാന്‍ : " ചേട്ടന്‍ എന്താണ് ഈ കാണിക്കുന്നത്? ആരാണ് പറഞ്ഞത് ചേട്ടന് ഹൃദയ രോഗം ആണെന്ന്?   ചേട്ടന് ഒരു കുഴപ്പവും ഇല്ല. തിരുവല്ലയില്‍ വന്നു ശ്രീവല്ലഭന്റെ മുന്‍പില്‍ ഒരു വേഷം കെട്ടിയാല്‍ ചേട്ടന്റെ എല്ലാ രോഗവും പമ്പ കടക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. എന്നിട്ട് മങ്കൊമ്പ് ആശാന്റെ മകനോട് " ഒരു ബാര്‍ബറെ  കൂട്ടി വാ " എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞു. താമസിയാതെ ബാര്‍ബര്‍ എത്തി. മങ്കൊമ്പ് ആശാന്റെ മുടിയും  വെട്ടി, ഷേവും ചെയ്തു. പിന്നീടു തിരുവല്ലയില്‍ നടന്ന കളിക്ക് കൂട്ടിപ്പോയി ഒരു ബ്രാഹ്മണന്‍ കെട്ടിച്ചു .


 പിന്നീടു മങ്കൊമ്പ് ആശാന് ഒരു  ധൈര്യം വന്നു. വിദഗ്ദനായ ഒരു ഡോക്ടറെ കണ്ടു. ഡോക്ടര്‍ കളിക്ക് പോകുന്നതിനു തടസ്സം ഇല്ല എന്ന്  പറഞ്ഞു. പിന്നീടു ധാരാളം കളികള്‍ക്ക് "കൊമ്പും തലയും"  ഒന്ന് കൂടിയിരുന്നു .

Monday, September 19, 2011

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള - ഒരനുസ്മരണം


ബ്രഹ്മശ്രീ.  മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരിയുടെയും ശ്രീ. കലാമണ്ഡലം കേശവന്റെയും ശിഷ്യന്‍ എന്ന നിലയില്‍  അറിയപ്പെടുന്ന കഥകളി ചെണ്ട കലാകാരനുമായ ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അവര്‍കള്‍ ചെന്നിത്തല ആശാന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് ആശാനെ പറ്റിയുള്ള സ്മരണ എഴുതി  ആശാന്റെ കുടുംബാംഗങ്ങള്‍ക്ക് 27-02-1999- ന്   സമര്‍പ്പിച്ചത്


                                   ഡോക്ടര്‍. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിലെ കഥകളി. കഥ. ഹരിശ്ചന്ദ്രചരിതം. ഹരിക്ക് തുല്യനായ ഹരിശ്ചന്ദ്ര ചക്രവര്‍ത്തി ഒരിക്കലെങ്കിലും വ്യാജം ഉരച്ചെന്നാകില്‍  മദ്യം നിറച്ച കുംഭവുമായി തെക്കോട്ട്‌ തിരിക്കുമെന്ന് ദേവസദസ്സില്‍ വസിഷ്ഠന്‍ സത്യം ചെയ്തു. ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലെന്നു തെളിയിച്ചില്ലെങ്കില്‍ താനാര്‍ജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്ന് വിശ്വാമിത്രനും ശപഥം ചെയ്തു. ദേവസദസ്സ് പിരിഞ്ഞു. ഹരിശ്ചന്ദ്രന്റെ സമീപമെത്തുന്ന വിശ്വാമിത്രന്‍ യാഗം നടത്തുവാനുള്ള ധനം ആവശ്യപ്പെടുന്നു. ഹരിശ്ചന്ദ്രന്‍ അതു സമ്മതിച്ചു. വിശ്വാമിത്രന്‍ രതി വിരതികളെ സൃഷ്ട്ടിച്ചു ഹരിശ്ചന്ദ്രന്റെ സമീപത്തേക്ക് അയച്ചു. അവര്‍ ആക്ഷേപിക്കപ്പെട്ട് തിരിച്ചെത്തി. കോപം കൊണ്ട് വിറച്ച വിശ്വാമിത്രന്‍ രതി വിരതികളെയും കൂട്ടി  ഹരിശ്ചന്ദ്രന്റെ മുന്നിലെത്തി അവരെ സ്വീകരിക്കുവാന്‍ ആജ്ഞാപിക്കുന്നു. ഹരിശ്ചന്ദ്രന്‍ അതിന് തയ്യാറാകുന്നില്ല. രാജ്യം വിശ്വാമിത്രന്‍ നേടി. കാല്‍ക്കല്‍ വീണ ഹരിശ്ചന്ദ്രന്റെ ശിരസ്സില്‍  വിശ്വാമിത്രന്‍ ചവിട്ടി. വേദവെദാന്താദിവിദ്യാപയോധിയുടെ മറുകര കണ്ട മുനിവര്യന്റെ കാലുകള്‍ പാപിയായ തന്റെ തലയില്‍ ചവിട്ടിയപ്പോള്‍ വേദന പൂണ്ടീടുന്നോ എന്നു ചോദിക്കുന്ന സാത്വികനായ, സത്യ സന്ധനായ ഹരിചന്ദ്രന്‍ കഥകളി ലോകത്തോട്‌ വിടപറഞ്ഞു.

ആരാണീ കഥാനായകന്‍? അറുപതു വര്‍ഷം കഥകളി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 
ശ്മശാനത്തിന്റെ കാവല്‍ക്കാരനായിത്തീര്‍ന്ന ഹരിചന്ദ്രന്‍ നിത്യ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കി ദാര്‍ശനികതയിലേക്ക്  ഉയര്‍ന്ന സന്ദര്‍ഭം. തല ചീകി പൊട്ടുതൊട്ട് അഹംഭാവവുമായി നടക്കുന്ന മനുഷ്യന്‍ ചിതയിലോടുങ്ങുന്ന രംഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ ഹരിചന്ദ്രനായി രംഗത്തു നിന്ന ചെല്ലപ്പന്‍ പിള്ളയ്ക്ക് അസ്വസ്ഥത.  അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് - കൂടുതല്‍ വൈദ്യ പരിശോധനക്ക്  മദ്രാസിലേക്ക്. വേഷം കേട്ടരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശനമായ നിര്‍ദ്ദേശം. അതേല്‍പ്പിച്ച മാനസീക വ്യഥയുമായി നാലു വര്‍ഷം. അങ്ങിനെ ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു നിന്നും പിന്മാറി (പിന്നീടു ദൂരദര്‍ശനു വേണ്ടി അര മണിക്കൂര്‍ കചന്‍). ചെല്ലപ്പന്‍ പിള്ളയുടെ കഥകളി രംഗത്തെ അവസാന വേഷത്തിന് പിന്നില്‍ നിന്നു മേളം നല്‍കിയ രംഗം ഒരു ദുഃഖ സ്മൃതിയായി മനസ്സില്‍ തെളിഞ്ഞു.

