Samithy

Samithy

Sunday, October 31, 2010

ആറാം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ആറാം അനുസ്മരണം 2004 ഒക്ടോബര്‍ 30  ശനിയാഴ്ച വൈകിട്ട് നാലര മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങി. ശ്രീ. കെ.സദാശിവന്‍ പിള്ള (സമിതി എക്സി. അംഗം)  സ്വാഗതം പറഞ്ഞു. ശ്രീ. ജി. ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ശ്രീമതി. സി. എസ്. സുജാത M.P. ( സമിതിയുടെ മുഖ്യ രക്ഷാധികാരി) ഉല്‍ഘാടനം ചെയ്തു. കഥകളി ആചാര്യന്‍ ശ്രീ. മങ്കൊമ്പ് ശിവങ്കരപിള്ള അവര്‍കളെ ചടങ്ങില്‍ ആദരിച്ചു.



മഹാകവി ശ്രീ. മുതുകുളം ശ്രീധര്‍, ശ്രീമതി മറിയാമ്മ  ജോര്‍ജ്ജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), എം. സുകുമാരന്‍ നായര്‍ (സമിതി വൈസ് പ്രസിഡന്റ് ), ശ്രീ. എം. അയ്യപ്പന്‍ നായര്‍ (സമിതി എക്സി. അംഗം) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രീ. വേണാട്ടു എം. ചന്ദ്രശേഖരന്‍ നായര്‍ (സമിതി എക്സി. അംഗം) കൃതജ്ഞത രേഖപ്പെടുത്തി.





തുടര്‍ന്ന് ഏഴു മണിക്ക് കഥകളി കീചകവധം അവതരിപ്പിച്ചു. ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ (കീചകന്‍), ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്  (സൈരന്ധ്രി), ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് (സുദേഷ്ണ), ശ്രീ. തലവടി അരവിന്ദന്‍ (വലലന്‍ ), ശ്രീ. പത്തിയൂര്‍  ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍ (ഗായകര്‍), ശ്രീ.  കലാഭാരതി ഉണ്ണികൃഷ്ണന്‍ (ചെണ്ട ), ശ്രീ. കലാനിലയം വേണുകുട്ടന്‍, ശ്രീ. കലാമണ്ഡലം അച്ചുത വാര്യര്‍ (മദ്ദളം) എന്നിവര്‍ പങ്കെടുത്തു. ഏവൂര്‍ ദേവീ വിലാസം കഥകളി യോഗത്തിന്റെ  ചമയങ്ങളാണ് കളിക്ക് ഉപയോഗിച്ചത്.

അഞ്ചാം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ അഞ്ചാം  അനുസ്മരണം 2003  നവംബര്‍ എട്ടാം തീയതി വൈകിട്ട് നാലര  മണിക്ക്  ഈശ്വര പ്രാര്‍ത്ഥനയോടെ മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍  ആഡിറ്റോറിയത്തില്‍    തുടങ്ങി. സമിതി ട്രഷറര്‍  ജോസ് പവനത്തില്‍ സ്വാഗതവും , സെക്രട്ടറി. എന്‍. വിശ്വനാഥന്‍ നായര്‍ റിപ്പോര്‍ട്ട് വായിക്കുകയും സമിതി പ്രസിഡന്റ്  ശ്രീ. ജി. ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍   ബഹുമാനപ്പെട്ട എം. പിയും സമതിയുടെ രക്ഷാധികാരിയും ആയ ശ്രീ.രമേശ്‌, ചെന്നിത്തല അനുസ്മരണ സമ്മേളനം  ഉത്ഘാടനം ചെയ്തു.    
 (ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു )

പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള അവര്‍കളെ  ബഹുമാനപ്പെട്ട ശ്രീ. എം. മുരളി (എം. എല്‍. എ )  പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള അവര്‍കള്‍ മറുപടി പ്രസംഗം നടത്തി. അപ്പോള്‍ ചെല്ലപ്പന്‍ പിള്ളയുമായി ഉണ്ടായിട്ടുള്ള അരങ്ങിലെ അനുഭവങ്ങളും  കഥകളി അഭ്യാസത്തിനു ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കര്‍ ആശാന്റെ വസതിയിലെ താമസവും     അന്നത്തെ  ചെല്ലപ്പന്‍ പിള്ളയുടെ  കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളും  പങ്കുവെച്ചു.  
പ്രൊഫസര്‍ ശ്രീ. കടമ്മനിട്ട വാസുദേവന്‍ പിള്ള, ശ്രീ. എസ്. ശ്രീനിവാസന്‍. IAS (ലേബര്‍ കമ്മിഷണര്‍) , ശ്രീമതി. മറിയാമ്മ ജോര്‍ജ് (ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )  , ഡോ: വി.ആര്‍. കൃഷ്ണന്‍ നായര്‍ (സമതി. എക്സിക്യൂട്ടീവ് അംഗം) , ശ്രീ.  ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ (സമതി. എക്സിക്യൂട്ടീവ് അംഗം) എന്നിവര്‍  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സമിതി വൈസ് പ്രസി:   ശ്രീ എം. സുകുമാരന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.
                                 ദുര്യോധനനും  ദുശാസനനും 
                   (ധര്‍മ്മപുത്രര്‍, ദുര്യോധനന്‍, ദുശാസനന്‍, ശകുനി)
ഏഴു മണിക്ക് ദുര്യോധനവധം കഥകളി തുടങ്ങി. ശ്രീ. ഗൌരീശപട്ടം ഗിരീന്‍  ദുര്യോധനനായും , നാട്യശാല സുരേഷ് ദുശാസനനായും  ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് കൃഷ്ണനായും   രംഗത്തെത്തി. പാഞ്ചാലി ആയി ശ്രീ. ഓയൂര്‍ രാമചന്ദ്രനും , ശകുനിയായി ശ്രീ. തട്ടയില്‍ ഉണ്ണികൃഷ്ണനും, ധര്‍മ്മപുത്രര്‍ ആയി ശ്രീ.മധു  വാരണാസിയും  രൗദ്രഭീമാനായി ശ്രീ. ചെങ്ങാരപ്പള്ളി
അനുജനും  രംഗത്തെത്തി കളി വിജയിപ്പിച്ചു.
 


                       (രൌദ്രഭീമനും ദുശാസനനും)
ശ്രീ.പത്തിയൂര്‍  ശങ്കരന്‍ കുട്ടിയും  ശ്രീ.കലാമണ്ഡലം   സജീവനും സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, ശ്രീ. കലഭാരതി മുരളി എന്നിവര്‍ ചെണ്ടയും  , ഏവൂര്‍ മധു   മദ്ദളവും  കൈകാര്യം ചെയ്തു. ദേവി വിലാസം കഥകളിയോഗം  മോഴൂര്‍ അണിയറ ഒരുക്കി.  

Sunday, October 24, 2010

പത്താം അനുസ്മരണം

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പത്താമത് അനുസ്മരണം ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയുടെയും കേരള കലാമണ്ഡലത്തിന്റെയും ആഭിമുഖ്യത്തില്‍ 2008, നവംബര്‍ മൂന്നാം തീയതി ചെന്നിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാളില്‍ നടന്നു. രാവിലെ 08:45  ന് കഥകളി ആചാര്യന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 09:00-  മണിക്ക് കേരള കലാമണ്ഡലത്തിന്റെ  ചുമതലയില്‍ ശ്രീ. വെള്ളിനേഴി അച്യുതന്‍ കുട്ടി അവര്‍കള്‍    ഏകദിന കഥകളി ശില്‍പ്പശാല  നയിച്ചു. ശ്രീ. എം. അയ്യപ്പന്‍ നായര്‍ സ്വാഗതം (സമിതി എക്സി: അംഗം ) ചെയ്തു. ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. നാരായണപിള്ള ശില്‍പ്പശാല ഉത്ഘാടനം ചെയ്തു. 09:30  മുതല്‍  വൈകിട്ട് ആറു മണിവരെ സോദാഹരണ പ്രഭാഷണങ്ങള്‍,  സംശയ നിവാരണം, ചോദ്യാവലികള്‍ എന്നിവ നടത്തി. മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ കുട്ടികള്‍ ശില്‍പ്പശാലയില്‍ വളരെ  താല്‍പ്പര്യത്തോടെ പങ്കെടുത്തു. 
                              കലാമണ്ഡലം നടത്തിയ കഥകളി ശില്‍പ്പശാല

