Samithy

Samithy

Saturday, November 5, 2011

കണ്ടതും കേട്ടതും : നളചരിതത്തിലെ പുഷ്ക്കരന്‍


       ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പതിമൂന്നാം സ്മരണദിനം പ്രമാണിച്ച് 
                               ഡോക്ടര്‍ . ഏവൂര്‍ മോഹന്‍ ദാസ്‌ സമര്‍പ്പിക്കുന്നു.

 


 ഏവൂര്‍ നളചരിതോത്സവത്തിലെ  (2007) പുഷ്കരന്റെ ആട്ടത്തെക്കുറിച്ചു  സംസാരിക്കുമ്പോള്‍ ഒരു പ്രശസ്ത കലാമണ്ഡലനടന്‍ പറയുകയുണ്ടായി " കൃഷ്ണന്‍ നായരാശാന് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്ക്കരന്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റേതായിരുന്നു.   പലസ്ഥലത്തു വെച്ചും അദ്ദേഹം ഇക്കാര്യം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. " 
ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ കുറിച്ച് പ്രൊഫസര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കള്‍ എഴുതിയ ഒരു ലേഖനത്തില്‍  "കൃഷ്ണന്‍ നായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പന്‍ പിള്ളയുടെ പുഷ്ക്കരന്‍ അരങ്ങത്തു വരുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടം" എന്നും എഴുതികണ്ടു.
 ശ്രീ. കെ. പി. എസ്  മേനോന്റെ കഥകളി രംഗത്തില്‍ ( page: 446) "പുതിയ തലമുറയിലെ നടന്മാരില്‍ ചെന്നിത്തലയുടെ പുഷ്ക്കരന്‍ നല്ലതാണ് എന്ന് എഴുതിയിട്ടുണ്ട്.  ഇന്നത്തെ പല  നടന്മാരും പുഷ്കരനെ അവതരിപ്പിക്കുന്നത്‌ ചെന്നിത്തല ഈ വേഷം അവതരിപ്പിച്ചിരുന്നതില്‍ നിന്നും  വളരെ വ്യത്യസ്തമായാണ്.  കലി പ്രേരണയാല്‍ തന്റെ ജ്യേഷ്ഠനും രാജാവുമായ നളനെ ചൂതിനു വിളിക്കുന്ന ചെന്നിത്തലയുടെ പുഷ്ക്കരനില്‍ നളനോടുള്ള ഭയവും ബഹുമാനവും, ശക്തനായ കലി തന്റെ കൂടെ ഉണ്ടെന്നുള്ള ധാര്‍ഷ്ട്യവും അതില്‍നിന്നുളവാകുന്ന ധൈര്യവും, ഐശ്വര്യം വരുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്നവന്റെ അല്‍പ്പത്വവും എല്ലാം ഒരുപോലെ സമ്മേളിച്ചിരുന്നു. പുതിയ തലമുറയിലെ കലാകാരന്മാരുടെ പുഷ്കരന്മാരാകട്ടെ , നളനെ ചൂതിനു വിളിക്കുന്ന രംഗം മുതല്‍ അദ്ദേഹത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിച്ചവരെപ്പോലെയാണ് അഭിനയിക്കാറുള്ളത് . ഈ രണ്ടു പുഷ്കരന്മാരില്‍ ആരാണ് ഉണ്ണായിവാര്യരുടെ പുഷ്കരനോട് അടുത്തു നില്‍ക്കുന്നതെന്നു നോക്കാം.