                            സംഗീത നാടക അക്കാദമി അവാര്‍ഡ് ഫോട്ടോ 
 

അനുഗഹീത കഥകളി നടനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെ ഭൌതീക ശരീരം ചിതയിലെരിഞ്ഞപ്പോള്‍ കഥകളിയിലെ ഒരു ശൈലിയുടെ എണ്ണപ്പെട്ട ഒരു കലാകാരനാണ് തിരശീലക്ക്  പിന്നിലേക്ക്‌ മറഞ്ഞത്. കത്തി വേഷത്തില്‍ അഗ്ര ഗണ്ണ്യനായിരുന്ന ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായിരുന്നെങ്കിലും പച്ച വേഷങ്ങളാണ് മുഖ്യമായി ചെല്ലപ്പന്‍ പിള്ള കൈകാര്യം ചെയ്തിരുന്നത്. രുഗ്മാംഗാദചരിതത്തിലെ രുഗ്മാംഗദനും, കര്‍ണ്ണശപഥത്തിലെ കര്‍ണ്ണനും, സന്താനഗോപാലം കിരാതം എന്നീ കഥകളിലെ അര്‍ജുനനും നളചരിതം ഒന്നാം ദിവസത്തിലെ നളനും ഹംസവും, നാരദനും  ശുക്രനും  കചനും കൃഷ്ണനും ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു സജീവമാക്കിയ പുരാണ കഥാപാത്രങ്ങളാണ്.  കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങള്‍ ആസ്വാദകരിലെത്തിക്കുവാന്‍ ഒരു പ്രത്യേക സിദ്ധി വിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. നാട്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വടിവില്‍ നിന്നും അഭിനയ പ്രകടനം കൂടുതല്‍ സംവേദനക്ഷമമായ മേഖലയിലേക്ക് പലപ്പോഴും പോയിരുന്നു. ചെല്ലപ്പന്‍ പിള്ള രംഗത്തു വരുമ്പോള്‍ കാണികള്‍ക്ക് എന്നും ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതു കൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ അഭിനയ ചാതുരിക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.

                                          നാട്ടുകാരോടൊപ്പം ശ്രീ. ചെല്ലപ്പന്‍ പിള്ള
 

                              ദൂരദര്‍ശനു വേണ്ടി അവതരിപ്പിച്ച കചന്‍

                              രുഗ്മാംഗദന്‍ : ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

നിഴല്‍കുത്തിലെ മന്ത്രവാദിയുടെ വേഷം കെട്ടി ലോകധര്‍മ്മിയായ അഭിനയ പ്രകടനങ്ങളിലൂടെ സാധാരണ ആസ്വാദകരെ ആകര്‍ഷിച്ചു കൊണ്ടാണ് ചെല്ലപ്പന്‍ പിള്ള മുന്‍നിരയിലേക്ക് ഉയര്‍ന്നത്.  ഗുരു. ചെങ്ങന്നൂര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി, കുറിച്ചി, കുടമാളൂര്‍, ചമ്പക്കുളം എന്നിവര്‍ നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തില്‍ അവരുടെ അഭിനയത്തിന്റെ സൂഷ്മതലങ്ങള്‍  ദൂരെ നിന്നു കണ്ടു മനസിലാക്കുവാന്‍ ശ്രമിച്ചിരുന്ന  കഠിനാധ്വാനിയായ കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു ശൈലിയിലൂടെ മുന്‍നിരയിലെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ അതു സൃഷ്ടിച്ചേക്കാവുന്ന ദോഷവശങ്ങളെക്കുറിച്ചു  ആലോചിക്കാതെ മുഖം നോക്കാതെ പറയുവാന്‍  തന്റേടം കാണിച്ചിട്ടുള്ള   ചെല്ലപ്പന്‍ പിള്ളയുടെ ഗുരുഭക്തിയും വിനയവും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. അണിയറകളില്‍ വെച്ച്, യാത്രക്കിടയില്‍ വെച്ച് സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലൊക്കെ  നര്‍മ്മം കലര്‍ന്ന വാക്കുകള്‍ കൊണ്ട് രസിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.  ഒരിക്കല്‍ കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ നളചരിതം മൂന്നാം ദിവസം. ബാഹുകന്‍ കലാമണ്ഡലം ഗോപി. അന്നത്തെ ബാഹുകന്‍ ജന ഹൃദയങ്ങളെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് വെളുത്ത നളനായി രംഗത്തു വന്ന ചെല്ലപ്പന്‍പിള്ള, ദമയന്തിയെ കാട്ടിലുപേക്ഷിക്കേണ്ടി  വന്ന നളന്റെ ദുഖവും മാനസീക സംഘട്ടനവും അവതരിപ്പിച്ചപ്പോള്‍ നളനും ബാഹുകനും ഒരു തുടര്‍ച്ചയായിത്തന്നെ കണ്ടാസ്വദിക്കുവാന്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചു.
  
നിരവധി പുരസ്കാരങ്ങള്‍, വിദേശപര്യടനങ്ങള്‍ - അരനൂറ്റാണ്ടിലേറെ നീണ്ട സപര്യ ദേശീയ അവാര്‍ഡു വരെ ലഭിച്ച ഒരു കലാകാരന് വേണ്ടത്ര മാനസീക സംതൃപ്തി നല്‍കുവാന്‍, ആദരിക്കുവാന്‍ കഴിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. കഥകളിയിലെ തെക്കന്‍ ശൈലിയില്‍ ഭവാവിഷ്കാരത്തിനു വളരെ അധികം കഴിവുണ്ടായിരുന്ന ഒരു കഥകളി നടന്‍ കൂടി എന്നെന്നേക്കുമായി വിട പറഞ്ഞു. 
കഥകളി ലോകം എന്നും ആ കലാപ്രതിഭയെ സ്മരിക്കും.  

