Samithy

Samithy

Saturday, November 5, 2011

കണ്ടതും കേട്ടതും : നളചരിതത്തിലെ പുഷ്ക്കരന്‍


       ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പതിമൂന്നാം സ്മരണദിനം പ്രമാണിച്ച് 
                               ഡോക്ടര്‍ . ഏവൂര്‍ മോഹന്‍ ദാസ്‌ സമര്‍പ്പിക്കുന്നു.

 


 ഏവൂര്‍ നളചരിതോത്സവത്തിലെ  (2007) പുഷ്കരന്റെ ആട്ടത്തെക്കുറിച്ചു  സംസാരിക്കുമ്പോള്‍ ഒരു പ്രശസ്ത കലാമണ്ഡലനടന്‍ പറയുകയുണ്ടായി " കൃഷ്ണന്‍ നായരാശാന് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്ക്കരന്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റേതായിരുന്നു.   പലസ്ഥലത്തു വെച്ചും അദ്ദേഹം ഇക്കാര്യം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. " 
ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ കുറിച്ച് പ്രൊഫസര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കള്‍ എഴുതിയ ഒരു ലേഖനത്തില്‍  "കൃഷ്ണന്‍ നായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പന്‍ പിള്ളയുടെ പുഷ്ക്കരന്‍ അരങ്ങത്തു വരുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടം" എന്നും എഴുതികണ്ടു.
 ശ്രീ. കെ. പി. എസ്  മേനോന്റെ കഥകളി രംഗത്തില്‍ ( page: 446) "പുതിയ തലമുറയിലെ നടന്മാരില്‍ ചെന്നിത്തലയുടെ പുഷ്ക്കരന്‍ നല്ലതാണ് എന്ന് എഴുതിയിട്ടുണ്ട്.  ഇന്നത്തെ പല  നടന്മാരും പുഷ്കരനെ അവതരിപ്പിക്കുന്നത്‌ ചെന്നിത്തല ഈ വേഷം അവതരിപ്പിച്ചിരുന്നതില്‍ നിന്നും  വളരെ വ്യത്യസ്തമായാണ്.  കലി പ്രേരണയാല്‍ തന്റെ ജ്യേഷ്ഠനും രാജാവുമായ നളനെ ചൂതിനു വിളിക്കുന്ന ചെന്നിത്തലയുടെ പുഷ്ക്കരനില്‍ നളനോടുള്ള ഭയവും ബഹുമാനവും, ശക്തനായ കലി തന്റെ കൂടെ ഉണ്ടെന്നുള്ള ധാര്‍ഷ്ട്യവും അതില്‍നിന്നുളവാകുന്ന ധൈര്യവും, ഐശ്വര്യം വരുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്നവന്റെ അല്‍പ്പത്വവും എല്ലാം ഒരുപോലെ സമ്മേളിച്ചിരുന്നു. പുതിയ തലമുറയിലെ കലാകാരന്മാരുടെ പുഷ്കരന്മാരാകട്ടെ , നളനെ ചൂതിനു വിളിക്കുന്ന രംഗം മുതല്‍ അദ്ദേഹത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിച്ചവരെപ്പോലെയാണ് അഭിനയിക്കാറുള്ളത് . ഈ രണ്ടു പുഷ്കരന്മാരില്‍ ആരാണ് ഉണ്ണായിവാര്യരുടെ പുഷ്കരനോട് അടുത്തു നില്‍ക്കുന്നതെന്നു നോക്കാം.

" പുഷ്കരനെന്നുണ്ടേകന്‍ തത്കുലസമുല്‍ഭവന്‍
മുഷ്കരനാക്കേണം നാം സല്‍ക്കരിച്ചവന്‍ തന്നെ"  എന്ന ദ്വാപരന്റെ പദത്തോടെയാണ് ഉണ്ണായി പുഷ്കരനെ നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. ഈ പദത്തെ തുടര്‍ന്നു വരുന്ന ശ്ലോകത്തില്‍ "സ്വാപദേ സ്വയമചോദയജ്ജളം, സ്വാപതേയ ഹരണായ പുഷ്കരം" എന്നു പറഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും മറ്റൊരുവനാല്‍ സല്ക്കരിയ്ക്കപ്പെട്ടാല്‍ മാത്രം കരുത്താര്‍ജ്ജിക്കുന്ന വെറും ജളനായ ഒരു കഥാപാത്രമാണ് നളചരിതത്തിലെ പുഷ്ക്കരന്‍ എന്നു വ്യക്തം. മഹാഭാരതത്തിലെ  'നളോപാഖ്യാന'ത്തിലും ഏതാണ്ടീ വിധത്തിലുള്ള ഒരു പ്രകൃതം തന്നെയാണ് പുഷ്കരന് കല്‍പ്പിച്ചിട്ടുള്ളത്. 