" പുഷ്കരനെന്നുണ്ടേകന്‍ തത്കുലസമുല്‍ഭവന്‍
മുഷ്കരനാക്കേണം നാം സല്‍ക്കരിച്ചവന്‍ തന്നെ"  എന്ന ദ്വാപരന്റെ പദത്തോടെയാണ് ഉണ്ണായി പുഷ്കരനെ നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. ഈ പദത്തെ തുടര്‍ന്നു വരുന്ന ശ്ലോകത്തില്‍ "സ്വാപദേ സ്വയമചോദയജ്ജളം, സ്വാപതേയ ഹരണായ പുഷ്കരം" എന്നു പറഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും മറ്റൊരുവനാല്‍ സല്ക്കരിയ്ക്കപ്പെട്ടാല്‍ മാത്രം കരുത്താര്‍ജ്ജിക്കുന്ന വെറും ജളനായ ഒരു കഥാപാത്രമാണ് നളചരിതത്തിലെ പുഷ്ക്കരന്‍ എന്നു വ്യക്തം. മഹാഭാരതത്തിലെ  'നളോപാഖ്യാന'ത്തിലും ഏതാണ്ടീ വിധത്തിലുള്ള ഒരു പ്രകൃതം തന്നെയാണ് പുഷ്കരന് കല്‍പ്പിച്ചിട്ടുള്ളത്. 

രണ്ടാം ദിവസത്തിലെ " അരികില്‍ വന്നു നിന്നതാരെന്തഭിമതം" എന്ന പദം പുഷ്കരനെന്ന കഥാപാത്രത്തിന്റെ പ്രകൃതം സ്പഷ്ടമായി നമുക്കു കാട്ടിത്തരുന്നതാണ്. ധരണിയിലുള്ള എല്ലാ പരിഷകളും നളനെ ചെന്നുകണ്ട് അവരുടെ കാര്യങ്ങള്‍ സാധിച്ചു പോരുമെന്നും തന്നെ കാണാന്‍ ആരുംതന്നെ വരാറില്ലെന്നും ക്ഷത്രിയനാണെന്ന ഒരു പേരുമാത്രമേ തനിയ്ക്കുള്ളൂ എന്നും മറ്റുമുള്ള കാര്യങ്ങളാണ് പുഷ്ക്കരന്‍ കലി- ദ്വാപരന്മാരോട് വിളമ്പുന്നത്. അപരിചിതരായ രണ്ടുപേരോട് ഇത്രയും കാര്യങ്ങള്‍ അവരെ കണ്ടമാത്രയില്‍ തന്നെ പറയണമെങ്കില്‍, അതു പറയുന്നയാള്‍ ഒരു ബുദ്ധിഹീനനായിരിക്കണം. ഇങ്ങിനെ പറയുന്ന പുഷ്കരനോട്   'ഞാന്‍ കലി, തവ ഞാന്‍ മിത്രം, തസ്യ നാടും ഞാന്‍ തരുന്നു, ചൂതു പൊരുതുക പോരിക' എന്നു കലി പറയുമ്പോള്‍  'മലിനാശയനായ ആ നിഷധ പുഷ്കര ധൂമകേതു' മറ്റൊന്നും ചിന്തിക്കാതെ അതു പ്രവൃത്തിക്കുവാന്‍ ഒരുമ്പെടുക മാത്രമാണ് ഉണ്ടായത്.  കലിപ്രേരണയാല്‍  നളനെ ചൂതിനു വിളിച്ച്, കലിയുടെ സഹായത്തോടെ കള്ളച്ചൂതില്‍ ജയിച്ച് നളന്റെ രാജ്യം കൈക്കലാക്കുകയും ചെയ്തു. അത്രമാത്രം.