Sunday, July 17, 2011

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ചിത്രങ്ങള്‍ -1

 


(ബാലിവധം കഥകളിയിലെ ഒരു രംഗം) 
ശ്രീരാമന്‍: ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ലക്ഷ്മണന്‍ : ശ്രീ. കലാമണ്ഡലം ശേഖര്‍ 




കളര്‍കോട് ശ്രീ. നാരായണന്‍ നായര്‍ എഴുതിയ ശ്രീകൃഷ്ണാവതാരം കഥകളിയിലെ രംഗം
കംസന്‍: ശ്രീ. തോന്നക്കല്‍ പീതാംബരന്‍, വസുദേവര്‍ : ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള , 
ദേവകി: ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി 


ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ അറുപതാം ജന്മദിനത്തിന് കോട്ടയം കളിയരങ്ങ് പാരിതോഷികം നല്‍കുന്നു.


 കളിയരങ്ങിന്റെ സ്വീകരണ വേളയില്‍ പ്രൊഫസ്സര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മയോടൊപ്പം 


Tuesday, March 8, 2011

പഴയ ചിത്രങ്ങള്‍

                                            ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                          

                                        രുഗ്മാംഗദന്‍ ( ചെന്നിത്തല ആശാന്‍)


രുഗ്മാംഗദന്‍ ( ചെന്നിത്തല ആശാന്‍) 


                                          ഹംസം  ( ചെന്നിത്തല ആശാന്‍)


                                         ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

Tuesday, December 21, 2010

12th അനുസ്മരണം

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം 2010  നവംബര്‍ 13 , ശനിയാഴ്ച  മഹാത്മാ ഗേള്‍സ്‌ സ്കൂള്‍ ആഡിറ്റോറിയത്തില്‍  നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ചു. രണ്ട്  പതിനഞ്ചു മണിക്ക്  മലയാളവേദി, ചെന്നിത്തല എന്ന സംഘടന  കാവ്യാര്‍ച്ചന നടത്തി.


 വൈകിട്ട് അഞ്ചു മണിക്കു  ശ്രീ. ഞാഞ്ഞൂല്‍ ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ,  ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ  അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു.  ശ്രീ.എന്‍. വിശ്വനാഥന്‍ നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
പ്രസിദ്ധ കഥകളി ഗായകന്‍ ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക്   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍  സമര്‍പ്പിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
 
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി പുരസ്കാരം നല്‍കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. തന്റെ പിതാവുമായും താനുമായും ഉള്ള സ്നേഹബന്ധം, എവൂരില്‍ ഒരു കളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്‌, പിന്നീടു ചെന്നിത്തലക്ക് പോയി ഹംസത്തിന്റെ ചുണ്ടും ചിറകും എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അനുസ്മരിച്ചത്. 

തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന്‍ നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി. 
  കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ. മധു വാരണാസി പ്രഹളാദനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും ,  കലാമണ്ഡലം ബാലകൃഷ്ണന്‍ നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അശ്വിന്‍ എന്നിവര്‍  ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.

                                         ഹിരണ്യന്‍ (തിരക്കിനോട്ടം)

                                          ഹിരണ്യന്‍ (തിരക്കിനോട്ടം)

                                          ശുക്രാചാര്യര്‍ , ഹിരണ്യന്‍ , പ്രഹ്ലാദന്‍
                           
                                        ശുക്രാചാര്യര്‍, ശിഷ്യര്‍കള്‍ , ഹിരണ്യന്‍,പ്രഹ്ലാദന്‍

                                         നരസിംഹം, ഹിരണ്യന്‍ 

                                 നരസിംഹം, പ്രഹ്ലാദന്‍
 

ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു.  ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍  കേശവന്‍ നായര്‍, ശ്രീ. ഏവൂര്‍  മാധവന്‍ കുട്ടി, ശ്രീ. പന്മന അരുണ്‍  എന്നിവരായിരുന്നു  അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന്‍ എന്ന ബാല നടന്‍  നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ   കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി.

ചെന്നിത്തല ആശാന്‍ സ്മരണ (ശ്രീ. പാലനാട് ദിവാകരന്‍)

20-12-2010 ന്  ചെന്നൈ  മഹാലിംഗപുരം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഒരു കളിക്ക് എത്തിയ പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ ശ്രീ. പാലനാട് ദിവാകരന്‍ അവര്‍കളെ സന്ധിച്ചപ്പോള്‍ അദ്ദേഹം ചെന്നിത്തല ആശാനെ പറ്റി പറഞ്ഞ വാക്കുകള്‍. 

                                             ശ്രീ. പാലനാട് ദിവാകരന്‍


ചെന്നിത്തല ആശാന്റെ ധാരാളം വേഷങ്ങള്‍ക്ക് ഞാന്‍ പാടിയിട്ടുണ്ട്. അശാനു  സുഖമില്ലാതെ വന്നപ്പോള്‍ ഞാന്‍   അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നു.   ഒരിക്കല്‍ കണ്ടു  സംസാരിച്ചിട്ടുള്ള ആര്‍ക്കും തന്നെ  അദ്ദേഹത്തെ മറക്കുവാന്‍ സാധിക്കില്ല.

Tuesday, November 30, 2010

ചെന്നിത്തല ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി വരച്ച ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ വരപടം




1970- കളില്‍ ചെന്നിത്തല മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനെ ശ്രീ. വിഷ്ണു നമ്പൂതിരി ആദരിക്കുന്ന ചിത്രം.