രണ്ടാം ദിവസത്തിലെ " അരികില്‍ വന്നു നിന്നതാരെന്തഭിമതം" എന്ന പദം പുഷ്കരനെന്ന കഥാപാത്രത്തിന്റെ പ്രകൃതം സ്പഷ്ടമായി നമുക്കു കാട്ടിത്തരുന്നതാണ്. ധരണിയിലുള്ള എല്ലാ പരിഷകളും നളനെ ചെന്നുകണ്ട് അവരുടെ കാര്യങ്ങള്‍ സാധിച്ചു പോരുമെന്നും തന്നെ കാണാന്‍ ആരുംതന്നെ വരാറില്ലെന്നും ക്ഷത്രിയനാണെന്ന ഒരു പേരുമാത്രമേ തനിയ്ക്കുള്ളൂ എന്നും മറ്റുമുള്ള കാര്യങ്ങളാണ് പുഷ്ക്കരന്‍ കലി- ദ്വാപരന്മാരോട് വിളമ്പുന്നത്. അപരിചിതരായ രണ്ടുപേരോട് ഇത്രയും കാര്യങ്ങള്‍ അവരെ കണ്ടമാത്രയില്‍ തന്നെ പറയണമെങ്കില്‍, അതു പറയുന്നയാള്‍ ഒരു ബുദ്ധിഹീനനായിരിക്കണം. ഇങ്ങിനെ പറയുന്ന പുഷ്കരനോട്   'ഞാന്‍ കലി, തവ ഞാന്‍ മിത്രം, തസ്യ നാടും ഞാന്‍ തരുന്നു, ചൂതു പൊരുതുക പോരിക' എന്നു കലി പറയുമ്പോള്‍  'മലിനാശയനായ ആ നിഷധ പുഷ്കര ധൂമകേതു' മറ്റൊന്നും ചിന്തിക്കാതെ അതു പ്രവൃത്തിക്കുവാന്‍ ഒരുമ്പെടുക മാത്രമാണ് ഉണ്ടായത്.  കലിപ്രേരണയാല്‍  നളനെ ചൂതിനു വിളിച്ച്, കലിയുടെ സഹായത്തോടെ കള്ളച്ചൂതില്‍ ജയിച്ച് നളന്റെ രാജ്യം കൈക്കലാക്കുകയും ചെയ്തു. അത്രമാത്രം.