പുഷ്കരന്റെ പാത്ര പ്രകൃതി ഇതാകുമ്പോള്‍ നളനെക്കാള്‍ ബലവാനായ, ഭയലേശമില്ലാത്ത ഒരാളായി പുഷ്കരനെ രംഗത്ത് അവതരിപ്പിക്കുന്നതില്‍ ഔചിത്യം ഉണ്ടോ? നളനൊന്നു കയ്യുയര്‍ത്തിയാല്‍ അതിനേക്കാള്‍ ഉയരത്തില്‍ കയ്യുയര്‍ത്തി നളനെ അടിക്കാന്‍ ചെല്ലുന്ന പുഷ്കരന്മാരെയാണ് അടുത്തിട കഥകളി അരങ്ങുകളില്‍ കാണാറുള്ളത്. അരങ്ങില്‍ പ്രവേശിക്കുന്നതു  മുതല്‍ അവിടെ നിന്നും നിഷ്ക്രമിക്കുന്നതുവരെ  ഇവരുടെ പുഷ്ക്കരന്‍ സംഹാരരുദ്രനെ പോലെ അരങ്ങില്‍ താണ്ഡവമാടുകയാണ്. കലിബാധയാല്‍ സ്വപ്രകൃതം മാറി ഊര്‍ജ്ജം കൈവന്ന പുഷ്ക്കരന്‍ ഇങ്ങിനെയൊക്കെ തന്നെയാണ് ആടേണ്ടതെന്നാണവരുടെ പക്ഷം. പക്ഷെ നളചരിതം ആട്ടകഥയില്‍ നളനെയല്ലാതെ, പുഷ്കരനെ കലി ബാധിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ല. കലിയുടെ പ്രേരണയേ പുഷ്കരന് കിട്ടിയിട്ടുള്ളൂ. കലി പ്രേരണയും കലി ബാധയും രണ്ടും രണ്ടാണ്. ഇന്നലെ വരെ നളന്റെ സഹായം കൊണ്ടുമാത്രം ജീവിതം നടത്തിയ, പ്രത്യേകിച്ച് യാതൊരു വ്യക്തിത്വവും കഴിവുമില്ലാത്ത പുഷ്കരന്, പൊടുന്നനെ തന്റെ പ്രകൃതങ്ങള്‍ എങ്ങിനെ കൈവെടിയുവാന്‍ കഴിയും? ആരു പ്രേരിപ്പിച്ചാലും ഒരു പട്ടിക്കത്രവേഗം പുലിയാകാനൊക്കില്ല. നളനെ ചൂതിനു വിളിക്കുന്ന പുഷ്കരനില്‍ നളനോടുള്ള ഭയവും, എന്നാല്‍ കലിയുടെ പ്രേരണയാല്‍ ഉല്‍ഭൂതമാകുന്ന മഹത്വാകാംക്ഷയും അതില്‍നിന്നുളവാകുന്ന ധൈര്യവും ഒരുപോലെ സമ്മേളിക്കണം. ചില നടന്മാരുടെ അനവസരത്തിലുള്ള 'പുഷ്കരരൌദ്രം' കഥാപാത്രത്തിന്റെ പ്രകൃതിക്ക് ഒട്ടും തന്നെ യോജിച്ചതല്ലെന്ന് യശശരീരനായ ശ്രീ. എം. കെ. കെ. നായര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. കലാകോവിദനായ പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഈ വിഷയത്തിലുള്ള (എന്റെ ജീവിതം: അരങ്ങിലും അണിയറയിലും, D.B.Books) അഭിപ്രായങ്ങളും വളരെ ശ്രദ്ധേയമാണ്. 