വൈകിട്ട് ആറര മണിക്ക്   ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം സമിതിയുടെ രക്ഷാധികാരി ശ്രീ. എം.മുരളിയുടെ  (എം. എല്‍. എ) അദ്ധ്യക്ഷതയില്‍ അനുസ്മരണ ചടങ്ങുകള്‍ തുടങ്ങി. സമിതി പ്രസിഡന്റ് ശ്രീ.ജി. ഗംഗാധരന്‍ നായര്‍ സദസ്സിനെ  സ്വാഗതം ചെയ്തു. അനുസ്മരണ സമ്മേളനം മുഖ്യ രക്ഷാധികാരി ശ്രീമതി. സി. എസ്. സുജാത (എം. പി) ഉത്ഘാടനം ചെയ്തു. ശ്രീ. കെ. രഘുനാഥ് (സമിതി എക്സി:അംഗം) ഗുരു പ്രണാമം അര്‍പ്പിച്ചു.   ശ്രീ. എം.മുരളി (എം. എല്‍. എ) പ്രസിദ്ധ കഥകളി നടന്‍ ശ്രീ. തലവടി അരവിന്ദന്‍ അവര്‍കളെ ആദരിച്ചു. ശ്രീ. തലവടി അരവിന്ദന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.  സമിതി സെക്രട്ടറി ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍, കലാമണ്ഡലം നൂറരങ്ങു പരിപാടിയുടെ ഭാഗമായി പ്രാദേശിക കലാ പ്രതിഭാ പ്രണാമം ചെയ്തു. പ്രാദേശിക കലാ പ്രതിഭകളായ ശ്രീമതി. വാലില്‍ അമ്മിണി, ശ്രീ. എം. കൊച്ചു തെക്കേതില്‍ (നാടകം), ശ്രീ. ചെന്നിത്തല  ഭാസ്കരന്‍ നായര്‍ ( ഡാന്‍സ് ), ഡോ: വി. ആര്‍. കൃഷ്ണന്‍ നായര്‍ (സാഹിത്യം) എന്നിവരെ ശ്രീമതി. ശ്രീമതി. സി. എസ്. സുജാത (എം. പി) പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ. എം. സുകുമാരന്‍ നായര്‍ (സമിതി വൈസ്  പ്രസിഡന്റ്) കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് കേരള കലാമണ്ഡലം നൂറരങ്ങു ടീമിന്റെ  ഉത്തരാസ്വയംവരം കഥകളി അവതരിപ്പിച്ചു. 

Saturday, October 23, 2010

എട്ടാം അനുസ്മരണം

 ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ എട്ടാം സ്മരണദിനം 2006 നവംബര്‍ 12, ഞായറാഴ്ച , ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.  ഉച്ചക്ക് രണ്ടു മണിക്ക്
ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ചെയര്‍, മഹാത്മാ ഗേള്‍സ്‌ ഗേള്‍സ്‌ ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ കഥകളി ആചാര്യന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.


മൂന്നു  മണി മുതല്‍ അഞ്ചു മണിവരെ ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ - സാംസ്‌കാരിക സമിതിയുംചെന്നിത്തല ചെല്ലപ്പന്‍ പിള്ള ചെയറും സംയുക്തമായി കഥകളി പഠന ആസ്വാദന കളരി നടത്തി( വിഷയം: കഥകളിയും തുള്ളലും - കേരളീയ തനതുകലകള്‍)
ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ശ്രീ.എന്‍. വിഷ്ണു നമ്പുതിരി ( സമിതി എക്സിക്യൂട്ടിവ് അംഗം ) സ്വാഗതം പറഞ്ഞു.  ശ്രീ. പി.വി.  അശോക്, ചെന്നിത്തല ( പ്രസിഡന്റ് , മാനേജിംഗ്  കമ്മിറ്റി) യുടെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. പ്രൊഫ: (ഡോ:) അമ്പലപ്പുഴ ഗോപകുമാര്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ശ്രീ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍   (മാനേജര്‍, മഹാത്മാ ഹൈസ്കൂള്‍ ) ആമുഖ പ്രഭാഷണം നടത്തി.  പ്രസിദ്ധ കഥകളി നടന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ആസ്വാദന കളരി നയിച്ചു.  
ശ്രീ. എന്‍ .ഗംഗാധരന്‍ നായര്‍, ശ്രീ. പുത്തില്ലം നാരായണന്‍
നമ്പൂതിരി (H.M, M.G.H.S), ശ്രീമതി. രമാദേവി (H.M, M.B.H.S), ശ്രീ. എം. അയ്യപ്പന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.


വൈകിട്ട് അഞ്ചു മണിക്ക്  അനുസ്മരണ സായാഹ്നം തുടങ്ങി. സമിതി പ്രസിഡന്റ് ശ്രീ. ശ്രീ.ജി. ഗംഗാധരന്‍ നായര്‍ അവര്‍കളുടെ അദ്ധ്യക്ഷത വഹിച്ചു.   ഡോ: വി. ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി എക്സി. അംഗം)  സദസ്സിനെ സ്വാഗതം ചെയ്തു. ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍ ( സമിതി സെക്രട്ടറി ) റിപ്പോര്‍ട്ട് വായിച്ചു. അനുസ്മരണ സമ്മേളനം  മുഖ്യ രക്ഷാധികാരി  ശ്രീമതി. സി.എസ്. സുജാത (എം. പി.) ഉത്ഘാടനം ചെയ്തു. സമിതി എക്സി. അംഗം  ശ്രീ. കെ. രഘുനാഥ് ഗുരുപ്രണാമം അര്‍പ്പിച്ചു. സുപ്രസിദ്ധ കഥകളി നടന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കളെ  ശ്രീ. എം. മുരളി. M.L.A (സമിതി രക്ഷാധികാരി) പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി,പ്രൊഫ : (ഡോ) അമ്പലപ്പുഴ ഗോപകുമാര്‍, ശ്രീ. കെ. നാരായണപിള്ള  (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  & സമിതി ജോ: സെക്രട്ടറി), ശ്രീ. കെ. സാദാശിവന്‍ പിള്ള  (സമിതി എക്സി. അംഗം & ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ), ശ്രീ. എം.സുകുമാരന്‍ നായര്‍ (സമിതി വൈ: പ്രസിഡന്റ് ) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രീ.വേണാട്ട് ആര്‍. ചന്ദ്രശേഖരന്‍ നായര്‍   (സമിതി എക്സി. അംഗം) കൃതജ്ഞത പ്രകടിപ്പിച്ചു. തുടര്‍ന്ന് നളചരിതം രണ്ടാം ദിവസം കഥകളി അവതരിപ്പിച്ചു. 