പുഷ്കരന്റെ പാത്ര പ്രകൃതി ഇതാകുമ്പോള്‍ നളനെക്കാള്‍ ബലവാനായ, ഭയലേശമില്ലാത്ത ഒരാളായി പുഷ്കരനെ രംഗത്ത് അവതരിപ്പിക്കുന്നതില്‍ ഔചിത്യം ഉണ്ടോ? നളനൊന്നു കയ്യുയര്‍ത്തിയാല്‍ അതിനേക്കാള്‍ ഉയരത്തില്‍ കയ്യുയര്‍ത്തി നളനെ അടിക്കാന്‍ ചെല്ലുന്ന പുഷ്കരന്മാരെയാണ് അടുത്തിട കഥകളി അരങ്ങുകളില്‍ കാണാറുള്ളത്. അരങ്ങില്‍ പ്രവേശിക്കുന്നതു  മുതല്‍ അവിടെ നിന്നും നിഷ്ക്രമിക്കുന്നതുവരെ  ഇവരുടെ പുഷ്ക്കരന്‍ സംഹാരരുദ്രനെ പോലെ അരങ്ങില്‍ താണ്ഡവമാടുകയാണ്. കലിബാധയാല്‍ സ്വപ്രകൃതം മാറി ഊര്‍ജ്ജം കൈവന്ന പുഷ്ക്കരന്‍ ഇങ്ങിനെയൊക്കെ തന്നെയാണ് ആടേണ്ടതെന്നാണവരുടെ പക്ഷം. പക്ഷെ നളചരിതം ആട്ടകഥയില്‍ നളനെയല്ലാതെ, പുഷ്കരനെ കലി ബാധിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ല. കലിയുടെ പ്രേരണയേ പുഷ്കരന് കിട്ടിയിട്ടുള്ളൂ. കലി പ്രേരണയും കലി ബാധയും രണ്ടും രണ്ടാണ്. ഇന്നലെ വരെ നളന്റെ സഹായം കൊണ്ടുമാത്രം ജീവിതം നടത്തിയ, പ്രത്യേകിച്ച് യാതൊരു വ്യക്തിത്വവും കഴിവുമില്ലാത്ത പുഷ്കരന്, പൊടുന്നനെ തന്റെ പ്രകൃതങ്ങള്‍ എങ്ങിനെ കൈവെടിയുവാന്‍ കഴിയും? ആരു പ്രേരിപ്പിച്ചാലും ഒരു പട്ടിക്കത്രവേഗം പുലിയാകാനൊക്കില്ല. നളനെ ചൂതിനു വിളിക്കുന്ന പുഷ്കരനില്‍ നളനോടുള്ള ഭയവും, എന്നാല്‍ കലിയുടെ പ്രേരണയാല്‍ ഉല്‍ഭൂതമാകുന്ന മഹത്വാകാംക്ഷയും അതില്‍നിന്നുളവാകുന്ന ധൈര്യവും ഒരുപോലെ സമ്മേളിക്കണം. ചില നടന്മാരുടെ അനവസരത്തിലുള്ള 'പുഷ്കരരൌദ്രം' കഥാപാത്രത്തിന്റെ പ്രകൃതിക്ക് ഒട്ടും തന്നെ യോജിച്ചതല്ലെന്ന് യശശരീരനായ ശ്രീ. എം. കെ. കെ. നായര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. കലാകോവിദനായ പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഈ വിഷയത്തിലുള്ള (എന്റെ ജീവിതം: അരങ്ങിലും അണിയറയിലും, D.B.Books) അഭിപ്രായങ്ങളും വളരെ ശ്രദ്ധേയമാണ്. 

'ആദ്യം മുതല്‍ എന്റെ പുഷ്ക്കരന്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്ത സമ്പ്രദായത്തിലായിരുന്നു'. ഒരിക്കല്‍ വേഷം കഴിഞ്ഞപ്പോള്‍ നളനായി വേഷമിട്ട ശ്രീമാന്‍. തോട്ടം ശങ്കരന്‍ നമ്പൂതിരി എന്നെ വിളിച്ചു പറഞ്ഞു; ഇങ്ങിനെയാണ്‌ ശരിക്കും ആടേണ്ട രീതി. പുഷ്ക്കരന്‍ ഒരിക്കലും നളനോട് കടുത്ത വൈരാഗ്യ ബുദ്ധി കാണിക്കരുത്. കലിയുടെ പ്രേരണകൊണ്ടു മാത്രമാണ് പുഷ്ക്കരന്‍ രണ്ടും കല്‍പ്പിച്ച് നളനെ ചൂതിനു വിളിച്ചത്. ചൂതിന്റെ ഫലമായി നളന്റെ സര്‍വസ്സവും കൈക്കലാക്കിയത്തിനു ശേഷം കുറച്ചു തന്റെടത്തോടുകൂടി ശാസനാരൂപത്തില്‍ പുഷ്കരനു നളനോടു പെരുമാറാം. അത്രയേ ആകാവൂ. പുഷ്കരന് അപ്പോഴും ഉള്ളില്‍ ഭയം ഉണ്ട്. ആഭയം പുറത്തു കാണിക്കാത്ത പ്രവര്‍ത്തിയേ ചെയ്യാവൂ. ചിലര്‍ കാണിക്കുന്നതുപോലെ നളനെ അടിക്കാനും പിടിക്കാനുമൊക്കെ തുനിഞ്ഞാല്‍, രാജാവായിരിക്കുന്ന നളന്‍ ഭ്രുത്യരെ വിളിച്ചു ' ഇവന്‍ ബോധമില്ലാതെ പുലമ്പുന്നു, ഇവനെ പിടിച്ചു കാരാഗൃഹത്തിലടയ്ക്കൂ' എന്നു കല്‍പ്പിച്ചാല്‍ തല്‍ക്കാലം പുഷ്ക്കരന്‍ തടവിലായതു തന്നെ. ചൂതുകളി കഴിയുന്നതു വരെ നളന്‍ മഹാരാജാവു തന്നെയാണ്. ഇപ്രകാരം തോട്ടം തിരുമേനി എന്നെ പലതും ഉപദേശിച്ചിട്ടുണ്ട്.