'ആദ്യം മുതല്‍ എന്റെ പുഷ്ക്കരന്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്ത സമ്പ്രദായത്തിലായിരുന്നു'. ഒരിക്കല്‍ വേഷം കഴിഞ്ഞപ്പോള്‍ നളനായി വേഷമിട്ട ശ്രീമാന്‍. തോട്ടം ശങ്കരന്‍ നമ്പൂതിരി എന്നെ വിളിച്ചു പറഞ്ഞു; ഇങ്ങിനെയാണ്‌ ശരിക്കും ആടേണ്ട രീതി. പുഷ്ക്കരന്‍ ഒരിക്കലും നളനോട് കടുത്ത വൈരാഗ്യ ബുദ്ധി കാണിക്കരുത്. കലിയുടെ പ്രേരണകൊണ്ടു മാത്രമാണ് പുഷ്ക്കരന്‍ രണ്ടും കല്‍പ്പിച്ച് നളനെ ചൂതിനു വിളിച്ചത്. ചൂതിന്റെ ഫലമായി നളന്റെ സര്‍വസ്സവും കൈക്കലാക്കിയത്തിനു ശേഷം കുറച്ചു തന്റെടത്തോടുകൂടി ശാസനാരൂപത്തില്‍ പുഷ്കരനു നളനോടു പെരുമാറാം. അത്രയേ ആകാവൂ. പുഷ്കരന് അപ്പോഴും ഉള്ളില്‍ ഭയം ഉണ്ട്. ആഭയം പുറത്തു കാണിക്കാത്ത പ്രവര്‍ത്തിയേ ചെയ്യാവൂ. ചിലര്‍ കാണിക്കുന്നതുപോലെ നളനെ അടിക്കാനും പിടിക്കാനുമൊക്കെ തുനിഞ്ഞാല്‍, രാജാവായിരിക്കുന്ന നളന്‍ ഭ്രുത്യരെ വിളിച്ചു ' ഇവന്‍ ബോധമില്ലാതെ പുലമ്പുന്നു, ഇവനെ പിടിച്ചു കാരാഗൃഹത്തിലടയ്ക്കൂ' എന്നു കല്‍പ്പിച്ചാല്‍ തല്‍ക്കാലം പുഷ്ക്കരന്‍ തടവിലായതു തന്നെ. ചൂതുകളി കഴിയുന്നതു വരെ നളന്‍ മഹാരാജാവു തന്നെയാണ്. ഇപ്രകാരം തോട്ടം തിരുമേനി എന്നെ പലതും ഉപദേശിച്ചിട്ടുണ്ട്.

അതേ, അതാണ്‌ ഉണ്ണായി കണ്ട പുഷ്ക്കരന്‍. ഉണ്ണായിയുടെ പുഷ്കരനെ തടവിലാക്കുന്ന പ്രവര്‍ത്തികള്‍ അരങ്ങില്‍ ചെയ്യരുത്.  ഈ കലാകേസരികളുടെ വിവേകപൂര്‍വമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ഇന്നത്തെ പുഷ്കരന്മാര്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍!

Wednesday, November 2, 2011

"കൊമ്പും തലയും"

കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ടു കളികള്‍ക്കും സമീപ പ്രദേശങ്ങളിലെ കളികള്‍ക്കും സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്ന നടന്മാരില്‍ ശ്രീ. മങ്കൊമ്പ് ആശാന്‍ പ്രധാനി ആയിരുന്നു. എല്ലാ സ്ത്രീ വേഷങ്ങള്‍ക്ക് പുറമേ സീതാസ്വയംവരത്തില്‍ പരശുരാമന്‍ , സന്താനഗോപാലത്തില്‍ ബ്രാഹ്മണന്‍, കിരാതത്തില്‍ കാട്ടാളന്‍, നളന്‍, പുഷ്ക്കരന്‍, ദുര്യോധനന്‍ , കംസന്‍, ബലഭദ്രന്‍  എന്നീ വേഷങ്ങള്‍ കാണുവാന്‍ അവസരം ധാരാളം ഉണ്ടായിട്ടുണ്ട്.