                                           നളനും ദമയന്തിയും

                                          ഇന്ദ്രന്‍ ,കലി, ദ്വാപരന്‍


                     

                                          നളനും (  പീതാംബരന്‍ )പുഷ്കരനും (മോഴൂര്‍)

                                           ദമയന്തി, നളന്‍, പുഷ്ക്കരന്‍

                                                     
                                   (കാട്ടാളന്‍: ശ്രീ. ഗൌരീപട്ടം ഗിരീന്‍) 
                                    


ശ്രീ. തോന്നക്കല്‍ പീതാംബരന്‍ (നളന്‍), ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്‌ (ദമയന്തി), ശ്രീ. തലവടി അരവിന്ദന്‍ (കലി), ശ്രീ. നാട്യശാല കല്യാണ്‍ കൃഷ്ണന്‍ (ദ്വാപരന്‍), മധു വാരണാസി (ഇന്ദ്രന്‍ ), ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥ് (പുഷ്ക്കരന്‍), ശ്രീ. ഗൌരീശപട്ടം ഗിരീശന്‍ (കാട്ടാളന്‍) എന്നീ നടന്മാരും ശ്രീ. കലാമണ്ഡലം   ബാലചന്ദ്രന്‍, ശ്രീ. കലാനിലയം സിനു , ശ്രീ. മംഗളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം ശിവദാസന്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുത വാരിയര്‍ മദ്ദളവും  ശ്രീ. നാട്യശാല സതീഷ്‌, ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍ എന്നിവര്‍ ചുട്ടിയും കൈകാര്യം ചെയ്തു.  തിരുവനന്തപുരം നാട്യശാല കഥകളി സംഘത്തിന്റെ കഥകളി കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 
                                         

 

                                       












 






                    
                         








Friday, October 22, 2010

ഒന്നാം അനുസ്മരണം

ചെന്നിത്തലയുടെ അഭിമാന ഭാജനവും കഥകളി ലോകത്തെ ആദരണീയ വ്യക്തിയും ആയിരുന്ന  അനശ്വര കലാകാരന്‍ ശ്രീ.
ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ഒന്നാം അനുസ്മരണം 1999 ഒക്ടോബര്‍ 31- ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക്  ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയുടെ ഔപചാരിക ഉല്‍ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ.  ശ്രീ. എം. മുരളി  വൈകിട്ട് ഏഴു മണിക്ക്  ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.  ഈശ്വര പ്രാര്‍ത്ഥനക്ക്  ശേഷം ശ്രീ. വി.കെ. രാജപ്പന്‍ നായര്‍ (സമിതി പ്രസിഡന്റ്) അവര്‍കളുടെ  അദ്ധ്യക്ഷതയില്‍  യോഗം ആരംഭിച്ചു.  കെ. രഘുനാഥ് ( സമിതി സെക്രട്ടറി) സ്വാഗതം പറഞ്ഞു. സമ്മേളനം ഉല്‍ഘാടനം ചെയ്തത് ബഹുമാനപ്പെട്ട  എം. പി. ശ്രീ. രമേശ്‌, ചെന്നിത്തലയാണ്. 
ശ്രീ. എം. മുരളി(MLA), ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള (കഥകളി ആചാര്യന്‍), ശ്രീ.രാജന്‍ മൂലവീട്ടില്‍ (ബി.ജെ.പി. ജില്ലാ പ്രസിഡന്റ്),  ശ്രീ. ശിവന്‍ ആചാരി (CPI.M LC സെക്രട്ടറി), വേണാട്ടു ആര്‍. ചന്ദ്രശേഖരന്‍ നായര്‍ (ചെന്നിത്തല തുപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (കഥകളി നടന്‍ ), ശ്രീ. RRC. വര്‍മ്മ (കഥകളി ആസ്വാദക സംഘം, മാവേലിക്കര) എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

കൃത്യം ഏഴു മണിക്ക് കര്‍ണ്ണശപഥം കഥകളി  ആരംഭിച്ചു. ദുര്യോധനനായി ശ്രീ. തലവടി അരവിന്ദനും, ഭാനുമതിയായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും   ദുശ്സാസനനായി  ശ്രീ. തിരുവല്ല ബാബുവും കര്‍ണ്ണനായി  ശ്രീ. തോന്നക്കല്‍ പീതാംബരനും കുന്തിയായി ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയും രംഗത്തെത്തി.