അതേ, അതാണ്‌ ഉണ്ണായി കണ്ട പുഷ്ക്കരന്‍. ഉണ്ണായിയുടെ പുഷ്കരനെ തടവിലാക്കുന്ന പ്രവര്‍ത്തികള്‍ അരങ്ങില്‍ ചെയ്യരുത്.  ഈ കലാകേസരികളുടെ വിവേകപൂര്‍വമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ഇന്നത്തെ പുഷ്കരന്മാര്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍!

Wednesday, November 2, 2011

"കൊമ്പും തലയും"

കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ടു കളികള്‍ക്കും സമീപ പ്രദേശങ്ങളിലെ കളികള്‍ക്കും സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്ന നടന്മാരില്‍ ശ്രീ. മങ്കൊമ്പ് ആശാന്‍ പ്രധാനി ആയിരുന്നു. എല്ലാ സ്ത്രീ വേഷങ്ങള്‍ക്ക് പുറമേ സീതാസ്വയംവരത്തില്‍ പരശുരാമന്‍ , സന്താനഗോപാലത്തില്‍ ബ്രാഹ്മണന്‍, കിരാതത്തില്‍ കാട്ടാളന്‍, നളന്‍, പുഷ്ക്കരന്‍, ദുര്യോധനന്‍ , കംസന്‍, ബലഭദ്രന്‍  എന്നീ വേഷങ്ങള്‍ കാണുവാന്‍ അവസരം ധാരാളം ഉണ്ടായിട്ടുണ്ട്.


 തിരുവല്ലയിലും പരിസരങ്ങളിലും  ഇദ്ദേഹത്തിന്റെ  കൂട്ടുവേഷക്കാരന്‍   കൂടുതലും ചെന്നിത്തല ആശാന്‍ ആയിരുന്നു. ഒരു ചില സാഹചര്യം നിമിത്തം കുറച്ചു കാലം  ഇവര്‍ ഒന്നിച്ചുള്ള കൂട്ടുവേഷങ്ങള്‍ ഉണ്ടാകുക കുറഞ്ഞു. അപ്പോള്‍ പല ആസ്വാദകരുടെയും അഭിപ്രായങ്ങള്‍  തലയ്ക്കു മുകളില്‍ കൊമ്പ് ഉണ്ടാകണം (ചെന്നിത്തലയെ "തല" എന്നും മങ്കൊമ്പിനെ "കൊമ്പ് " എന്നും ചിത്രീകരിച്ചു കൊണ്ട് ) എന്നായിരുന്നു.    കൊമ്പ് ഇല്ലാത്ത തലയും,  തല ഇല്ലാത്ത കൊമ്പും ശോഭിക്കില്ല എന്നായിരുന്നു അവരുടെ അഭിപ്രായം.  പലരും ഇരുവര്‍ക്കും ഇതേ അഭിപ്രായം എഴുതി അറിയിക്കുകയും ചെയ്തിരുന്നു. അത്ര കണ്ടു ഇവരുടെ  കൂട്ടു വേഷങ്ങള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നു.


 ഒരിക്കല്‍ മങ്കൊമ്പ് ആശാന് സുഖം ഇല്ലത്തെ ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ ഹൃദയ രോഗം ഉണ്ടെന്നും ഇനി കളിക്ക് വേഷം കേട്ടരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മാനസീകമായി തളര്‍ന്ന മങ്കൊമ്പ് ആശാന്‍ വീട്ടില്‍ വന്നു കിടപ്പായി. അദ്ദേഹം ശരിക്കും ഭയന്നു പോയി. ഏറ്റ പല കളികള്‍ക്കു പോകാതെയായി. വാളകത്ത് ഒരു കളികഴിഞ്ഞ് ചെന്നിത്തല ആശാനും മാത്തൂരും കൂടി ചെങ്ങന്നൂരില്‍ ഉള്ള മങ്കൊമ്പ് ആശാന്റെ വസതിയില്‍ എത്തുമ്പോള്‍ ദീക്ഷ വളര്‍ന്നു വളരെ വികൃത രൂപത്തില്‍ ഇരിക്കുന്ന മങ്കൊമ്പ് ആശാനെയാണ് അവര്‍ക്ക് കാണുവാന്‍ സാധിച്ചത്. മങ്കൊമ്പ് ആശാന്റെ ഈ ദയനീയ അവസ്ഥ കണ്ട ചെന്നിത്തല ആശാന്‍ : " ചേട്ടന്‍ എന്താണ് ഈ കാണിക്കുന്നത്? ആരാണ് പറഞ്ഞത് ചേട്ടന് ഹൃദയ രോഗം ആണെന്ന്?   ചേട്ടന് ഒരു കുഴപ്പവും ഇല്ല. തിരുവല്ലയില്‍ വന്നു ശ്രീവല്ലഭന്റെ മുന്‍പില്‍ ഒരു വേഷം കെട്ടിയാല്‍ ചേട്ടന്റെ എല്ലാ രോഗവും പമ്പ കടക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. എന്നിട്ട് മങ്കൊമ്പ് ആശാന്റെ മകനോട് " ഒരു ബാര്‍ബറെ  കൂട്ടി വാ " എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞു. താമസിയാതെ ബാര്‍ബര്‍ എത്തി. മങ്കൊമ്പ് ആശാന്റെ മുടിയും  വെട്ടി, ഷേവും ചെയ്തു. പിന്നീടു തിരുവല്ലയില്‍ നടന്ന കളിക്ക് കൂട്ടിപ്പോയി ഒരു ബ്രാഹ്മണന്‍ കെട്ടിച്ചു .