 തിരുവല്ലയിലും പരിസരങ്ങളിലും  ഇദ്ദേഹത്തിന്റെ  കൂട്ടുവേഷക്കാരന്‍   കൂടുതലും ചെന്നിത്തല ആശാന്‍ ആയിരുന്നു. ഒരു ചില സാഹചര്യം നിമിത്തം കുറച്ചു കാലം  ഇവര്‍ ഒന്നിച്ചുള്ള കൂട്ടുവേഷങ്ങള്‍ ഉണ്ടാകുക കുറഞ്ഞു. അപ്പോള്‍ പല ആസ്വാദകരുടെയും അഭിപ്രായങ്ങള്‍  തലയ്ക്കു മുകളില്‍ കൊമ്പ് ഉണ്ടാകണം (ചെന്നിത്തലയെ "തല" എന്നും മങ്കൊമ്പിനെ "കൊമ്പ് " എന്നും ചിത്രീകരിച്ചു കൊണ്ട് ) എന്നായിരുന്നു.    കൊമ്പ് ഇല്ലാത്ത തലയും,  തല ഇല്ലാത്ത കൊമ്പും ശോഭിക്കില്ല എന്നായിരുന്നു അവരുടെ അഭിപ്രായം.  പലരും ഇരുവര്‍ക്കും ഇതേ അഭിപ്രായം എഴുതി അറിയിക്കുകയും ചെയ്തിരുന്നു. അത്ര കണ്ടു ഇവരുടെ  കൂട്ടു വേഷങ്ങള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നു.


 ഒരിക്കല്‍ മങ്കൊമ്പ് ആശാന് സുഖം ഇല്ലത്തെ ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ ഹൃദയ രോഗം ഉണ്ടെന്നും ഇനി കളിക്ക് വേഷം കേട്ടരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മാനസീകമായി തളര്‍ന്ന മങ്കൊമ്പ് ആശാന്‍ വീട്ടില്‍ വന്നു കിടപ്പായി. അദ്ദേഹം ശരിക്കും ഭയന്നു പോയി. ഏറ്റ പല കളികള്‍ക്കു പോകാതെയായി. വാളകത്ത് ഒരു കളികഴിഞ്ഞ് ചെന്നിത്തല ആശാനും മാത്തൂരും കൂടി ചെങ്ങന്നൂരില്‍ ഉള്ള മങ്കൊമ്പ് ആശാന്റെ വസതിയില്‍ എത്തുമ്പോള്‍ ദീക്ഷ വളര്‍ന്നു വളരെ വികൃത രൂപത്തില്‍ ഇരിക്കുന്ന മങ്കൊമ്പ് ആശാനെയാണ് അവര്‍ക്ക് കാണുവാന്‍ സാധിച്ചത്. മങ്കൊമ്പ് ആശാന്റെ ഈ ദയനീയ അവസ്ഥ കണ്ട ചെന്നിത്തല ആശാന്‍ : " ചേട്ടന്‍ എന്താണ് ഈ കാണിക്കുന്നത്? ആരാണ് പറഞ്ഞത് ചേട്ടന് ഹൃദയ രോഗം ആണെന്ന്?   ചേട്ടന് ഒരു കുഴപ്പവും ഇല്ല. തിരുവല്ലയില്‍ വന്നു ശ്രീവല്ലഭന്റെ മുന്‍പില്‍ ഒരു വേഷം കെട്ടിയാല്‍ ചേട്ടന്റെ എല്ലാ രോഗവും പമ്പ കടക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. എന്നിട്ട് മങ്കൊമ്പ് ആശാന്റെ മകനോട് " ഒരു ബാര്‍ബറെ  കൂട്ടി വാ " എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞു. താമസിയാതെ ബാര്‍ബര്‍ എത്തി. മങ്കൊമ്പ് ആശാന്റെ മുടിയും  വെട്ടി, ഷേവും ചെയ്തു. പിന്നീടു തിരുവല്ലയില്‍ നടന്ന കളിക്ക് കൂട്ടിപ്പോയി ഒരു ബ്രാഹ്മണന്‍ കെട്ടിച്ചു .


 പിന്നീടു മങ്കൊമ്പ് ആശാന് ഒരു  ധൈര്യം വന്നു. വിദഗ്ദനായ ഒരു ഡോക്ടറെ കണ്ടു. ഡോക്ടര്‍ കളിക്ക് പോകുന്നതിനു തടസ്സം ഇല്ല എന്ന്  പറഞ്ഞു. പിന്നീടു ധാരാളം കളികള്‍ക്ക് "കൊമ്പും തലയും"  ഒന്ന് കൂടിയിരുന്നു .