          
                           ദുശാസനന്‍, ദുര്യോധനന്‍, കര്‍ണ്ണന്‍ 
 ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍ സംഗീതവും ശ്രീ. വാരണാസി സഹോദരന്മാര്‍ മേളവും കൈകാര്യം ചെയ്തു. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം വക കോപ്പുകള്‍ ആണ് കഥകളിക്കു ഉപയോഗിച്ചത്. 

Friday, October 15, 2010

ഗുരു. ചെങ്ങന്നൂരും ശിഷ്യന്മാരും





                                 (ഇരിക്കുന്നത് ) ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള  

(ഇടതു നിന്നും നില്‍ക്കുന്നത്) ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള,

                       ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള, ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍.

Tuesday, October 12, 2010

ശ്രീ. ഗുരു. കുഞ്ചുകുറുപ്പ്


ഗുരു. കുഞ്ചുകുറുപ്പ് ആശാന്‍ സിംഹം എന്ന കഥകളി മുദ്രയില്‍

Wednesday, October 6, 2010

മംഗളോപഹാരം


    
 കഥകളിക്കു 1991 - ലെ കേന്ദ്ര സംഗീത നാടക അക്കാദമി
അവാര്‍ഡ്‌ ലഭിച്ച ശ്രീ. ചെന്നിത്തല
ചെല്ലപ്പന്‍പിള്ളക്ക്                      നല്‍കുന്ന മംഗളോപഹാരം
                         
 
ഭാവം തിങ്ങിത്തിളങ്ങും കഥകളി നഭസ്സിൽ ശാരദേന്ദു സമാനം!
നൂനം ശോഭിക്കുമെന്നും നടന ചതുരനായെങ്ങുമെൻ ചെന്നിത്തലേ”!
ഉന്നം തെറ്റാത്തൊരാംഗ്യം ചടുല ചലനവും ഭംഗിയേറുന്ന നാട്യം!
മിന്നും മുദ്രയ്ക്കിണങ്ങും നവരസമമൃതം തങ്ങിടുന്നർണ്ണവം നീ!

നൃത്തം നൃത്യാദി നാട്യജ്ജലനിധിമഥനേ ലഭ്യമാം പീയുഷവും
ഒട്ടും ചോരാതെ നിത്യം നലമൊടുപരിചിൽ ശിഷ്യവൃന്ദത്തിനേകി
വിദ്യാദാഹം കെടുത്യോരിഹതവസവിധം തേടിവന്നോരവാർഡി
ന്നൗന്നിത്യം പാർക്കിലാഹാ! വിധിമതമഖിലം പൂർവ്വജന്മാർജ്ജിതം താൻ!

ലോകം പ്രാർത്ഥിക്കയാലേ! ഗുരുകുലപതിയായ് സാർവ്വഭൗമൻ വരേണ്യൻ!
ഏകൻ ഗന്ധർവ്വശ്രേഷ്ഠൻ! കവിവരനതുലൻ ജാതനായ് ചെന്നിത്തലെ.
നാകംപൂകീട്ടുപൂർവ്വൻ കലകളിലമരർക്കുമാചാര്യനായ് നടി-
ച്ചാകും മട്ടങ്ങുനിന്നിങ്ങഭയമരുളിടുന്നങ്ങിലാനന്ദപൂർവ്വം!

വർണ്ണിപ്പാനാർക്കുമാകാ‚ നടനകുശലനാം പൂർവജന്റക്രൂരനൗ
വണ്ണംതന്നെയാണന്നം ബൃഹന്ദളവലലൻകാട്ടാള സാന്ദീപനീം!
എണ്ണപ്പെട്ടോരിവർക്കായ് പുനരപിജനനം നൽകിയോരാചാര്യനിന്നും
വർണ്ണം മങ്ങാതെനിൽപ്പൂ കലയുടെ സരസ്സിൽ പൂത്തോരിന്ദീവരം പോൽ!
ചാർത്തുന്നാപാദചൂഡം കലയുടെയലരാൽതീർത്തതാംഹാരമാര്യൻ!
തീർത്തും തന്നോളമെത്താൻ ചെറുമകനിലെഴും സ്നേഹവാത്സ്യല്യമാണി–
ക്കീർത്തിക്കൊക്കെത്തുടക്കം നടനതിലകമേഭാവുകം തന്നെ പാർത്താൽ!
പേർത്തും പൂജിക്കും ഹൃത്തിൽ കുലപതി ഗുരുവിൻ പാദപങ്കേരുഹങ്ങൾ!