 പിന്നീടു മങ്കൊമ്പ് ആശാന് ഒരു  ധൈര്യം വന്നു. വിദഗ്ദനായ ഒരു ഡോക്ടറെ കണ്ടു. ഡോക്ടര്‍ കളിക്ക് പോകുന്നതിനു തടസ്സം ഇല്ല എന്ന്  പറഞ്ഞു. പിന്നീടു ധാരാളം കളികള്‍ക്ക് "കൊമ്പും തലയും"  ഒന്ന് കൂടിയിരുന്നു .

Monday, September 19, 2011

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള - ഒരനുസ്മരണം


ബ്രഹ്മശ്രീ.  മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരിയുടെയും ശ്രീ. കലാമണ്ഡലം കേശവന്റെയും ശിഷ്യന്‍ എന്ന നിലയില്‍  അറിയപ്പെടുന്ന കഥകളി ചെണ്ട കലാകാരനുമായ ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അവര്‍കള്‍ ചെന്നിത്തല ആശാന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് ആശാനെ പറ്റിയുള്ള സ്മരണ എഴുതി  ആശാന്റെ കുടുംബാംഗങ്ങള്‍ക്ക് 27-02-1999- ന്   സമര്‍പ്പിച്ചത്


                                   ഡോക്ടര്‍. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിലെ കഥകളി. കഥ. ഹരിശ്ചന്ദ്രചരിതം. ഹരിക്ക് തുല്യനായ ഹരിശ്ചന്ദ്ര ചക്രവര്‍ത്തി ഒരിക്കലെങ്കിലും വ്യാജം ഉരച്ചെന്നാകില്‍  മദ്യം നിറച്ച കുംഭവുമായി തെക്കോട്ട്‌ തിരിക്കുമെന്ന് ദേവസദസ്സില്‍ വസിഷ്ഠന്‍ സത്യം ചെയ്തു. ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലെന്നു തെളിയിച്ചില്ലെങ്കില്‍ താനാര്‍ജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്ന് വിശ്വാമിത്രനും ശപഥം ചെയ്തു. ദേവസദസ്സ് പിരിഞ്ഞു. ഹരിശ്ചന്ദ്രന്റെ സമീപമെത്തുന്ന വിശ്വാമിത്രന്‍ യാഗം നടത്തുവാനുള്ള ധനം ആവശ്യപ്പെടുന്നു. ഹരിശ്ചന്ദ്രന്‍ അതു സമ്മതിച്ചു. വിശ്വാമിത്രന്‍ രതി വിരതികളെ സൃഷ്ട്ടിച്ചു ഹരിശ്ചന്ദ്രന്റെ സമീപത്തേക്ക് അയച്ചു. അവര്‍ ആക്ഷേപിക്കപ്പെട്ട് തിരിച്ചെത്തി. കോപം കൊണ്ട് വിറച്ച വിശ്വാമിത്രന്‍ രതി വിരതികളെയും കൂട്ടി  ഹരിശ്ചന്ദ്രന്റെ മുന്നിലെത്തി അവരെ സ്വീകരിക്കുവാന്‍ ആജ്ഞാപിക്കുന്നു. ഹരിശ്ചന്ദ്രന്‍ അതിന് തയ്യാറാകുന്നില്ല. രാജ്യം വിശ്വാമിത്രന്‍ നേടി. കാല്‍ക്കല്‍ വീണ ഹരിശ്ചന്ദ്രന്റെ ശിരസ്സില്‍  വിശ്വാമിത്രന്‍ ചവിട്ടി. വേദവെദാന്താദിവിദ്യാപയോധിയുടെ മറുകര കണ്ട മുനിവര്യന്റെ കാലുകള്‍ പാപിയായ തന്റെ തലയില്‍ ചവിട്ടിയപ്പോള്‍ വേദന പൂണ്ടീടുന്നോ എന്നു ചോദിക്കുന്ന സാത്വികനായ, സത്യ സന്ധനായ ഹരിചന്ദ്രന്‍ കഥകളി ലോകത്തോട്‌ വിടപറഞ്ഞു.