ശ്രീ.തിരുവല്ലാ ഗോപികുട്ടന്‍ നായര്‍


ശ്രീ.തിരുവല്ലാ ഗോപികുട്ടന്‍ നായര്‍ ,1944 ഡിസംബര്‍  - 9 നു തിരുവല്ലാ,  തുകലശ്ശേരിയില്‍ ശ്രീ. നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി. പാറുക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ചു. ശ്രീ. കണ്ണഞ്ചിറ രാമന്‍പിള്ള, ശ്രീ.കണ്ണഞ്ചിറ കൃഷ്ണപിള്ള, തിരുവല്ലാ മാതുപിള്ള (കഥകളി സംഗീതം ), തിരുവല്ലാ വാസുദേവന്‍‌ പിള്ള, കൊച്ചിക്കാ കേശവപിള്ള എന്നിങ്ങനെയുള്ള കഥകളി കലാകാരന്മാരുടെ കുടുംബത്തിലാണ്  അദ്ദേഹത്തിന്‍റെ  ജനനം.   അന്ന് നിത്യം കഥകളി നടക്കുന്ന തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ അമ്മയോടൊപ്പം പോയി കഥകളി കാണുകയും, കഥകളി കമ്പം ഉണ്ടാവുകയും ആട്ടക്കാര്‍ ഉപേക്ഷിച്ചു പോകുന്ന ചുട്ടി, മനയോല എന്നിവ വീട്ടില്‍ എടുത്തു വന്നു മുഖത്ത് ഒട്ടിച്ച് വെച്ചു കൊണ്ടു സുഹൃത്തുക്കളോടൊപ്പം തുള്ളിചാടുകയും ചെയ്യുന്നതു  കണ്ട  ചിറ്റപ്പനായ ശ്രീ. കണ്ണഞ്ചിറ രാമന്‍ പിള്ള ഗോപികുട്ടന്‍ നായരെ കഥകളി അഭ്യസിപ്പിച്ചു. പത്താം വയസ്സില്‍ കഥകളിക്കു കച്ച കെട്ടിച്ചു. അക്കാലത്തു പ്രസിദ്ധരായിരുന്ന ഗുരു. ചെങ്ങന്നൂര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ പിള്ള, മങ്കൊമ്പ് ശിവശങ്കര പിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, വൈക്കം കരുണാകരന്‍ നായര്‍ എന്നീ കലാകാരന്മാരോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍ കെട്ടുകയും ചെയ്തു. 

കഥകളി നടനായി രംഗത്ത്‌ പ്രവര്‍ത്തിച്ച് കൊണ്ട് തന്നെ ശ്രീ.തിരുവല്ലാ ചെല്ലപ്പന്‍ പിള്ള ആശാന്റെ കീഴില്‍ കഥകളി സംഗീതവും അഭ്യസിച്ച്‌  പതിനാലാം വയസ്സില്‍  തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഥകളി സംഗീത അരങ്ങേറ്റം കഴിഞ്ഞു. തുടര്‍ന്ന്  ശ്രീ. നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ആശാന്റെ കീഴില്‍ ഒരുവര്‍ഷം ഉപരി പഠനം കഴിഞ്ഞ്‌ ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ്, തകഴി കുട്ടന്‍ പിള്ള, ചേര്‍ത്തല തങ്കപ്പപണിക്കര്‍ എന്നീ ഗായകന്മാരുടെ    ശങ്കിടിക്കരനായി പ്രവര്‍ത്തിച്ച് അരങ്ങു പരിചയം നേടി. പിന്നീടു ഗുരു. ചെങ്ങന്നൂര്‍, മാങ്കുളം തിരുമേനി  , പള്ളിപ്പുറം ആശാന്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രഗത്ഭ കലാകാരന്മാര്‍  പങ്കെടുത്തിരുന്ന  ദക്ഷിണ കേരളത്തിലെ പ്രധാന കളിയരങ്ങുകളില്‍ സജീവമായി രംഗത്ത് പ്രവര്‍ത്തിച്ച് വന്നു. 

ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്‍ എഴുതിയ ഭീഷ്മപ്രതിജ്ഞ എന്ന കഥയുടെ അരങ്ങേറ്റം പെരുമ്പാവൂരില്‍ നടന്നപ്പോള്‍  ആശാന്‍ പാട്ടിനു ഗോപികുട്ടന്‍ നായരെയാണ് ക്ഷണിച്ചിരുന്നത്. അന്ന് പൊതുവാള്‍ ആശാനുമൊന്നിച്ചു  രംഗത്ത് പാടുവാനും അദ്ദേഹത്തിന് സാധിച്ചു.

ശ്രീ. കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്റെ താല്‍പ്പര്യത്തിന്റെ പേരില്‍ കേരള കലാമണ്ഡലം തെക്കന്‍ കളരിയിലേക്ക്  അപേക്ഷ സമര്‍പ്പിക്കുകയും 1979- ല്‍ കേരള കലാമണ്ഡലം തെക്കന്‍ കളരിയില്‍ കഥകളി സംഗീത അദ്ധ്യാപകനായി  നിയമിതനാവുകയും ചെയ്തു.   ശ്രീ. മങ്കൊമ്പ് ശിവശങ്കര പിള്ള, ശ്രീ.കലാമണ്ഡലം രാജശേഖരന്‍, ശ്രീ.വാരണാസി മാധവന്‍ നമ്പൂതിരി, ശ്രീ. പള്ളം മാധവന്‍ എന്നിവരോടൊപ്പം സുമാര്‍  ഒരു വര്‍ഷം അവിടെ  സേവനം ചെയ്തു. അന്ന് തെക്കന്‍ കേരളത്തില്‍ നടക്കുന്ന പല കളികള്‍ക്കും പങ്കെടുക്കാന്‍ കലാമണ്ഡലത്തില്‍ നിന്നും അനുവാദം ലഭിക്കാതെ വരികയും,  തിരുവല്ലയില്‍ ഒരു കളി ഏറ്റിട്ടു, കലാമണ്ഡലത്തില്‍ നിന്നും കളിക്ക് പോകാന്‍ അനുവാദം ലഭിക്കാതെ വന്നപ്പോള്‍, ആവിവരം അറിഞ്ഞു കൊണ്ടു കളിയുടെ ചുമതല വഹിച്ചിരുന്ന ശ്രീ. തിരുവല്ല ഗോപാലപ്പണിക്കര്‍ ആശാന്‍ കേരള കലാമണ്ഡലത്തില്‍ എത്തുകയും കളിക്ക് നിര്‍ബ്ബന്ധമായും വന്നേ തീരൂ എന്ന നില വന്നപ്പോള്‍ കലാമണ്ഡലത്തിലെ  ജോലി രാജിവെച്ചിട്ട്  പണിക്കര്‍ ആശാനോടൊപ്പം തിരുവല്ലയിലേക്ക് മടങ്ങി. ജോലി രാജി വെച്ചതിന്റെ പേരില്‍ പല കലാസ്നേഹികള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും  അതെ തുടര്‍ന്നു  ഉണ്ടായ  മാനസീക പ്രശ്നങ്ങളും   കാരണം തുടര്‍ന്നുള്ള എട്ട് വര്‍ഷക്കാലത്തോളം  കഥകളി രംഗത്ത് ശ്രദ്ധ പതിപ്പിക്കാതെ അലസ ജീവിതം നയിക്കേണ്ടിവന്നു. പിന്നീട് ശിഷ്യന്‍ പരിമണം മധുവും ഒത്ത് സജീവമായി കഥകളി രംഗത്ത്‌ പ്രവര്‍ത്തിച്ചു വരുന്നു. 