തുംഗം ശ്രീരംഗമെന്നും നടനവിലസിതം പാർവതീ” കേളീരംഗം!
പൊങ്ങും സ്നേഹാതിരേകസ്സുകൃതചഷകമാംതാവകം മാതൃഭാവം.
സാരം ഹാ! ത്വൽപ്രഭാവപ്രഭയതിൽ മുഴുകും ഭാഗ്യവാരാശിയാം നൽ
ഹീരം താനമ്മയത്രേ! അകമിഴിമിഴിപ്പാൻ മാർഗ്ഗദീപം തെളിച്ചോൾ!

നേരുന്നൂ മംഗളം തേ! ഭവതുചിരസുഖം വാഴ്ക നീണാൾ ഭവാനിൽ
ചേരുന്നീ കീർത്തിമുദ്രയ്ക്കുപമബതനഹീ നാട്യ രംഗത്തുവേറെ
സ്വാദിൽ നാട്യപ്രപഞ്ചം നവരസമിളിതം നേത്രയുഗ്മേ രചിക്കും
നീതന്നംഗുലിത്തുമ്പിൽ വിരിയുമിനി ശതം പത്മ മുദ്രാ ദളങ്ങൾ!
************************************************************************
                         
                            ആശംസകള്‍
                                                           സ്നേഹപുരസ്സരം
                                              ഡാന്‍സര്‍. ഓച്ചിറ ശങ്കരന്‍ കുട്ടി
ഓച്ചിറ 
6-11-1991

                                                                                                  
                                     (പൂര്‍വജന്‍: ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍ ,
                                             ചെല്ലപ്പന്‍ പിള്ളയുടെ മുത്തച്ഛന്‍.)

                                         (ശ്രീരംഗം: ചെല്ലപ്പന്‍ പിള്ളയുടെ ഭവനം.)

                 (“പാർവതീ”  ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ മകൾ, 
                                ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മാതാവ് )

Monday, October 4, 2010

പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മയുടെ അനുസ്മരണം


കഥകളി പ്രേമികള്‍ക്ക് അതി പ്രിയങ്കരന്‍ ആയിരുന്ന ശ്രീ.
ചെന്നിത്തല ചെല്ലപ്പന്‍ പിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ടു അധികം നാളുകളായിട്ടില്ല (31-10-1998).  കഥകളിയിലെ ചില രംഗങ്ങള്‍ കാണുമ്പോള്‍ അവര്‍ അദ്ദേഹത്തെ ഓര്‍ക്കാതിരിക്കുകയില്ല. അദ്ദേഹം കെട്ടിയിരുന്ന വേഷങ്ങള്‍ പലതും അതേ നിലവാരത്തിലും തന്മയത്വത്തിലും കെട്ടിയാടി ഫലിപ്പിക്കുവാന്‍ ഇന്നു മറ്റൊരു നടനും കഴിയുന്നില്ലാ എന്ന വാസ്തവം ചെന്നിത്തലയുടെ സ്മരണയെ ഉദ്ദീപിക്കുന്നു.
 

കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന് ശേഷം ഹംസത്തെ അതി വിദഗ്ദമായി അവതരിപ്പിച്ചു പോന്ന രണ്ടു നടന്മാരാണ് ഓയൂര്‍ കൊച്ചുഗോവിന്ദ പിള്ളയും ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയും. രണ്ടു പേര്‍ക്കും പണിക്കര്‍ ആശാനോട് വിധേയത്വം ഉണ്ട്. ഔചിത്യതിലും  മനോധര്‍മ്മത്തിലും  രസികത്വത്തിലും ഇവര്‍ രണ്ടുപേരും ഏതാണ്ട് അതേ നിലവാരവും ശൈലിയും കാത്തു സൂക്ഷിച്ചു. ഒയൂരിന്റെ വേഷത്തിനു ഒതുക്കവും അഭിനയത്തിന് മിതത്വവും ഏറും. ചുറു ചുറുക്കും ചില പൊടിക്കൈകള്‍ കൊണ്ടുള്ള പ്രയോഗവും മനോധര്‍മ്മ വിലാസവും കൊണ്ട് ചെന്നിത്തലയും പ്രേക്ഷകപ്രീതി നേടി. പ്രസരിപ്പ് മറ്റ് അധികം നടന്മാരില്‍ കണ്ടിട്ടില്ല. വീരരസത്തിനു ഏറ്റവും അനുയോജ്യമാണത്‌.  