ആരാണീ കഥാനായകന്‍? അറുപതു വര്‍ഷം കഥകളി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 
ശ്മശാനത്തിന്റെ കാവല്‍ക്കാരനായിത്തീര്‍ന്ന ഹരിചന്ദ്രന്‍ നിത്യ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കി ദാര്‍ശനികതയിലേക്ക്  ഉയര്‍ന്ന സന്ദര്‍ഭം. തല ചീകി പൊട്ടുതൊട്ട് അഹംഭാവവുമായി നടക്കുന്ന മനുഷ്യന്‍ ചിതയിലോടുങ്ങുന്ന രംഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ ഹരിചന്ദ്രനായി രംഗത്തു നിന്ന ചെല്ലപ്പന്‍ പിള്ളയ്ക്ക് അസ്വസ്ഥത.  അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് - കൂടുതല്‍ വൈദ്യ പരിശോധനക്ക്  മദ്രാസിലേക്ക്. വേഷം കേട്ടരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശനമായ നിര്‍ദ്ദേശം. അതേല്‍പ്പിച്ച മാനസീക വ്യഥയുമായി നാലു വര്‍ഷം. അങ്ങിനെ ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു നിന്നും പിന്മാറി (പിന്നീടു ദൂരദര്‍ശനു വേണ്ടി അര മണിക്കൂര്‍ കചന്‍). ചെല്ലപ്പന്‍ പിള്ളയുടെ കഥകളി രംഗത്തെ അവസാന വേഷത്തിന് പിന്നില്‍ നിന്നു മേളം നല്‍കിയ രംഗം ഒരു ദുഃഖ സ്മൃതിയായി മനസ്സില്‍ തെളിഞ്ഞു.

                            സംഗീത നാടക അക്കാദമി അവാര്‍ഡ് ഫോട്ടോ 
 

അനുഗഹീത കഥകളി നടനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെ ഭൌതീക ശരീരം ചിതയിലെരിഞ്ഞപ്പോള്‍ കഥകളിയിലെ ഒരു ശൈലിയുടെ എണ്ണപ്പെട്ട ഒരു കലാകാരനാണ് തിരശീലക്ക്  പിന്നിലേക്ക്‌ മറഞ്ഞത്. കത്തി വേഷത്തില്‍ അഗ്ര ഗണ്ണ്യനായിരുന്ന ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായിരുന്നെങ്കിലും പച്ച വേഷങ്ങളാണ് മുഖ്യമായി ചെല്ലപ്പന്‍ പിള്ള കൈകാര്യം ചെയ്തിരുന്നത്. രുഗ്മാംഗാദചരിതത്തിലെ രുഗ്മാംഗദനും, കര്‍ണ്ണശപഥത്തിലെ കര്‍ണ്ണനും, സന്താനഗോപാലം കിരാതം എന്നീ കഥകളിലെ അര്‍ജുനനും നളചരിതം ഒന്നാം ദിവസത്തിലെ നളനും ഹംസവും, നാരദനും  ശുക്രനും  കചനും കൃഷ്ണനും ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു സജീവമാക്കിയ പുരാണ കഥാപാത്രങ്ങളാണ്.  കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങള്‍ ആസ്വാദകരിലെത്തിക്കുവാന്‍ ഒരു പ്രത്യേക സിദ്ധി വിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. നാട്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വടിവില്‍ നിന്നും അഭിനയ പ്രകടനം കൂടുതല്‍ സംവേദനക്ഷമമായ മേഖലയിലേക്ക് പലപ്പോഴും പോയിരുന്നു. ചെല്ലപ്പന്‍ പിള്ള രംഗത്തു വരുമ്പോള്‍ കാണികള്‍ക്ക് എന്നും ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതു കൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ അഭിനയ ചാതുരിക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.