 ‌ഭാവസംഗീതമാണ്  കഥകളിക്ക് വേണ്ടത് എന്ന് വിശ്വസിക്കുന്ന ശ്രീ. ഗോപികുട്ടന്‍ നായര്‍ക്ക്  കലവല്ലഭ പുരസ്കാരം, ശ്രീ.MKK. നായര്‍ അവാര്‍ഡ് , കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഗുരു പൂജാ പുരസ്കാരം,  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവാര്‍ഡ് , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം (2010 )എന്നിവ ലഭിച്ചിട്ടുണ്ട്. ശ്രീ. ഗോപികുട്ടന്‍ നായരുടെ മകന്‍ ശ്രീ.കലാഭാരതി ജയന്‍ കഥകളി മദ്ദള കലാകാരനാണ്.

Friday, November 19, 2010

2010 - ലെ കേരള സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി

ശ്രീ. എന്‍. വിഷ്ണു നമ്പൂതിരി  അവര്‍കള്‍ 1958 മേയ് മാസം  5- ന് ചെന്നിത്തല കിഴക്കേവഴി മായര നീലമന  ഇല്ലത്ത് ബ്രഹ്മശ്രീ. എം. ഈ. നാരായണന്‍ നമ്പൂതിരിയുടേയും ശ്രീമതി. ദേവകി  അന്തര്‍ജ്ജനതിന്റെയും രണ്ടാമത്തെ പുത്രനായി ജനിച്ചു. 
                       Sri.Chennithala N. Vishnu Nampoothiri

ചെന്നിത്തല കളരിക്കല്‍ ഗവ: എല്‍. പി. എസ്സിലും മഹാത്മാ ഹൈസ്ക്കൂളിലും പ്രാഥമീക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍  നിന്നും ഊര്‍ജ്ജ തന്ത്രത്തിലും ചങ്ങനാശ്ശേരി എന്‍. എസ്.  ട്രെയിനിഗ്  കോളേജില്‍ നിന്നും അധ്യാപനത്തിലും പ്രശസ്തമായ നിലയില്‍ ബിരുദങ്ങള്‍ നേടി.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ വിവിധ സ്കൂളുകളിലായി നീണ്ടു നിന്ന 28 വര്‍ഷത്തെ സേവനതിന് 1983 ജനുവരി 13 - ന് ഗവ: എച്ച് . എസ്സ് വലിയഴീക്കലിലാണ് തുടക്കം കുറിച്ചത്.  T.H.S  കൃഷ്ണപുരം,  G.H.S ബുധനൂര്‍,  Govt.T.T.I ചെങ്ങന്നൂര്‍, G.V.H.S.S  മുളക്കുഴ,  G.V.H.S.S മാവേലിക്കര,  G.V.H.S.S ചുനക്കര എന്നീ സ്കൂളുകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ G.V.H.S.S കുന്നം സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയി സര്‍വീസില്‍  തുടരുന്നു.ഹൈസ്കൂള്‍ അദ്ധ്യാപക തസ്തികയില്‍ വ്യത്യസ്തങ്ങളായ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്സ്, ടീച്ചര്‍ എഡ്യുക്കേറ്റര്‍ എന്നീ നിലകളില്‍ സേവനം നടത്തുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ആധുനിക വിദ്യാഭ്യാസത്തില്‍ മന:ശാസ്ത്ര സമീപനത്തിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ കവുണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും  ഒരുപോലെ വഴികാട്ടിയാകുന്ന "വിജയത്തിലേക്കുള്ള പടവുകള്‍" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


S.S.L.C പരീക്ഷയില്‍ വിജയ ശതമാനം കുറഞ്ഞ സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുണ നിലവാരമുള്ള വിദ്യാഭാസം കുട്ടികളുടെ അവകാശം'  എന്ന പ്രോജക്റ്റ് വിജയകരമായി നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സേവനം അനുഷ്ടിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ 100% വിജയം നിലനിര്‍ത്തുന്നതിനും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്‌. വിദ്യാഭ്യാസ മേഖലയില്‍ എന്നും ക്രിയാത്മകമായ പരീക്ഷണങ്ങള്‍ നടപ്പിലാക്കുന്നതിലും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പകര്‍ന്നു കൊടുക്കുന്നതിലും സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപക പരിശീലന പരിപാടികളില്‍ റിസോഴ്സ് പേഴ്സണലായും, നിരീക്ഷകനായും പ്രവര്‍ത്തിച്ചു വരുന്നു. പ്രാധാന്യമുള്ള ദിനാചരണങ്ങള്‍, കുട്ടികളുടെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെടുത്തി
 ആഘോഷിക്കുന്നതിനും അതിലെ സന്ദേശം സമൂഹത്തിലേക്കു എത്തിക്കുന്നതിനും ജാഗരൂകനായി പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ തല പരിപാടികള്‍ സ്വന്തമായി ഡോക്കുമെന്റ് ചെയ്ത് കോണ്‍ഫറന്‍സുകളില്‍ പ്രസന്റ് ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷനിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന ഇദ്ദേഹത്തിന്‌ ശുചിത്വ പരിപാടികളുടെ ഭാഗമായി ഇക്കോ ക്ലബ്ബ് ഏര്‍പ്പെടുത്തിയ ജില്ലാ തല പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയില്‍ ഇദ്ദേഹത്തിന്റെ സേവനം ചെന്നിത്തല പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്  മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിച്ച് ഇദ്ദേഹം ഒഴിവു സമയങ്ങളില്‍ ചെന്നിത്തല പഞ്ചായത്തിലെ സാക്ഷരതാ ക്ലാസ്സുകളില്‍ എത്തി പഠിതാക്കള്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന് സമയം കണ്ടെത്തിയിട്ടുണ്ട്. മികച്ച സാക്ഷരതാ പ്രവര്‍ത്തകന്‍ എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തുകയുമുണ്ടായി. 