ഹംസം മാത്രമല്ല, കഥകളിയില്‍ പച്ച, കരി, മിനുക്ക്‌ എന്നീ വിഭാഗങ്ങളില്‍ പെട്ട പ്രധാന വേഷങ്ങളെല്ലാം വളരെ ഹൃദ്യമായി ചെല്ലപ്പന്‍ പിള്ള അവതരിപ്പിച്ചിരുന്നു. അദ്ദേഹം കെട്ടിയ നിഴല്‍കുത്തിലെ മന്ത്രവാദി കഥകളി പ്രേമികള്‍ക്ക് ഒരു ഹരം ആയിരുന്നു. കിരാതത്തിലെയും സന്താനഗോപലത്തിലെയും അര്‍ജുനന്‍, ബകവധത്തിലെയും കല്യാണ സൌഗന്ധികത്തിലെയും  ഭീമസേനന്‍, നളചരിതത്തിലെ പുഷ്ക്കരന്‍, ദേവയാനിചരിതത്തിലെ കചന്‍, ഹരിച്ചന്ദ്രചരിതത്തിലെ ഹരിചന്ദ്രന്‍, കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍, എല്ലാ കഥകളിലെയും ശ്രീകൃഷ്ണന്‍, ശ്രീരാമന്‍  എന്നിവയെല്ലാം കേള്‍വികേട്ട പച്ച വേഷങ്ങളില്‍പെടും.  

ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ളയോടൊപ്പം ഒരിക്കല്‍  കോട്ടയം സി. എം. സി. കോളേജില്‍ വെച്ച് നടന്ന കഥകളിയില്‍ ചെന്നിത്തല പങ്കെടുക്കുകയുണ്ടായി.  ചെന്നിത്തലയുടെ ഗുരുനാഥന്‍ കൂടിയാണ് ചെങ്ങന്നൂര്‍. ആശാന്റെ ഹനുമാനും ശിഷ്യന്റെ ഭീമസേനനും ശ്രീ. എം.കെ.കെ. നായര്‍, ആ കല്യാണ സൌഗന്ധികം തീരുന്നതുവരെ അത്യധികം ആസ്വദിച്ചുകൊണ്ട് മുന്‍നിരയില്‍ഇരിപ്പുണ്ടായിരുന്നു. 

ഒരിക്കല്‍ തിരുനക്കര മഹാദേവക്ഷേത്രസന്നിധിയില്‍ വെച്ചു നടന്ന കഥകളിയില്‍ സീതാ സ്വയംവരത്തില്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെ പരശുരാമനും ചെന്നിത്തലയുടെ ശ്രീരാമനും ആയിരുന്നു. ചെല്ലപ്പന്‍ പിള്ളയുടെ ആട്ടത്തിന് ആയിരുന്നു ആന്നു സദസ്യരില്‍ നിന്നും കൂടുതല്‍ കയ്യടി കിട്ടിയത്.
കൃഷ്ണന്‍നായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പന്‍ പിള്ളയുടെ പുഷ്ക്കരന്‍ അരങ്ങത്ത് വരുന്നതായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം.ചെല്ലപ്പന്‍ പിള്ളയുടെ അഭിനയത്തെ പറ്റി അത്ര മതിപ്പായിരുന്നു കൃഷ്ണന്‍നായര്‍ക്ക്. 

ചെന്നിത്തലയുടെ കത്തി വേഷങ്ങളില്‍ കൂടുതല്‍ ജന പ്രീതിയാര്‍ജ്ജിച്ചത് ദുര്യോധനന്‍ ആയിരുന്നു. എന്നാല്‍ അപൂര്‍വമായിട്ടേ അദ്ദേഹത്തിന് അത്  കെട്ടാന്‍ അവസരം
ലഭിച്ചിരുന്നുള്ളൂ. 