                                          നാട്ടുകാരോടൊപ്പം ശ്രീ. ചെല്ലപ്പന്‍ പിള്ള
 

                              ദൂരദര്‍ശനു വേണ്ടി അവതരിപ്പിച്ച കചന്‍

                              രുഗ്മാംഗദന്‍ : ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

നിഴല്‍കുത്തിലെ മന്ത്രവാദിയുടെ വേഷം കെട്ടി ലോകധര്‍മ്മിയായ അഭിനയ പ്രകടനങ്ങളിലൂടെ സാധാരണ ആസ്വാദകരെ ആകര്‍ഷിച്ചു കൊണ്ടാണ് ചെല്ലപ്പന്‍ പിള്ള മുന്‍നിരയിലേക്ക് ഉയര്‍ന്നത്.  ഗുരു. ചെങ്ങന്നൂര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി, കുറിച്ചി, കുടമാളൂര്‍, ചമ്പക്കുളം എന്നിവര്‍ നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തില്‍ അവരുടെ അഭിനയത്തിന്റെ സൂഷ്മതലങ്ങള്‍  ദൂരെ നിന്നു കണ്ടു മനസിലാക്കുവാന്‍ ശ്രമിച്ചിരുന്ന  കഠിനാധ്വാനിയായ കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു ശൈലിയിലൂടെ മുന്‍നിരയിലെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ അതു സൃഷ്ടിച്ചേക്കാവുന്ന ദോഷവശങ്ങളെക്കുറിച്ചു  ആലോചിക്കാതെ മുഖം നോക്കാതെ പറയുവാന്‍  തന്റേടം കാണിച്ചിട്ടുള്ള   ചെല്ലപ്പന്‍ പിള്ളയുടെ ഗുരുഭക്തിയും വിനയവും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. അണിയറകളില്‍ വെച്ച്, യാത്രക്കിടയില്‍ വെച്ച് സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലൊക്കെ  നര്‍മ്മം കലര്‍ന്ന വാക്കുകള്‍ കൊണ്ട് രസിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.  ഒരിക്കല്‍ കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ നളചരിതം മൂന്നാം ദിവസം. ബാഹുകന്‍ കലാമണ്ഡലം ഗോപി. അന്നത്തെ ബാഹുകന്‍ ജന ഹൃദയങ്ങളെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് വെളുത്ത നളനായി രംഗത്തു വന്ന ചെല്ലപ്പന്‍പിള്ള, ദമയന്തിയെ കാട്ടിലുപേക്ഷിക്കേണ്ടി  വന്ന നളന്റെ ദുഖവും മാനസീക സംഘട്ടനവും അവതരിപ്പിച്ചപ്പോള്‍ നളനും ബാഹുകനും ഒരു തുടര്‍ച്ചയായിത്തന്നെ കണ്ടാസ്വദിക്കുവാന്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചു.
  
നിരവധി പുരസ്കാരങ്ങള്‍, വിദേശപര്യടനങ്ങള്‍ - അരനൂറ്റാണ്ടിലേറെ നീണ്ട സപര്യ ദേശീയ അവാര്‍ഡു വരെ ലഭിച്ച ഒരു കലാകാരന് വേണ്ടത്ര മാനസീക സംതൃപ്തി നല്‍കുവാന്‍, ആദരിക്കുവാന്‍ കഴിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. കഥകളിയിലെ തെക്കന്‍ ശൈലിയില്‍ ഭവാവിഷ്കാരത്തിനു വളരെ അധികം കഴിവുണ്ടായിരുന്ന ഒരു കഥകളി നടന്‍ കൂടി എന്നെന്നേക്കുമായി വിട പറഞ്ഞു. 
കഥകളി ലോകം എന്നും ആ കലാപ്രതിഭയെ സ്മരിക്കും.  

Sunday, July 17, 2011

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ചിത്രങ്ങള്‍ -1

 


(ബാലിവധം കഥകളിയിലെ ഒരു രംഗം) 
ശ്രീരാമന്‍: ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ലക്ഷ്മണന്‍ : ശ്രീ. കലാമണ്ഡലം ശേഖര്‍ 




കളര്‍കോട് ശ്രീ. നാരായണന്‍ നായര്‍ എഴുതിയ ശ്രീകൃഷ്ണാവതാരം കഥകളിയിലെ രംഗം
കംസന്‍: ശ്രീ. തോന്നക്കല്‍ പീതാംബരന്‍, വസുദേവര്‍ : ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള , 
ദേവകി: ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി 


ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ അറുപതാം ജന്മദിനത്തിന് കോട്ടയം കളിയരങ്ങ് പാരിതോഷികം നല്‍കുന്നു.