സാക്ഷരതാ  മിഷന്റെ SSLC തുല്യതാ പരീക്ഷയുടെ മാവേലിക്കര കേന്ദ്രത്തില്‍ പഠിതാക്കള്‍ക്ക് ഊര്‍ജ്ജതന്ത്രം, രസതന്ത്രം  എന്നീ വിഷയങ്ങളില്‍ അദ്ധ്യാപനം നടത്തിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്തു തലത്തില്‍ നടക്കുന്ന വിജ്ഞാന ഉത്സവങ്ങള്‍ക്കും സേവനം ലഭ്യമാക്കി വരുന്നു. ചെന്നിത്തലയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി ബന്ധപ്പെടുന്ന ഇദ്ദേഹം മഹാത്മാ ഹൈസ്കൂളുകളില്‍ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടാനുള്ള പരിശീലനവും ബോധവത്കരണവും നല്‍കി വരുന്നു. പൊതു വിദ്യാഭ്യാസ ധാരയില്‍ വിലപ്പെട്ട ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും സ്വന്തം ജീവിതത്തിലൂടെ ഈ വഴിയിലുള്ള നീക്കങ്ങള്‍ വിജയപ്രദമെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും തലമുറകളിലായി കൈമാറിവന്ന ആചാര അനുഷ്ടാനങ്ങളില്‍ അടിയുറച്ച് വിശ്വാസത്തോടെ സാത്വീകനായി കഴിയുന്ന ഇദ്ദേഹം താന്ത്രിക പൂജാ വിധികള്‍, ക്ഷേത്രാനുഷ്ഠാന കലകളില്‍ ഓണാട്ടുകരയുടെ സവിശേഷ ജീവിത എഴുന്നെള്ളത്ത്, ജോതിഷം എന്നീ മേഖലകളിലും പാരമ്പര്യം നിലനിര്‍ത്തി നാട്ടുകാരുടെ സ്നേഹ ബഹുമാനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. ചിത്ര കലയിലും അദ്ദേഹം തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ സൃഷ്ടികള്‍ പ്രകാശം കണ്ടിട്ടുണ്ട്.
ഭാര്യ, അംബിക വി.നമ്പൂതിരിയോടും മക്കളായ വിഷ്ണു നാരായണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരോടുമൊപ്പം ചെന്നിത്തലയിലുള്ള മായര നീലമന ഇല്ലത്ത് താമസിക്കുന്നു. 


 


 
 

Thursday, November 18, 2010

ശ്രീ. കെ. പി . എസ്‌. മേനോന്റെ കഥകളി രംഗത്തിലെ ചില വരികള്‍


                     ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍. (കഥകളി ആചാര്യന്‍)



കഥകളി രംഗം പുസ്തകം (1957) ആധുനീകന്മാര്‍ (പേജ്. 445 - ലെ  വരികള്‍).



യുവ നടന്മാരില്‍ പ്രാധാന്യം അര്‍ഹിക്കുന്നവരാണ്  ഹരിപ്പാട് രാമകൃഷ്ണ പിള്ള, ഓയൂര്‍ കൊച്ചുഗോവിന്ദ പിള്ള , ചെന്നിത്തല ചെല്ലപ്പന്‍ പിള്ള എന്നിവര്‍.

ഹരിപ്പാട് രാമകൃഷ്ണ പിള്ള

1100 - ആം ആണ്ടില്‍ ജനിച്ച രാമകൃഷ്ണ പിള്ള ആദ്യം തകഴി രാമന്‍ പിള്ളയുടെയും പിന്നീട് ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍, ചെങ്ങന്നൂര്‍ രാമന്‍ പിള്ള എന്നീ ആശാന്മാരുടെയും കീഴില്‍ കഥകളി അഭ്യസിച്ചിട്ടുണ്ട്. മുഖത്തിന്റെയും ദേഹത്തിന്റെയും പ്രകൃതി സിദ്ധമായ ആകൃതി ഗുണം കൊണ്ട് പച്ചക്കും കത്തിക്കും മിനുക്കിനും ഭംഗിയുണ്ട് . രാമകൃഷ്ണ പിള്ളക്ക്  രംഗ വാസനയുമുണ്ട്. അയാളുടെ വീര- രൌദ്രപ്രധാനമായ രംഗങ്ങളാണ് കൂടുതല്‍ നന്നായി കാണുന്നത്.


ഓയൂര്‍ കൊച്ചുഗോവിന്ദപിള്ള

ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള,  കൊച്ചുപിള്ള പണിക്കരുടെയും കുഞ്ഞന്‍ പണിക്കരുടെയും ശിഷ്യനാണ്. ചെറിയ മുഖം ആയതു കൊണ്ട് കത്തിക്ക് ഭംഗി കുറയും എങ്കിലും അലര്‍ച്ചയ്ക്ക് ശബ്ദഗുണമുണ്ട്. കൊച്ചു ഗോവിന്ദപിള്ളയുടെ ശ്രീകൃഷ്ണനും ഹംസവും മെച്ചപ്പെട്ട വേഷങ്ങള്‍ ആണ്. 

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

കൊച്ചുപിള്ള പണിക്കരുടെ പൌത്രനും ശിഷ്യനുമായ ചെല്ലപ്പന്‍ പിള്ള 1099- മേടത്തില്‍ ജനിച്ചു. മാതാമാഹന്റെ ശിഷ്യരായ മാങ്കുളം വിഷ്ണുനമ്പൂതിരിയും കണ്ണമംഗലം കൃഷ്ണന്‍കുട്ടിയും അയാളെ അഭ്യസിപ്പിച്ചിട്ടുണ്ട്.  ശ്രീകൃഷ്ണന്‍, പുഷ്ക്കരന്‍, മാതലി, നാരദന്‍ എന്നീ വേഷങ്ങള്‍  നല്ലവണ്ണം ആടി കണ്ടിട്ടുണ്ട്.