ചെല്ലപ്പന്‍ പിള്ളയുടെ കരിവേഷങ്ങളില്‍  നളരിതത്തില്‍ കാട്ടാളനും കിരാതത്തില്‍ കാട്ടാളനും എടുത്തു പറയത്തക്ക  വേഷങ്ങള്‍ ആണ്. സ്ത്രീ വേഷങ്ങള്‍ ഒഴിച്ചുള്ള എല്ലാ മിനുക്ക്‌ വേഷങ്ങളും അദ്ദേഹത്തിന് ഇണങ്ങും. മാതലി, വലലന്‍, നാരദന്‍സുദേവന്‍സുന്ദര ബ്രാഹ്മണന്‍ മുതലായ
കഥാപാത്രങ്ങള്‍ എല്ലാം ചെല്ലപ്പന്‍ പിള്ളയുടെ അഭിനയ ചാതുരിയില്‍ ഭദ്രമായിരുന്നു. വീരം, രൌദ്രം, കരുണം,
ഭക്തി എന്നീ രസങ്ങളുടെ പ്രകാശനത്തിലാണ്  ചെല്ലപ്പന്‍ പിള്ളയുടെ പാടവം കൂടുതല്‍ പ്രകടമാവുക. ഹംസ വിലാപത്തിലും ദുര്യോധനന്റെ മുന്‍പില്‍ നിസ്സഹായനായി നിന്നു വിഷമിക്കുന്ന മന്ത്രവാദിയുടെ ദൈന്യതിലും സ്പുരിക്കുന്ന ശോകം ഹൃദയാവര്‍ജ്ജകമത്രേ. അദ്ദേഹത്തിന്റെ അക്രൂരനില്‍ വഴിഞ്ഞൊഴുകുന്ന ഭക്തിയും അതുപോലെ തന്നെ ഹൃദയ സ്പര്‍ശിയാണ്.

1924 മേയ്  7- നു ചെന്നിത്തല ഓതറ വീട്ടില്‍ കൃഷ്ണ പണിക്കരുടെയും പാര്‍വതി അമ്മയുടെയും മകനായി ജനിച്ച ചെല്ലപ്പന്‍ പിള്ളക്ക് വാര്‍ദ്ധക്ക്യത്തിലും നല്ല പ്രസരിപ്പായിരുന്നു. ഒടുവില്‍ ഹൃദ്രോഗമാണ് അദ്ദേഹത്തെ അപഹരിച്ചത്. ആരോഗ്യ ദൃഡഗാത്രനായിരുന്ന അദ്ദേഹത്തിന് ഈ രോഗം വന്നു ചേര്‍ന്നത്‌ ദുര്‍വിധിയെന്നേ പറയേണ്ടൂ. എങ്കിലും അരനൂറ്റാണ്ടില്‍ അദ്ദേഹം കഥകളി രംഗത്ത് നിറഞ്ഞു നിന്നു. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, എന്നീ സ്ഥാപനങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തിന് അവാര്‍ഡുകളും മറ്റു പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്. ഫാക്റ്റ് കഥകളി സംഘത്തോടൊപ്പം വിദേശ പര്യടനം നടത്തുവാന്‍ ഉള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.
 
മഹാനായിരുന്ന ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ ദൌഹിത്രനെന്ന നിലയില്‍ ഒരു വലിയ പാരമ്പര്യത്തിന്റെ അവകാശി കൂടിയാണ് ചെല്ലപ്പന്‍ പിള്ള.  മാതാമഹന്‍ ആയ കൊച്ചുപിള്ള പണിക്കര്‍ തന്നെയാണ് ചെല്ലപ്പന്‍ പിള്ളയുടെ പ്രഥമ ഗുരു. പിന്നീട് ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ ശിഷ്യത്വത്തില്‍ ചെല്ലപ്പന്‍ പിള്ളയുടെ കലാപാടവം പൂര്‍വാധികം സമുജ്വലവും സുഘടിതവുമായി. പ്രഗല്‍ഭ നടനായിരുന്ന മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ശിഷ്യത്വവും  ചെല്ലപ്പന്‍ പിള്ളക്ക് സിദ്ധിച്ചിട്ടുണ്ട്. അങ്ങിനെ ജന്മസിദ്ധമായ കലാവാസനയോടൊപ്പം വിദഗ്ദ പരിശീലനവും കൂടി ലഭിച്ചപ്പോള്‍ ചെല്ലപ്പന്‍ പിള്ള കഥകളി ലോകത്തിലെ സുസമ്മതനായ ഒരു നടനായി ഉയര്‍ന്നു. നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമം കൊണ്ട്  ചെല്ലപ്പന്‍ പിള്ള കലാവൈഭവത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്തു. അഭ്യാസബലം, അഭിനയപാടവം, മനോധര്‍മ്മ ചാതുരി, വിവിധ വിഭാഗങ്ങളില്‍ പെടുന്ന വേഷങ്ങള്‍ കെട്ടി അതീവ തന്മയമായി ഫലിപ്പിക്കാനുള്ള സാമര്‍ത്ഥ്യം  സര്‍വ്വോപരി ഒരു കലാകാരന് വേണ്ട വിനയാദി സത്ഗുണങ്ങള്‍  മുതലായവ കൊണ്ട് അനുഗ്രഹീതനായിരുന്നു ചെല്ലപ്പന്‍ പിള്ള. കഥകളിക്കു ഒരു തീരാ നഷ്ടമാണ്  നടന്റെ നിര്യാണം മൂലം സംഭവിച്ചത്.