 കളിയരങ്ങിന്റെ സ്വീകരണ വേളയില്‍ പ്രൊഫസ്സര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മയോടൊപ്പം 


Tuesday, March 8, 2011

പഴയ ചിത്രങ്ങള്‍

                                            ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                          

                                        രുഗ്മാംഗദന്‍ ( ചെന്നിത്തല ആശാന്‍)


രുഗ്മാംഗദന്‍ ( ചെന്നിത്തല ആശാന്‍) 


                                          ഹംസം  ( ചെന്നിത്തല ആശാന്‍)


                                         ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

Tuesday, December 21, 2010

12th അനുസ്മരണം

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം 2010  നവംബര്‍ 13 , ശനിയാഴ്ച  മഹാത്മാ ഗേള്‍സ്‌ സ്കൂള്‍ ആഡിറ്റോറിയത്തില്‍  നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ചു. രണ്ട്  പതിനഞ്ചു മണിക്ക്  മലയാളവേദി, ചെന്നിത്തല എന്ന സംഘടന  കാവ്യാര്‍ച്ചന നടത്തി.


 വൈകിട്ട് അഞ്ചു മണിക്കു  ശ്രീ. ഞാഞ്ഞൂല്‍ ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ,  ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ  അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു.  ശ്രീ.എന്‍. വിശ്വനാഥന്‍ നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
പ്രസിദ്ധ കഥകളി ഗായകന്‍ ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക്   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍  സമര്‍പ്പിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
 
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി പുരസ്കാരം നല്‍കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. തന്റെ പിതാവുമായും താനുമായും ഉള്ള സ്നേഹബന്ധം, എവൂരില്‍ ഒരു കളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്‌, പിന്നീടു ചെന്നിത്തലക്ക് പോയി ഹംസത്തിന്റെ ചുണ്ടും ചിറകും എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അനുസ്മരിച്ചത്. 

തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന്‍ നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി. 
  കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ. മധു വാരണാസി പ്രഹളാനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും ,  കലാമണ്ഡലം ബാലകൃഷ്ണന്‍ നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അശ്വിന്‍ എന്നിവര്‍  ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.

                                         ഹിരണ്യന്‍ (തിരക്കിനോട്ടം)

                                          ഹിരണ്യന്‍ (തിരക്കിനോട്ടം)

                                          ശുക്രാചാര്യര്‍ , ഹിരണ്യന്‍ , പ്രഹ്ലാദന്‍
                           
                                        ശുക്രാചാര്യര്‍, ശിഷ്യര്‍കള്‍ , ഹിരണ്യന്‍,പ്രഹ്ലാദന്‍

                                         നരസിംഹം, ഹിരണ്യന്‍ 

                                 നരസിംഹം, പ്രഹ്ലാദന്‍
 

ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു.  ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍  കേശവന്‍ നായര്‍, ശ്രീ. ഏവൂര്‍  മാധവന്‍ കുട്ടി, ശ്രീ. പന്മന അരുണ്‍  എന്നിവരായിരുന്നു  അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന്‍ എന്ന ബാല നടന്‍  നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ   കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി.

ചെന്നിത്തല ആശാന്‍ സ്മരണ (ശ്രീ. പാലനാട് ദിവാകരന്‍)

20-12-2010 ന്  ചെന്നൈ  മഹാലിംഗപുരം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഒരു കളിക്ക് എത്തിയ പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ ശ്രീ. പാലനാട് ദിവാകരന്‍ അവര്‍കളെ സന്ധിച്ചപ്പോള്‍ അദ്ദേഹം ചെന്നിത്തല ആശാനെ പറ്റി പറഞ്ഞ വാക്കുകള്‍. 

                                             ശ്രീ. പാലനാട് ദിവാകരന്‍


ചെന്നിത്തല ആശാന്റെ ധാരാളം വേഷങ്ങള്‍ക്ക് ഞാന്‍ പാടിയിട്ടുണ്ട്. അശാനു  സുഖമില്ലാതെ വന്നപ്പോള്‍ ഞാന്‍   അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നു.   ഒരിക്കല്‍ കണ്ടു  സംസാരിച്ചിട്ടുള്ള ആര്‍ക്കും തന്നെ  അദ്ദേഹത്തെ മറക്കുവാന്‍ സാധിക്കില്ല.