നാലാം അനുസ്മരണം


ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ നാലാം അനുസ്മരണം  2002, നവംബര്‍- എട്ടാം തീയതി വൈകിട്ട് അഞ്ചു മണിക്ക്  ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങി.  ശ്രീ. വിളയില്‍ രാമകൃഷ്ണന്‍ (സമിതി പ്രസിഡന്റ് ) സ്വാഗതവും  ,  ശ്രീ. രഘുനാഥ് (സമിതി സെക്രട്ടറി) സ്മൃതിരേഖയും ചെയ്തു. ബഹുമാനപ്പെട്ട എം. പിയും സമതിയുടെ രക്ഷാധികാരിയും ആയ ശ്രീ.രമേശ്‌, ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ സാംസ്കാരിക സമിതിയുടെ ഉത്ഘാടനവും അനുസ്മരണ സായാഹ്നവും ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി. ശ്രീ. കാര്‍ത്തികേയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. 

               
             ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്‍ നിലവിളക്കു കൊളുത്തി അനുസ്മരണ
               സമ്മേളനം തുടങ്ങി വെയ്ക്കുന്നു. അരുകില്‍ ശ്രീ. വിളയില്‍ രാമകൃഷ്ണന്‍ 


പ്രസിദ്ധ കഥകളി ആചാര്യനും കലാ കുലപതിയുമായ  ശ്രീ. ചമ്പക്കുളം പാച്ചുപിള്ള അവര്കളെ ബഹുമാനപ്പെട്ട എം. പി. ശ്രീ.രമേശ്‌, ചെന്നിത്തല പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. ശ്രീ. ചമ്പക്കുളം പാച്ചുപിള്ള അവര്‍കള്‍ മറുപടി പ്രസംഗം നടത്തി. അപ്പോള്‍ ചെല്ലപ്പന്‍ പിള്ളയുമായി ഉണ്ടായിട്ടുള്ള അരങ്ങിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ സ്മരണക്കായി യുവജനോത്സവത്തില്‍ ആലപ്പുഴ ജില്ലയില്‍ കഥകളിക്കു ഒന്നാം സമ്മാനം ലഭിക്കുന്ന കുട്ടിക്ക് എവര്‍ റോളിംഗ് ട്രോഫി ശ്രീ.എം. മുരളി (എം. എല്‍. എ ) സമര്‍പ്പിച്ചു. 
                                    Sri. Chennithala Chellappan pilla smaraka ever rolling trophy
 

ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള (കഥകളി ആചാര്യന്‍ ), ശ്രീമതി. മറിയാമ്മ ജോര്‍ജ് (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ആര്‍.  ഗോപാലകൃഷ്ണന്‍ നായര്‍ , സതീഷ്‌ ചെന്നിത്തല (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ), ശ്രീ. ഗോപകുമാര്‍ (മാവേലിക്കര  കഥകളി ആസ്വാദക സംഘം സെക്രട്ടറി) , ശ്രീ. ഗംഗാധരന്‍ നായര്‍ (സമിതി.എക്സി.അംഗം) എന്നിവര്‍ ശ്രദധാന്ജലി അര്‍പ്പിച്ചു.  ശ്രീ. കെ. നാരായണപിള്ള (സമിതി ജോയിന്‍ സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. 

വൈകിട്ട് ഏഴു മണിക്ക്   ശ്രീ. പന്നിശേരി നാണുപിള്ള എഴുതിയ നിഴല്‍കുത്തു കഥകളി അവതരിപ്പിച്ചു. ശ്രീ. തോന്നക്കല്‍ പീതാംബരന്‍ (ദുര്യോധനന്‍),  ശ്രീ. തിരുവല്ല ബാബു (ത്രിഗര്‍ത്തന്‍),  ശ്രീ. തലവടി അരവിന്ദന്‍ (മലയന്‍), ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (മലയത്തി), ശ്രീ. ഫാക്റ്റ് പത്മനാഭന്‍ കുട്ടി (മാന്ത്രികന്‍), ശ്രീ. കലാനിലയം കരുണാകര കുറുപ്പ് (ദൂതന്‍)
  ശ്രീ. കലാമണ്ഡലം ബാലചന്ദ്രന്‍ (സംഗീതം) എന്നീ കലാകാരന്മാര്‍ പങ്കെടുത്തു.     തിരുവല്ല ശ്രീ വല്ലഭവിലാസം കഥകളി യോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 





Monday, November 1, 2010

സംഗീത നാടക അക്കാദമി അവാര്‍ഡ്‌ - 1991


1991- ലെ കഥകളിക്കുള്ള  കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍  പിള്ള ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ്  ശ്രീ. വെങ്കട്ടരാമനില്‍ നിന്നും വാങ്ങുന്നു.  (ഫോട്ടോവില്‍ നടുവില്‍ നില്‍ക്കുന്നത് ) ശ്രീ. ഗിരീഷ്‌ കര്‍ണാട്ട്.

                                  


ഗുരു സംഗമം

(മുന്‍നിര, ഇടത്തുനിന്നും) സര്‍വശ്രീ. പള്ളിപുറം ഗോപാലന്‍ നായര്‍, പത്മശ്രീ. ചെങ്ങന്നൂര്‍ രാമന്‍ പിള്ള, ബ്രഹ്മശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരി.

(പിന്‍നിര, ഇടതു നിന്നും ) ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, പ്രൊഫസര്‍ : ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. മങ്കൊമ്പ്  ശിവശങ്കരപിള്ള,  ശ്രീ. എല്‍.പി. ആര്‍. വര്‍മ്മ (ഗാനഭൂഷണം) .

Sunday, October 31, 2010

ആറാം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ആറാം അനുസ്മരണം 2004 ഒക്ടോബര്‍ 30  ശനിയാഴ്ച വൈകിട്ട് നാലര മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങി. ശ്രീ. കെ.സദാശിവന്‍ പിള്ള (സമിതി എക്സി. അംഗം)  സ്വാഗതം പറഞ്ഞു. ശ്രീ. ജി. ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ശ്രീമതി. സി. എസ്. സുജാത M.P. ( സമിതിയുടെ മുഖ്യ രക്ഷാധികാരി) ഉല്‍ഘാടനം ചെയ്തു. കഥകളി ആചാര്യന്‍ ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള അവര്‍കളെ ചടങ്ങില്‍ ആദരിച്ചു.



മഹാകവി ശ്രീ. മുതുകുളം ശ്രീധര്‍, ശ്രീമതി മറിയാമ്മ  ജോര്‍ജ്ജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), എം. സുകുമാരന്‍ നായര്‍ (സമിതി വൈസ് പ്രസിഡന്റ് ), ശ്രീ. എം. അയ്യപ്പന്‍ നായര്‍ (സമിതി എക്സി. അംഗം) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രീ. വേണാട്ടു എം. ചന്ദ്രശേഖരന്‍ നായര്‍ (സമിതി എക്സി. അംഗം) കൃതജ്ഞത രേഖപ്പെടുത്തി.





തുടര്‍ന്ന് ഏഴു മണിക്ക് കഥകളി കീചകവധം അവതരിപ്പിച്ചു. ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ (കീചകന്‍), ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്  (സൈരന്ധ്രി), ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് (സുദേഷ്ണ), ശ്രീ. തലവടി അരവിന്ദന്‍ (വലലന്‍ ), ശ്രീ. പത്തിയൂര്‍  ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍ (ഗായകര്‍), ശ്രീ.  കലാഭാരതി ഉണ്ണികൃഷ്ണന്‍ (ചെണ്ട ), ശ്രീ. കലാനിലയം വേണുകുട്ടന്‍, ശ്രീ. കലാമണ്ഡലം അച്ചുത വാര്യര്‍ (മദ്ദളം) എന്നിവര്‍ പങ്കെടുത്തു. ഏവൂര്‍ ദേവീ വിലാസം കഥകളി യോഗത്തിന്റെ  ചമയങ്ങളാണ് കളിക്ക് ഉപയോഗിച്ചത്.

അഞ്ചാം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ അഞ്ചാം  അനുസ്മരണം 2003  നവംബര്‍ എട്ടാം തീയതി വൈകിട്ട് നാലര  മണിക്ക്  ഈശ്വര പ്രാര്‍ത്ഥനയോടെ മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍  ആഡിറ്റോറിയത്തില്‍    തുടങ്ങി. സമിതി ട്രഷറര്‍  ജോസ് പവനത്തില്‍ സ്വാഗതവും , സെക്രട്ടറി. എന്‍. വിശ്വനാഥന്‍ നായര്‍ റിപ്പോര്‍ട്ട് വായിക്കുകയും സമിതി പ്രസിഡന്റ്  ശ്രീ. ജി. ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍   ബഹുമാനപ്പെട്ട എം. പിയും സമതിയുടെ രക്ഷാധികാരിയും ആയ ശ്രീ.രമേശ്‌, ചെന്നിത്തല അനുസ്മരണ സമ്മേളനം  ഉത്ഘാടനം ചെയ്തു.    
 (ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു )

പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള അവര്‍കളെ  ബഹുമാനപ്പെട്ട ശ്രീ. എം. മുരളി (എം. എല്‍. എ )  പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള അവര്‍കള്‍ മറുപടി പ്രസംഗം നടത്തി. അപ്പോള്‍ ചെല്ലപ്പന്‍ പിള്ളയുമായി ഉണ്ടായിട്ടുള്ള അരങ്ങിലെ അനുഭവങ്ങളും  കഥകളി അഭ്യാസത്തിനു ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കര്‍ ആശാന്റെ വസതിയിലെ താമസവും     അന്നത്തെ  ചെല്ലപ്പന്‍ പിള്ളയുടെ  കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളും  പങ്കുവെച്ചു.  
പ്രൊഫസര്‍ ശ്രീ. കടമ്മനിട്ട വാസുദേവന്‍ പിള്ള, ശ്രീ. എസ്. ശ്രീനിവാസന്‍. IAS (ലേബര്‍ കമ്മിഷണര്‍) , ശ്രീമതി. മറിയാമ്മ ജോര്‍ജ് (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )  , ഡോ: വി.ആര്‍. കൃഷ്ണന്‍ നായര്‍ (സമതി. എക്സിക്യൂട്ടീവ് അംഗം) , ശ്രീ.  ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ (സമതി. എക്സിക്യൂട്ടീവ് അംഗം) എന്നിവര്‍  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സമിതി വൈസ് പ്രസി:   ശ്രീ എം. സുകുമാരന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.
                                 ദുര്യോധനനും  ദുശാസനനും 
                   (ധര്‍മ്മപുത്രര്‍, ദുര്യോധനന്‍, ദുശാസനന്‍, ശകുനി)
ഏഴു മണിക്ക് ദുര്യോധനവധം കഥകളി തുടങ്ങി. ശ്രീ. ഗൌരീശപട്ടം ഗിരീശന്‍  ദുര്യോധനനായും , നാട്യശാല സുരേഷ് ദുശാസനനായും  ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് കൃഷ്ണനായും   രംഗത്തെത്തി. പാഞ്ചാലി ആയി ശ്രീ. ഓയൂര്‍ രാമചന്ദ്രനും , ശകുനിയായി ശ്രീ. തട്ടയില്‍ ഉണ്ണികൃഷ്ണനും, ധര്‍മ്മപുത്രര്‍ ആയി ശ്രീ.മധു  വാരണാസിയും  രൗദ്രഭീമാനായി ശ്രീ. ചെങ്ങാരപ്പള്ളി
അനുജനും  രംഗത്തെത്തി കളി വിജയിപ്പിച്ചു.
 


                       (രൌദ്രഭീമനും ദുശാസനനും)
ശ്രീ.പത്തിയൂര്‍  ശങ്കരന്‍ കുട്ടിയും  ശ്രീ.കലാമണ്ഡലം   സജീവനും സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, ശ്രീ. കലഭാരതി മുരളി എന്നിവര്‍ ചെണ്ടയും  , ഏവൂര്‍ മധു   മദ്ദളവും  കൈകാര്യം ചെയ്തു. ദേവി വിലാസം കഥകളിയോഗം  മോഴൂര്‍ അണിയറ ഒരുക്കി.